കവിത 

'അവരുടെ വീടുകള്‍'- രാഹുല്‍ മണപ്പാട്ട് എഴുതിയ കവിത

രാഹുല്‍ മണപ്പാട്ട്

1

കുട്ടികളെ കുളിപ്പിക്കുന്ന 
താളത്തില്‍ എനിക്കവര് 
പാട്ട് പാടി തന്നിട്ടുണ്ട്.
അവരുടെ കൈകള്‍ക്കും കുട്ടികള്‍ക്കും 
ഉറക്കത്തില്‍ കരയുന്ന 
അതേ താളം.

തുണി ചീന്തി തലയിണ 
ഉണ്ടാക്കുന്ന ഉറപ്പില്‍ 
ഞാനുറങ്ങി.
ഉറങ്ങുമ്പോള്‍ പുല്‍പ്പായയുടെ 
മെല്ലിച്ച കൈകള്‍കൊണ്ട് 
കെട്ടിപ്പിടിച്ചു.

അവരുടെ ചൂടില്‍ 
മഞ്ഞുകാലം മാഞ്ഞുപോയി.

2

ഓല മെടയുന്ന വേഗത്തില്‍ 
അവരെന്റെ മുടി കെട്ടിത്തന്നു.
ആലയില്‍നിന്നോ 
തൊടിയില്‍നിന്നോ 
തോട്ടില്‍നിന്നോ 
മലേന്ന് വിറകൊടിക്കുമ്പോളോ 
അവരിപ്പോഴും
വിളിച്ചുപറയുന്നുണ്ട്. 
സ്വപ്നം കാണുന്നുണ്ട്.

സ്വപ്നത്തില്‍ 
എനിക്കൊരു വീട് തെളിയും.
ചുവരില്‍ ഞാനിപ്പോഴും 
വരയ്ക്കുന്ന 
സൂര്യനും തെങ്ങും 
പൂക്കളും  ഇല്ലാത്ത 
അവരുടെ ഉറക്കംപോലെ ഒന്ന്.

മറച്ചുകെട്ടുന്ന എല്ലാ വെട്ടങ്ങളേയും 
അവര് വീടെന്നു വിളിച്ചു.

3

വിശന്നപ്പോള്‍ 
ചക്ക വെട്ടി തന്നിട്ട് 
അവര് തുണിയലക്കാന്‍ കിഴക്കോട്ട് പോയി.
സൂര്യന്‍ പടിഞ്ഞാട്ടും.

എനിക്കറിയാം...
എല്ലാ വേദനകള്‍ക്കും മുന്‍പ് 
അയാളുടെ തൊടിയില്‍ 
പുല്ലരിയാന്‍ പോകുന്ന 
അവരുണ്ട്.
അരയില്‍ കുത്തിനിര്‍ത്തിയ 
അരിവാളിന്റെ തെല്ലത്ത് 
ഉപേക്ഷിച്ച 
കൊങ്കിണിയും പുല്ലാനിയും 
അയാളുമുണ്ട്.

4

ഒരിക്കലും തൊടാതെപോയ 
സ്‌നേഹം
അവരിപ്പോഴും തുടച്ചുകളഞ്ഞ  
ഒന്നോ രണ്ടോ ഉടുമുണ്ടിലുണ്ട്.
എത്ര മുഷിഞ്ഞാലും 
എത്ര തിരിമ്പിയാലും 
അയലില്‍ വന്നിരിക്കുന്ന 
പക്ഷികളുടെ നിഴല്‍പോലെ 
അവരുടെ മറവി 
അതില്‍ പിഞ്ഞിക്കിടന്നു.

എത്ര അഴിച്ചാലും 
ഊരിപ്പോരാത്ത ഊക്ക് 
അവരെനിക്കും വാരിത്തന്നു.

5

അവരുടെ പള്ളയില്‍  
ഉണ്ടും ഉറങ്ങിയും കഴിഞ്ഞ 
മനുഷ്യരുടെ വീടുകള്‍ 
എന്റേതും കൂടിയായി.

കാടിറങ്ങുമ്പോള്‍ 
എനിക്കും മുന്‍പേ 
അവര് ഓടിയെത്തിയ വീട് 
അകത്തു കയറി 
വാതില് ചാരിവെക്കും.
ചെരിഞ്ഞുറങ്ങുമ്പോള്‍
എനിക്ക് ആ കെതപ്പാണ്.
അവരുടെ  വഴികളും.

6

മരിച്ചുകഴിഞ്ഞിട്ടും 
വീടൊഴിഞ്ഞു പോകാത്ത   
അവര് 
പാട്ടുപാടാന്‍ വിളിക്കുമ്പോള്‍
ഞാനോടിപ്പോകുന്നു.
എന്റെ ഓട്ടങ്ങളെല്ലാം 
അവരില്‍ അവസാനിച്ചു.

വീടില്ലാത്ത കുട്ടിക്ക് 
അവരില്ലാണ്ടാവാന്‍  പാടില്ല.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം