റിപ്പോർട്ട് 

ലോക്ഡൗണില്ലാത്ത പൊലീസ്  അതിക്രമം

പി.എസ്. റംഷാദ്

'പൊലീസ് ഫലപ്രദമായ ഇടപെടല്‍ നടത്തിയതുകൊണ്ട് ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍, പൊലീസിന്റെ ഇടപെടലില്‍ ചില പരാതികളും ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം. പൊലീസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. എന്താണ് കാര്യം എന്ന് അറിഞ്ഞു പെരുമാറണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്നു പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്' മാര്‍ച്ച് 27നു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിങ്ങനെ.  എന്നാല്‍, പൊലീസിനെ പ്രകീര്‍ത്തിക്കുകയും ഒപ്പം വിമര്‍ശിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി തന്റെ പതിവു ശൈലി തുടര്‍ന്നു. ലോക്ഡൗണ്‍ വിജയിപ്പിക്കാന്‍ ജാഗ്രത പാലിക്കുന്ന പൊലീസുകാര്‍ക്ക് കുടിവെള്ളം കൊടുക്കണമെന്നു ജനങ്ങളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്ക് ഈ കാലയളവില്‍ തന്നെ നാലു തവണയെങ്കിലും പരസ്യമായി പഴി പറയേണ്ടി വന്നു.  

പൊലീസുകാര്‍ വിവേചനബുദ്ധിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്കു പിന്നാലെ പലതവണ, പല സ്ഥലങ്ങളില്‍, പല രൂപത്തില്‍ പൊലീസിന്റെ പെരുമാറ്റം വഴിവിട്ടു. ഹൈക്കോടതിയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പൊലീസിനെതിരെ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന്‍ വിവിധ പരാതികളില്‍ പൊലീസിനോടു വിശദീകരണം ചോദിച്ചു, പൊലീസിന്റെ ഇടപെടലില്‍ ചില പരാതികളും ഉയര്‍ന്നിട്ടുണ്ട് എന്നു മുഖ്യമന്ത്രി പറഞ്ഞതിന്റെ പിറ്റേന്ന്, മാര്‍ച്ച് 28നാണ് പുറത്തിറങ്ങിയ ആളുകളെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. അതിനെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു.  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പി ഉത്തരമേഖലാ ഐ.ജി മുഖേന കണ്ണൂര്‍ എസ്.പിയോടു വിശദീകരണം തേടി. പക്ഷേ, പിന്നെ നടപടിയൊന്നുമുണ്ടായില്ല. ഒരു മാസം കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥനെതിരേയും നടപടി ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. 

ഏപ്രില്‍ 25നു കണ്ണൂരിലെ ചക്കരക്കല്ലില്‍ കടയില്‍നിന്നു സാധനം വാങ്ങുന്നതിനിടെയാണ് ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മനോഹരന്‍ മൊറായിക്കു  സി.ഐയുടെ മര്‍ദ്ദനമേറ്റത്. ശരിയല്ലാത്ത നടപടിയാണ്, ഗൗരവമായിത്തന്നെ സര്‍ക്കാര്‍ കാണും എന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും സി.ഐയെ വിജിലന്‍സിലേക്കു മാറ്റുന്നതിലൊതുങ്ങി ആ ഗൗരവം. 

'ക്രൂരമര്‍ദ്ദനം, തല്ലിച്ചതയ്ക്കല്‍ തുടങ്ങിയ അതിശയോക്തി ഒഴിവാക്കിയാല്‍പ്പോലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാടത്തം ജനാധിപത്യ വ്യവസ്ഥയില്‍ അനുവദിക്കാവുന്നതല്ല. കടയില്‍ ഉണ്ടായിരുന്ന പലര്‍ക്കും ഈ ഉദ്യോഗസ്ഥനില്‍നിന്നു സാരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. കൂട്ടത്തില്‍ എനിക്കും. ഈ ഘട്ടത്തില്‍ ഇതൊരു പൊതുപ്രശ്‌നമാക്കി ഉയര്‍ത്താതിരുന്നത് പൊലീസിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാകരുതെന്ന സദുദ്ദേശത്തോടെയാണ്' മനോഹരന്‍ മൊറായിയുടെ പ്രതികരണം ഇങ്ങനെ:

തിരുവനന്തപുരം ശ്രീകാര്യത്ത് ഫോട്ടോഗ്രാഫര്‍ ജയമോഹനെതിരെ സി.ഐയുടെ അതിക്രമമായിരുന്നു  അടുത്ത സംഭവം. തല്‍സമയം പത്രത്തിന്റെ ഫൊട്ടോഗ്രാഫര്‍ എ. ജയമോഹന്‍ പറയുന്നതിങ്ങനെ. 

'വൈകുന്നേരം ജോലി കഴിഞ്ഞു പോകുന്ന വഴി കുടുംബ വീട്ടില്‍ കയറി 83 വയസ്സു കഴിഞ്ഞ അച്ഛനു വാങ്ങിയ മരുന്നുകളും കൊടുത്താണ് മിക്കവാറും വീട്ടില്‍ എത്തുക. അന്ന് ആറരയ്ക്കു കാറില്‍ ഇടവക്കോട് എത്തിയപ്പോള്‍ പൊലീസ് കൈ കാണിച്ചു. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോള്‍ ഉദ്യോഗസ്ഥന്റെ മുഖത്ത് ഒരു പുച്ഛം. പൊയ്‌ക്കൊള്ളാന്‍ കൈ വീശി. അച്ഛനു മരുന്നുകള്‍ കൊടുത്ത ശേഷം ഏഴു മണിയോടെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ചെമ്പക സ്‌കൂള്‍ കഴിഞ്ഞ് അടുത്ത വളവില്‍ ഇതേ സംഘം ചാടി വീണു. ഉദ്യോഗസ്ഥന്‍ മുഖം മറച്ചിരുന്നു. ഇരുട്ടായിരുന്നതിനാല്‍ തോളിലെ നക്ഷത്രങ്ങള്‍ കാണാന്‍ സാധിച്ചില്ല. എന്റെ പ്രസ്സ് കാര്‍ഡ് പിടിച്ചെടുക്കുമെന്നാണ് അദ്ദേഹം ആക്രോശിച്ചത്. 24 മണിക്കൂര്‍ താങ്കള്‍ ജോലി ചെയ്യുന്നതു പോലെ ജോലി ചെയ്യുന്നവരാണ് പത്രപ്രവര്‍ത്തകര്‍ എന്നും ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? എന്ന് എനിക്കും പ്രതികരിക്കേണ്ടി വന്നു. എന്തായാലും ജോലി കഴിഞ്ഞ് ക്ഷീണിച്ചു നില്‍ക്കുന്ന ഞാനും ഡ്യൂട്ടിയില്‍ ക്ഷീണിച്ചു നില്‍ക്കുന്ന യൂണിഫോം ഇട്ട ഉദ്യോഗസ്ഥനും തമ്മില്‍ ഒരു വാഗ്വാദം ഞാന്‍ തന്നെ ഒഴിവാക്കി മടങ്ങി. അര്‍ദ്ധരാത്രിയില്‍പ്പോലും ഡ്യൂട്ടി കഴിഞ്ഞു വരുന്ന മാധ്യമപ്രവര്‍ത്തകരെ അനാവശ്യമായി ശല്യപ്പെടുത്തരുത് എന്നു മുഖ്യമന്ത്രിയും ഡി.ജി.പിയും പറഞ്ഞിരിക്കുന്നത് ഈ ഉദ്യോഗസ്ഥന് അറിയില്ലെന്നു തോന്നുന്നു' ജയമോഹന്‍ പറയുന്നു.   
  
കടം വാങ്ങിയ പണവുമായി കുഞ്ഞിനു മരുന്നു വാങ്ങാന്‍ പോയ യുവാവിനെക്കൊണ്ട് കയ്യിലുള്ള പണം പിഴയായി അടപ്പിച്ചാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ സ്‌റ്റേഷനിലെ എസ്.ഐ ലോക്ഡൗണ്‍ വിജയിപ്പിക്കാനുള്ള പ്രതിബദ്ധത കാണിച്ചത്. വണ്ടിപ്പെരിയാര്‍ കറപ്പുപാലത്ത് 53 ദിവസം  വീട്ടിലിരിക്കേണ്ടിവന്ന യുവാവാണ് കൂട്ടുകാരനോട് പണം കടംവാങ്ങി മരുന്നും പാല്‍പ്പൊടിയും വാങ്ങാന്‍ സുഹൃത്തിന്റെ ബൈക്കില്‍ പോയത്. കക്കികവലയില്‍ വെച്ച് ഇവരെ പൊലീസ് പിടിച്ചു. ട്രാഫിക്ക് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 200 രൂപ അടയ്ക്കാന്‍ എസ്.ഐ ആവശ്യപ്പെടുകയും ചെയ്തു. കുഞ്ഞിന് പാല്‍പ്പൊടിയും മരുന്നും വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ പോവുകയാണ് എന്നും കടം വാങ്ങിയ പണമാണ് കൈയിലെന്നും പറഞ്ഞു നോക്കി. പോക്കറ്റിലുണ്ടായിരുന്ന 500 രൂപ എടുത്തു കാണിക്കുകയും ചെയ്തു. ആ രൂപ വാങ്ങി പെറ്റി എഴുതിയാണ് എസ്.ഐ അരിശം തീര്‍ത്തത്. 

മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയിലെ പൊലീസ് സ്‌റ്റേഷനിലേക്ക് വെള്ളവും സമൂഹ അടുക്കളയിലേക്ക് പച്ചക്കറിയുമായി പോകുമ്പോഴാണ് സാമൂഹ്യപ്രവര്‍ത്തകന്‍ റെനീഷ് കടവത്തിനെ സി.ഐ തടഞ്ഞുനിര്‍ത്തി അപമാനിച്ചത്. തെറി പറയുകയും ആളുകളുടെ മുന്നില്‍ അധിക്ഷേപിക്കുകയും ചെയ്തതായി മനുഷ്യാവകാശ കമ്മിഷനു റെനീഷ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ് പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കി. കമ്മിഷനു സ്വമേധമായ കേസെടുക്കേണ്ടി വന്ന ഏത്തമിടീക്കല്‍ സംഭവത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സി.ഐയുടെ അതിക്രമം അന്വേഷിക്കേണ്ടതും റിപ്പോര്‍ട്ടു കൊടുക്കേണ്ടതും. 

ഹൈക്കോടതിയുടെ ഇടപെടല്‍

പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 30നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഒന്നാംഘട്ട ലോക്ഡൗണിന്റെ ആദ്യദിനങ്ങളില്‍ ഉണ്ടായത് നീതീകരിക്കാനാകാത്ത പൊലീസ് അതിക്രമങ്ങളാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം ലോക്ഡൗണ്‍ എന്ന നിലപാടാണ് അതില്‍ വ്യക്തമാക്കിയത്.  എന്നാല്‍ സ്ഥിതിഗതി കൂടുതല്‍ മോശമായതോടെ ലോക്ഡൗണിനു രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉണ്ടായി. ഇതോടെ ആ കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കോടതിയുടെ മേല്‍നോട്ടവും നടപ്പായില്ല. 

'സാമൂഹിക അകലം പാലിക്കേണ്ടതും ആളുകള്‍ അനാവശ്യമായി സഞ്ചരിക്കുന്നതു തടയാന്‍ പൊലീസിനെ വിന്യസിക്കേണ്ടതും അനിവാര്യം തന്നെയാണ്. പക്ഷേ, സ്വന്തം ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനിടെ പൊലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ അവഗണിക്കാനാകില്ല' കോടതി നിരീക്ഷിച്ചതിങ്ങനെ. 

അധികാരം പൊലീസിലേക്ക് അമിതമായി എത്തുമ്പോള്‍ അധികാരപ്രമത്തത ഉണ്ടാകുന്നുവെന്നു സാമൂഹിക നിരീക്ഷകനും സര്‍വ്വകലാശാല അധ്യാപകനുമായ ഡോ. അഷ്‌റഫ് കടയ്ക്കല്‍ അഭിപ്രായപ്പെടുന്നു. 'ആ അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് കാണുന്നത്. അമിതാധികാരം ലഭിക്കുമ്പോള്‍ അധികാരത്തിന്റെ ഹുങ്കും ഉണ്ടാകുന്നു. ഈ അധികാരം വളരെ പക്വമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്, ആ അര്‍ത്ഥത്തില്‍ മാതൃകാപരമായി വിനിയോഗിക്കാന്‍ കഴിയാത്തവരുമുണ്ടാകും. അനിയന്ത്രിതമായ അധികാരത്തിന്റെ ലഹരിയിലാണ് മറ്റുള്ളവരുടെ മേല്‍ അത് ഏതുവിധവും പ്രയോഗിക്കാന്‍ തയ്യാറാകുന്നത്' അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥനു സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ല എന്നാണ് യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞത്. 'എസ്.പിയുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ അതിനു തക്ക എന്തു തെറ്റാണ് ചെയ്തതെന്നു സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണം' കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ടെന്നും ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ ഓര്‍മ്മിപ്പിക്കുന്നു. 'നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍, ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പൊലീസിന് അധികാരമില്ല.'

അത്യാവശ്യങ്ങള്‍ക്കായി വാഹനവുമായി റോഡിലിറങ്ങുന്ന സാധാരണക്കാരോട് മാന്യമായി പെരുമാറാന്‍ പൊലീസുദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മിഷന്‍ മറ്റൊരു ഉത്തരവിലും നിര്‍ദ്ദേശിച്ചു. അടിയന്തരാവശ്യങ്ങള്‍ക്കു റോഡിലിറങ്ങുന്നവരോട് പൊലീസ് മോശമായി പെരുമാറുന്നു എന്നാരോപിച്ച് ചേര്‍ത്തലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇത്. 'ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരാണ് പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുള്ളത്. എന്നാല്‍, അത്യാവശ്യങ്ങള്‍ക്കായി ഇരുചക്ര വാഹനവുമായി റോഡിലിറങ്ങുന്നവരെ പോലും പൊലീസ് നേരിടുന്നത് ലാത്തിയുടെ സഹായത്തോടെയാണെന്ന് പരാതിയുണ്ട്.' ഇത്തരം പോലീസുദ്യോഗസ്ഥര്‍ കേരള പോലീസ് ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

കാസര്‍ഗോട്ട്, മാധ്യമപ്രവര്‍ത്തകനെ ക്വാറന്റൈന്‍ ലംഘിച്ച കേസില്‍ പ്രതിയാക്കിയ പൊലീസ് നടപടി വിവാദമായിരുന്നു. മകനു കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നടത്തിയ സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെ മാനദണ്ഡപ്രകാരമായിരുന്നു ക്വാറന്റൈന്‍. കാസര്‍കോട് വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലേഖകന്‍ സുബൈര്‍ പള്ളിക്കാല്‍ മുഖ്യമന്ത്രിക്കു പരാതിയും നല്‍കി. 'ഒരിക്കല്‍ പോലും പുറത്തിറങ്ങിയിട്ടില്ല. ഒരു തവണ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ എന്നേയും കുടുംബത്തേയും ബലമായി ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമമുണ്ടായി. ആംബുലന്‍സുമായി വന്നായിരുന്നു ഈ നീക്കം. എന്നാല്‍, ബന്ധുക്കളായ ഡോക്ടര്‍മാര്‍ അടക്കം ഇതിന്റെ ആവശ്യമില്ലെന്നു പറയുകയും ഹോം ക്വാററ്റൈന്‍ ആണ് ആവശ്യമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതേ തുടര്‍ന്നു കഴിഞ്ഞ 14 ദിവസമായി വീട്ടില്‍ കഴിയുന്നതിനിടെ ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയപ്പോള്‍ ഞാന്‍ പുറത്തിറങ്ങുന്നത് കണ്ടുവെന്നാണ് പൊലീസ് ഭാഷ്യം. വീട്ടുമുറ്റത്തെ അലക്കുകല്ലിനടുത്തേക്ക് തുണിയുമായി പോകുന്നത് കണ്ടുവെന്നും അതിനാല്‍ കേസെടുത്തുഎന്നുമാണ് പിന്നീട് അറിഞ്ഞത്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാകാറായപ്പോഴാണ് ഇത്.' മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ സുബൈര്‍ പറയുന്നു. പരാതിക്കു പിന്നാലെ, സുബൈറിനെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റുകയാണ് പൊലീസ് ചെയ്തത്. വീണ്ടും പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴും നെഗറ്റീവ്. പക്ഷേ, സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കൂടി വേണ്ടിവന്നു.

കാസര്‍ഗോഡ് ഇതുവരെ ക്വാറന്റൈന്‍ ലംഘനമെന്ന പേരില്‍ 600ല്‍ അധികം കേസുകളെടുത്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരിക്കുകയാണ് അദ്ദേഹവും. 'കാസര്‍ഗോഡ് ഇപ്പോള്‍ കൊവിഡ് മുക്ത ജില്ലയായി മാറിയെങ്കിലും കേസുകള്‍ ആളുകള്‍ക്കു ഭീതിയായി മാറിയിരിക്കുകയാണ്. പ്രവാസികളാണ് ഇവരില്‍ ഭൂരിഭാഗവും. കൊവിഡും ലോക്ഡൗണും കഴിഞ്ഞാലും നിരപരാധികളായ ഇവര്‍ കോടതിയും കേസുമായി കയറിയിറങ്ങേണ്ടി വരുമെന്നാണ് പേടി'  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള എം.എല്‍.എ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ജില്ലയിലെ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഈ ഉല്‍ക്കണ്ഠ അറിയിക്കുകയും ചെയ്തു. ക്വാറന്റൈന്‍ ലംഘനം അറിയാന്‍ ഐ.ജി വിജയ് സാഖറേയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഉപയോഗിക്കുന്ന ആപ്പ് ആണ് ഇക്കാര്യത്തില്‍ കാസര്‍ഗോട്ടെ 'വില്ലന്‍.' 28 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ട പ്രവാസികള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം മൊബൈല്‍ ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. ക്വാറന്റൈനിലുള്ളയാള്‍ താമസിക്കുന്ന പഞ്ചായത്തിനു പുറത്തുള്ള ടവര്‍ ലൊക്കേഷന്‍ എപ്പോഴെങ്കിലും ആപ്പില്‍ കാണിച്ചാല്‍ ആ ആള്‍ ക്വാറന്റൈന്‍ ലംഘിച്ച് വീടിനു പുറത്തു പോയി എന്ന പേരില്‍ കേസെടുക്കും. യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത് അതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ മാറി മാറി കാണിക്കുന്നത് സാങ്കേതികം മാത്രമാണെന്നും അതില്‍ മൊബൈല്‍ ഉടമയ്ക്കു പങ്കില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീട്ടിലിരിക്കുന്ന പൊലീസ് ആളുകളെ ഫോണില്‍ വിളിച്ചു പുറത്തുപോയതിനു താക്കീതു ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലും മന്ത്രി ചന്ദ്രശേഖരനോടും ഈ ആപ്പ് പ്രശ്‌നം വിശദമായി പറഞ്ഞിരുന്നു. 'ആപ്പില്‍ കാണിക്കുന്ന ടവര്‍ പഞ്ചായത്ത് അതിര്‍ത്തിയാണോ എന്നൊന്നും നോക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. സ്വന്തം പഞ്ചായത്തിനു പുറത്തുള്ള ടവര്‍ ലൊക്കേഷന്‍ മൊബൈല്‍ ഫോണില്‍ കാണിക്കുകയാണെങ്കില്‍ ആപ്പിലും അതു കാണിക്കും. അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടാനാണ് നിര്‍ദ്ദേശം' എന്നാണ് പൊലീസുകാര്‍ വിശദീകരിക്കുന്നത്.
അധികാരം ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉപയോഗിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കാണ് കളങ്കമായത്.  ലോക്ഡൗണ്‍ മൂലം തെരുവുകളില്‍ വിശലഞ്ഞവര്‍ക്കു ഭക്ഷണം നല്‍കാന്‍ നടത്തിയ സൗജന്യ ഭക്ഷണ വിതരണ പദ്ധതി നിരവധി ആളുകളുടെ വിശപ്പിനാണ് പരിഹാരമായത്. 'ഒരു വയറൂട്ടാം' എന്ന ഈ പദ്ധതിയില്‍  27,444 പേര്‍ക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രശാന്തി പദ്ധതിയാണ് മറ്റൊന്ന്. ഏപ്രില്‍ 25നു പ്രവര്‍ത്തനമാരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ത്തന്നെ നൂറിലധികം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. മരുന്ന്, ഭക്ഷണം, അവശ്യസാധനങ്ങള്‍ എന്നിവയ്ക്ക് ബുദ്ധിമുട്ടിയവരും ചികില്‍സയ്ക്ക് പോകാന്‍ വാഹനം കിട്ടാത്തവരുമാണ് പ്രശാന്തി സംവിധാനത്തിന്റെ സഹായം തേടിയവരില്‍ അധികവും. വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുടെ അത്യാവശ്യ റിപ്പയറിംഗ്, വിദേശത്തുളള ബന്ധുവിന് മരുന്നെത്തെിക്കല്‍, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ പാഴ്‌സല്‍ വീണ്ടെടുക്കല്‍ തുടങ്ങി അതിര്‍ത്തി തര്‍ക്കം വരെ എത്തി.

പരിഹാസ്യമാകുന്ന പൊലീസിങ്ങ്

ജെയിംസ് വടക്കുംചേരി 
(ക്രിമിനോളജിസ്റ്റ്)

ഇത് ക്രമസമാധാന പ്രശ്‌നമുള്ള സാഹചര്യമല്ല. അവരെ നിയോഗിച്ചിരിക്കുന്നത് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തില്‍ പെരുമാറാനും പ്രവര്‍ത്തിക്കാനുമാണ്. പക്ഷേ, ഇടയ്ക്കു പൊലീസ് രാജ് വരുന്നു. ഇത് ജനാധിപത്യ സമൂഹത്തിലെ ഒരു പ്രത്യേക സാഹചര്യമാണ്. ജനങ്ങളും മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിന്റെ അപരിചിതത്വത്തിലാണ്, പരിഭ്രാന്തിയുമുണ്ട്. അവരോട് ക്രമസമാധാന പ്രശ്‌നം നേരിടാന്‍ പോകുന്നവരെപ്പോലെ പെരുമാറരുത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ആളുകളെക്കൊണ്ട് ഏത്തമിടീച്ചത് കാക്കി ഈഗോ മൂലമാണ്. കാക്കിയുടെ അന്തസ്സ് സംബന്ധിച്ച് ഇങ്ങനെയുള്ളവരുടെ ധാരണ വേറെയാണ്. അതു തിരുത്തി കാക്കിയുടെ റോള്‍ ശരിയായി പഠിപ്പിച്ചുകൊടുക്കണം. അതിനു പൊലീസ് പരിശീലകരില്‍ മനശ്ശാസ്ത്രജ്ഞരേയും സോഷ്യോളജിസ്റ്റുകളേയും ഉള്‍പ്പെടുത്തണം. ഏതു സാഹചര്യത്തില്‍ എങ്ങനെ പെരുമാറണം എന്ന തിരിച്ചറിവു നല്‍കണം.


ജോലിഭാരം കുറഞ്ഞു, അധികാരം കൂടി 

ഡോ. അഷ്‌റഫ് കടയ്ക്കല്‍  
(സര്‍വ്വകലാശാല അധ്യാപകന്‍, സാമൂഹിക നിരീക്ഷകന്‍)

അമിതാധികാരം ആര്‍ക്കു ലഭിച്ചാലും അത് അവരെ വഴിതെറ്റിക്കും. പൊലീസ് നമ്മുടെ നിയമപാലന സേനയുടെ ഭാഗമാണ്. അധികാരം അമിതമായി അവരിലേക്ക് എത്തുമ്പോള്‍ അധികാരപ്രമത്തതയും ഉണ്ടാകുന്നു. ആ അധികാരത്തിന്റെ ദുര്‍വ്വിനിയോഗമാണ് കാണുന്നത്. അമിതാധികാരം ലഭിക്കുമ്പോള്‍ അധികാരത്തിന്റെ ഹുങ്കും ഉണ്ടാകുന്നു. ഈ അധികാരം വളരെ പക്വമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്, ആ അര്‍ത്ഥത്തില്‍ മാതൃകാപരമായി വിനിയോഗിക്കാന്‍ കഴിയാത്തവരുമുണ്ടാകും. അനിയന്ത്രിതമായ അധികാരത്തിന്റെ ലഹരിയിലാണ് മറ്റുള്ളവരുടെ മേല്‍ ഏതുവിധവും പ്രയോഗിക്കാന്‍ തയ്യാറാകുന്നത്. അതുകൊണ്ടാണ്, അവര്‍ ജോലിയില്‍ ചേരുമ്പോള്‍ മാത്രമല്ല, ഘട്ടംഘട്ടമായി പരിശീലനം നല്‍കിക്കൊണ്ടിരിക്കണം എന്നു പറയുന്നത്. മാറി വരുന്ന ഓരോ സാഹചര്യത്തിനുമനുസരിച്ച് പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികവ് ആര്‍ജ്ജിക്കാന്‍ കഴിയണം. അതിനു കായികപരിശീലനം മാത്രമല്ല, മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പരിശീലനവും നല്‍കണം. അതാണ് ലോക്ഡൗണ്‍ കാലത്തെ കുറച്ചു പൊലീസുകാരുടെയെങ്കിലും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിത്തരുന്ന കാര്യം.

പൊലീസുകാര്‍ അധികസമയം ജോലി ചെയ്യുകയാണ്, അവരുടെമേല്‍ അധികഭാരമാണ് ഇപ്പോള്‍ എത് തെറ്റിദ്ധാരണയാണ്. ആരോഗ്യമേഖലയിലുള്ളവരുടെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് അതു മനസ്സിലാകുന്നത്. പൊലീസുകാര്‍ക്ക് കൂടുതല്‍ ജോലി ഭാരമുണ്ടാകുന്നതും അവര്‍ക്ക് ജോലിയുടെ സമ്മര്‍ദ്ദം കൂടുതല്‍ അനുഭവിക്കുന്നതും കുറ്റകൃത്യങ്ങളും അപകടങ്ങളും മറ്റും പെരുകുമ്പോഴാണ്. ജനങ്ങളുടെ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടു ക്രമസമാധാന പ്രശ്‌നം തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്നാലും അതുതന്നെയാണ് സ്ഥിതി. യഥാര്‍ത്ഥത്തില്‍, ഇപ്പോള്‍ പൊലീസുകാരെ റോഡില്‍ കാണാം എന്നതു മാത്രമാണ് അവര്‍ അധികം ജോലി ചെയ്യുകയാണ് എന്ന ധാരണ ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ക്ക് ഏറ്റവും ടെന്‍ഷന്‍ കുറഞ്ഞ സമയമായിരുന്നു ലോക്ഡൗണ്‍ കാലം. അനധികൃതമായി ആളുകളും വാഹനങ്ങളും റോഡിലിറങ്ങുന്നുണ്ടോ, ക്വാറന്റൈനിലുള്ളവര്‍ അതു പാലിക്കുന്നുണ്ടോ എന്ന രണ്ടു കാര്യങ്ങളിലാണ് അവര്‍ ഈ സമയത്ത് പ്രധാനമായും ശ്രദ്ധേിക്കേണ്ടിയിരുന്നത്. അത് അവരുടെ സാധാരണ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്താല്‍ മുന്‍പുണ്ടായിരുന്നതിന്റെ പകുതി ജോലിയേ ഉള്ളൂ. മറ്റുള്ളവരെല്ലാം വീട്ടിലിരിക്കുമ്പോള്‍ അവര്‍ക്ക് അതു കഴിയുന്നില്ല, ഫീല്‍ഡില്‍ ഇറങ്ങി ജോലി ചെയ്യേണ്ടി വരുന്നു എന്നതു കാണാതെയല്ല ഈ പറയുന്നത്; ലോക്ഡൗണിനു മുന്‍പു ഇപ്പോഴത്തെയും ജോലി ഭാരങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ അവര്‍ക്ക് ഇപ്പോള്‍ ജോലിഭാരം കുറവാണ് എന്നു ചൂണ്ടിക്കാണിക്കുകയാണ്. 
 
പഴയ കാലമല്ല, സമൂഹം വിജിലന്റാണ്

ഡോ. അല്‍ഫോസ് ഈറയില്‍ 
(മുന്‍ ഡിജിപി)

ആളുകളോടു മോശമായി പെരുമാറുന്നവരും പേരുദോഷം വരുത്തുന്നവരും മുന്‍പും ഉണ്ടായിരുന്നു. കാലക്രമേണ അത്തരം പിഴവുകള്‍ തിരുത്തിയിരുന്നു. മുന്‍പ് ലോക്കപ്പ് മരണങ്ങള്‍ വളരെ കൂടുതലായിരുന്നു. മൂന്നാംമുറ അടക്കമുള്ള മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചു. പക്ഷേ, ഇപ്പോള്‍ ഒരുപാടു മാറി. ആളുകള്‍ വ്യത്യസ്ത സ്വഭാവക്കാരാണല്ലോ. പൊലീസും മനുഷ്യരാണ്, അവരിലും നല്ലവരും അല്ലാത്തവരമുണ്ട്. അതു മനുഷ്യന്റെ പരിമിതിയാണ്. കാണുവരെയൊക്കെ ഒരു കാരണവുമില്ലാതെ അടിക്കുന്ന ഒരു എസ്.ഐയെ എനിക്കറിമായിരുന്നു. അയാളുടെ മനസ്സില്‍ പൊലീസ് എന്നാല്‍, ജനങ്ങളെ വിരട്ടലും അടിക്കലുമൊക്കൊണ്. പരാതികളുണ്ടായി. ഞാനയാളെ വിളിച്ചു വരുത്തി സംസാരിച്ചു. വീണ്ടും പഴയ രീതി ആവര്‍ത്തിച്ചപ്പോള്‍ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ കൊണ്ടും മറ്റും നന്നാകുന്നവരും അല്ലാത്തവരുമുണ്ട്. എല്ലാവരെയും മാറ്റിയെടുക്കാനാണ് എല്ലാക്കാലത്തും ശ്രമിക്കുന്നത്. ഇനിയും ഒരുപാടു മാറാനുണ്ട് പൊലീസ്; മാറുകതന്നെ ചെയ്യും. പഴയകാലമല്ല ഇത്. സമൂഹം വളരെ വിജിലന്റ് ആണ്. 

അടിയന്തരാവസ്ഥയുടെ ഓര്‍മ്മപ്പെടുത്തല്‍

ഡോ. പി.ജെ. അലക്‌സാണ്ടര്‍ 
(മുന്‍ ഡി.ജി.പി)

പൊലീസിന് എപ്പോഴൊക്കെ അമിതാധികാരം ലഭിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അവര്‍ വഴി തെറ്റിയിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ അതാണു സംഭവിച്ചത്. ഇപ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്. പൊലീസിനു സാമൂഹിക പ്രതിരോധം കൂടി പഠിപ്പിച്ചു കൊടുക്കുകയാണ് പരിഹാരം. പരിശീലനത്തില്‍ അങ്ങനെയൊരു മോഡ്യൂള്‍ കൂടി കൊണ്ടുവരണം. ജീവനും സ്വത്തിനും സംക്ഷണം കൊടുക്കുതു മാത്രമാണ് പൊലീസിന്റെ കര്‍മ്മപരിപാടിയിലുള്ളത്. കൊറോണ പോലുള്ള ഒരു സാഹചര്യം അവര്‍ക്കു പരിചയമില്ല. ഇതേ ചെയ്യുകയുള്ളൂ, അതു ചെയ്യില്ല എന്ന തീരുമാനമെടുത്തു പെരുമാറാന്‍ പൊലീസിനു കഴിയണം. അതിന് ഇപ്പോഴത്തെ സാഹചര്യം ഒരു അവസരമായി കാണണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്