കവിത 

രണ്ട് കവിതകള്‍: പ്രസന്ന വര്‍മ്മയുടെ കവിതകള്‍

പ്രസന്ന വര്‍മ്മ

1

അശരീരി 


ഒരു പെരുങ്കാടിനെയൊന്നാകെ 
ഒരൊറ്റമരത്തില്‍ ഭൂമി 
കുരുക്കിയിട്ടപ്പോഴാവണം 
നീയെന്ന ആല്‍മരമുണ്ടായത് 

ജീവിതപാഠങ്ങളുടെ കനത്ത ജടവേരുകള്‍ 
മൗനമുറഞ്ഞു തൂങ്ങുന്നതും
ശാന്തമായ നിന്റെ തണുപ്പില്‍ 
കാലം കണ്ണടച്ചുറങ്ങുന്നതും 
കോടാനുകോടി ജീവജാലങ്ങള്‍ 
നിന്നുടലില്‍ അരിച്ചുനീങ്ങുന്നതും 

എനിക്കു കാണാനാവുന്നുണ്ട് 

പക്ഷേ,

അതെന്നെ 
കാറ്റല്ലാതാക്കുന്നതെങ്ങനെ?

നിന്നിലൂടെ കടന്നുപോകാനല്ലാതെ 
നിന്നില്‍ അവസാനിക്കുവാന്‍ 
എനിക്കാകുന്നതെങ്ങനെ?

ഇലകള്‍ പൊഴിക്കുവാനല്ലാതെ 
പൂക്കള്‍ വിടര്‍ത്തുവാന്‍ 
ഞാന്‍ പഠിക്കുന്നതെങ്ങനെ?

ചിറകുകളുടെ നിസ്സഹായതയെ 
നീ 
സ്വാതന്ത്ര്യമെന്നു വിളിച്ചതെങ്ങനെ?

2

ഇഴജന്മം 

ഒച്ച് ഓടാറില്ല
നടക്കാറുമില്ല
ഇഴയലുകളാണ് ഒച്ച്

എത്തേണ്ടിടം മറന്നതുകൊണ്ട്
നിര്‍ത്താനാകാത്ത ഇഴയലുകള്‍
തിരിഞ്ഞുനോക്കാന്‍
സമയമെടുക്കുമെന്നതിനാല്‍
അളക്കാനാകാത്ത ഇഴയലുകള്‍

ഒരുനുള്ളു പ്രണയത്തിന്റെ ഉപ്പുരസംകൊണ്ട് ആര്‍ക്കും
അലിയിച്ച്  അവസാനിപ്പിക്കാനാവുന്ന ഇഴയലുകള്‍

ഇഴഞ്ഞിരുന്നു എന്നതിന്റെ ഓര്‍മ്മയ്ക്കു
ചുറ്റും ചൂഴ്ന്ന ചുമരുകളില്‍
തളര്‍ന്ന വെള്ളിനൂല്‍ വരയെഴുത്താണ് ഒച്ച്

വായിക്കാന്‍ മെനക്കെടേണ്ട
ഇഴച്ചിലിന്റെ ഭാഷ
ഓടുന്നവര്‍ക്കു വഴങ്ങില്ല
നടക്കുന്നവര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി