കവിത 

തവളകളുടെ പരിണാമം 

അലീന

തോട്ടിനപ്പുറത്തെ പറമ്പിന്
നീളവും വീതിയും വരക്കുന്ന ചാലുകളില്‍
തെളിഞ്ഞ വെള്ളം. 
പശുക്കള്‍ തിന്ന് അതിരിടുന്ന പച്ചപ്പുല്ല്.
ആകാശം മുട്ടുന്ന മരങ്ങള്‍. 
വിടര്‍ന്ന ചേമ്പിലക്കുടകള്‍.
വിരിഞ്ഞ ചേനപ്പാവാടകള്‍. 
സന്ധ്യ തീരും മുന്‍പ്
അലക്കാനെത്തുന്ന തുണികളും
തോട്ടുവെള്ളത്തില്‍ പതഞ്ഞൊഴുകുന്ന
പെണ്ണുങ്ങളും
നിശ്ശബ്ദരാകുമ്പോള്‍, 
പച്ചച്ച മണ്ണിന്റെ ഉരുളകള്‍പോലെ, വഴുക്കുന്ന നാവുകള്‍ നീട്ടി
തവളകള്‍ ഇരതേടാനിറങ്ങും. 
അവരുടെ കൈകാല്‍ വിരലുകള്‍പോലെ 
അവര്‍ക്കും തമ്മില്‍ അടുപ്പം. 
രാത്രിയുടെ അപരിചിതത്വം 
ഒച്ചകൊണ്ട് ഭേദിച്ച്,
ആദിമ വേട്ടക്കാരുടെ ആ കൂട്ടത്തില്‍
പാല്‍പ്പാട കെട്ടിയ അന്ധമായ കൃഷ്ണമണികളുള്ള 
ഒരു അമ്മത്തവള പറഞ്ഞു:
'ഒരിക്കല്‍ ഒരു മനുഷ്യന്‍,
വയറ്റിലെ കീറലില്‍നിന്ന് തൂവിയ 
കുടലും വാരിപ്പിടിച്ച്
ഈ തോട്ടുങ്കരയില്‍ വന്നുകിടന്ന്
മരിച്ചിട്ടുണ്ട്. 
അവന്‍ മണ്ണിലേക്ക് ഇറങ്ങിപ്പോകുന്നതിനു
മുന്‍പ്,
നാവു നീട്ടി
ഒന്നു തൊട്ടിട്ടുണ്ട്. 
ചോരയുടെ ഇരുമ്പുരുചി അറിഞ്ഞറിഞ്ഞ്,
ഞാന്‍ മനുഷ്യന്റെ ഇറച്ചി തിന്നിട്ടുണ്ട്.'
അതുകൊണ്ട് തവളകള്‍ 
മനുഷ്യര്‍ ഉറങ്ങി,
അവസാനത്തെ വിളക്കും കെടുമ്പോള്‍
മനുഷ്യന്റെ ഭാഷ സംസാരിക്കുന്നു. 
മനുഷ്യനെപ്പോലെ പ്രണയിക്കുന്നു. 
മനുഷ്യന്റെ ഭൂതവും ഭാവിയും അറിയുന്നു. 
നനഞ്ഞ തൊലിക്കിപ്പുറം 
ചേര്‍ന്നുപിന്നിയ കുടലും പണ്ടവും
വേര്‍തിരിച്ച്,
അടയാളപ്പെടുത്തി,
പേരിട്ട്,
മനുഷ്യര്‍ തവളകളുടെ
ആന്തരിക ലോകങ്ങളെ അറിഞ്ഞപോലെത്തന്നെ. 
'ഈ അറിവ് നമുക്ക് ആവശ്യമില്ലാത്തതാണ്,
ഒച്ചിനെയും ഈച്ചകളെയും
നാവാട്ടിപ്പിടിക്കാന്‍ 
കവിതകളെക്കുറിച്ച് പഠിക്കേണ്ട. 
കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍
പ്രേമമോ വിവാഹമോ
വേണ്ട. 
ഇവിടുന്നൊരു ചാട്ടത്തിന്
തോട്ടിനപ്പുറം കടക്കാന്‍
കണക്കറിയണ്ട.'
വിഷാദികളും മൗനികളുമായ,
ഭക്ഷണമോ സംഗീതമോ 
സന്തോഷിപ്പിക്കാത്ത,
നല്ലതല്ലാത്ത ഭൂതകാലത്തെയോര്‍ത്ത്
നെടുവീര്‍പ്പിട്ട്
കരയാന്‍ കഴിയാത്ത
മക്കളെ നോക്കി
അമ്മത്തവള പറഞ്ഞു:
'പ്രകൃതി നമ്മളെ രക്ഷിക്കും.
വീണ്ടും നമ്മുടെ പൂര്‍വ്വികരെപ്പോലെ
നമ്മള്‍ തവളകള്‍ മാത്രമാകും.'
നേരം വെളുത്ത്,
ആദ്യത്തെ കാലൊച്ചകള്‍ കേട്ടുതുടങ്ങുമ്പോള്‍ 
തവളകള്‍ പൊത്തുകളുടെ ഇരുട്ടിലേക്ക് 
മടങ്ങി. 
ഗുഹാചിത്രങ്ങള്‍ വരക്കാന്‍തക്ക വിരലുകള്‍
അവര്‍ക്കുണ്ടായിരുന്നില്ല. 
ചരിത്രങ്ങള്‍ പാടിവെക്കാനുള്ള തൊണ്ടകളും.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക


ഈ കവിത കൂടി വായിക്കാം
ബുദ്ധപഥം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ