കവിത 

'തുഗ്ലക്കാബാദ് 26'- അനു പാപ്പച്ചന്‍ എഴുതിയ കവിത

അനു പാപ്പച്ചന്‍

1

ധാബകളുടെ അടുപ്പുകളില്‍
കനലുകെട്ട രാത്രിഗലികളില്‍
ഇടവഴി ഇടുക്കങ്ങളില്‍
നിലവിളികള്‍ ചിതറിച്ച്
ഒഴിഞ്ഞ കൂരകള്‍
പ്രാണന്‍ വെടിഞ്ഞു.

കറക്കിക്കറക്കി ശ്വാസം മുരളുന്ന
സൈക്കിള്‍ റിക്ഷയുടെ കിതപ്പ്
ചാരിനിര്‍ത്തിയിറങ്ങി
നഗരത്തിന്റെ തേഞ്ഞ പാദങ്ങള്‍.
തെരുവിളക്കിന്‍ മഞ്ഞയോളങ്ങളില്‍
ചുമരുകളില്‍ ഒഴുകി
കുഞ്ഞുങ്ങളുടെ വരവഞ്ചികള്‍

വിതുമ്പിക്കരയുന്ന ദാദിമാരുടെ
കഥകളിലെ കടുംനീലയില്‍
കടലിലേക്കൊഴുകും പുഴയിലേക്ക്...

ഇരുമ്പഴകളില്‍ കോര്‍ത്ത
കുഞ്ഞുപാവാടകളില്‍
പിന്നിയ കാലം.

2

ഉണക്കച്ചാണകത്തറയില്‍ കുത്തിയിരുന്ന്
സഞ്ചികള്‍ നിറച്ചു എന്റെ പെണ്ണ്
നനച്ചും കുത്തിപ്പിഴിഞ്ഞും
ഉടഞ്ഞ ചേലയില്‍,
കറുപ്പൂര്‍ന്ന മുടിയിഴകളില്‍
പകലന്തിയലച്ചിലിന്റെ
ഒട്ടലുമായി കാറ്റ്.
പണിയെടുക്കുന്ന അടുക്കളകളിലെ
പുളിപ്പിച്ച മാവ്, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്,
സൂര്യകാന്തിയെണ്ണ, അരിഞ്ഞ പച്ചക്കറികള്‍
മണങ്ങള്‍ നിറയ്ക്കുന്നു ഓര്‍മ്മക്കെട്ടുകളില്‍.

കണ്ണുകള്‍ തരാതെ
റൊട്ടിയില്‍ ദാലൊഴിച്ച്
മെലിഞ്ഞുന്തിയ കൈമുട്ടുകള്‍ മടക്കി
വയറ്റിലെ മൂളിച്ചയമര്‍ത്തിയവള്‍
കുന്തുകാലിലിരുന്നപ്പോള്‍
ഗോതമ്പുപാടത്തില്‍ സൂര്യനുദിച്ചിരുന്ന
പൊക്കിള്‍ ഞാനോര്‍ത്തു പോയി.

തൂവലുകള്‍ കോതി കൊക്കമര്‍ത്തുമ്പോള്‍
വയല്‍ക്കിളികളിലൊന്നായി ചിറകിട്ടടിച്ചവള്‍...

വെള്ളം കട്ടെടുക്കേണ്ടും വരള്‍ച്ചയില്‍
മഞ്ഞപ്പറവകളോടൊപ്പം
നാടുവിട്ടു ഞങ്ങളും.

ബേട്ടിമാര്‍ കാലൂര്‍ത്തിയിട്ട
ഇടുപ്പുകളുടെ മടക്കുകളില്‍
ചുങ്ങിക്കിടക്കുന്നു കടന്നെത്തിയ ദൂരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍