കവിത 

'പുസ്തകങ്ങള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

ദേശമംഗലം രാമകൃഷ്ണന്‍

പൊടിയാലങ്കം വെട്ടി
തുമ്മിക്കും പുസ്തകങ്ങള്‍
ഇനിയും തട്ടിത്തൂത്തും
തുടച്ചും കാലം പോക്കാന്‍
മനസ്സു വരുന്നില്ല.

എത്ര വൃത്തിയീ മോഹ
പ്പുസ്തകങ്ങള്‍ക്കെന്നൊരു
പുന്നാര വാഴ്ത്തും വേണ്ട.

എന്നുമീയലമാര
ക്കണ്‍കളെ കണ്ണാടിയെ
പൊന്നാക്കും പണി വേണ്ട.

വന്നെങ്കില്‍ വന്നോട്ടെയബ
ച്ചിതലും വാലന്‍മാരും
തുരങ്കത്തുരപ്പരും.

അവരെത്തിടും മുന്‍പേ
ഓരോന്നായോരോന്നായി
വിടര്‍ത്തി വായിക്കണം.
നാവുകള്‍ പലതാണീ
പുസ്തകമോരോന്നിനും,
നാമെന്താണറിയുന്നു.
കണ്ണുകള്‍ പല മട്ടീ
സാക്ഷികളോരോന്നിനും
കണ്ടതെന്താവാം നമ്മില്‍.
നിന്നെപ്പറ്റിയുമെന്നെ-
പ്പറ്റിയുമിവര്‍ ചൂണ്ടി
എന്തൊക്കെ പറയുന്നു.
നിന്നെ എന്നെയും കൂട്ടി
പ്പിടിച്ചാ വിരലുകള്‍
എന്തൊക്കെ വരച്ചുവോ.

വായ്തുറക്കാതെയുള്ള
മാനസ സഞ്ചാരങ്ങള്‍
ക്കായി നാമൊരുങ്ങുക.
മരുഭൂമിയില്‍ പാന്ഥര്‍
വെടിഞ്ഞ കോട്ടയ്ക്കുള്ളില്‍
മനുഷ്യമണം തേടി
യലയുന്നതുപോലെ
സഞ്ചരിക്കുക നമ്മള്‍.
ജലത്തിന്‍ കരു തേടി
യലയാം, വേണ്ടുന്നതോ
ഇത്തിരിയുറവുകള്‍.

പുസ്തകങ്ങളാല്‍ മാത്രം
ഒന്നുമാവില്ല
നമ്മുടെയുള്ളില്‍
സങ്കല്പമില്ലെന്നാകില്‍.
പുസ്തകങ്ങളാല്‍ മാത്രം
ഒന്നുമാവില്ല
നമ്മുടെയുള്ളില്‍
സ്വപ്നങ്ങളില്ലെന്നാകില്‍.
പുസ്തകങ്ങളില്‍ പൂക്കു
മാത്മാക്കളറിയുവാന്‍
ഒത്തിരി ദയ വേണം
നമ്മുടെ ഹൃദയത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍