കഥ

'പാശി'- എന്‍. ഹരി എഴുതിയ കഥ

എന്‍. ഹരി

തിരാവിലെ വീട്ടില്‍നിന്നും വിളിച്ചുണര്‍ത്തി ഞവരക്കുന്നു മലയുടെ അടിവാരത്തെ നാട്ടിലെ അധോലോകക്കാരുടെ താവളത്തില്‍ കൊണ്ടുവന്നു നിര്‍ത്തി, നീ എന്റെ നാടകത്തില്‍ അഭിനയിക്കണമെന്ന് പപ്പന്‍ കൊച്ചാട്ടന്‍ എന്നോട് പറഞ്ഞു. അന്‍പത് വര്‍ഷമെങ്കിലും പഴക്കമുള്ള ഉടുപ്പിട്ടു നില്‍ക്കുന്ന ഭൂഭാഗമെന്നു തോന്നിക്കുന്ന ആ കുറ്റിക്കാട്ടിലേക്ക് ഉറക്കച്ചടവ് വലിച്ചെറിഞ്ഞ് അന്നുവരെ സംശയിച്ചിട്ടില്ലാത്തവണ്ണം സംശയത്തോടെ ഞാന്‍ അയാളെ നോക്കി. 'നീ തകര്‍ക്കും.' ഇന്നലെ ആരും കാണാതെ ഞാനിരുന്ന് കഞ്ചാവു ബീഡിയില്‍നിന്നു പുകയെടുത്ത കരിമ്പാറപ്പുറത്തേക്ക് വലതുകാല്‍ കയറ്റിവെച്ചുകൊണ്ട് അയാള്‍ പറഞ്ഞു: 'നമ്മടെ നരേന്ദ്രപ്രസാദിന്റെ ശിക്ഷണത്തില്‍ മുരളി ലങ്കാലക്ഷ്മിയിലെ രാവണനായി കസറിയതുപോലെയോ സാക്ഷാല്‍ പണിക്കരുടെ ശിക്ഷണത്തില്‍ മോഹന്‍ലാല്‍ കര്‍ണ്ണഭാരമാടിത്തിമര്‍ത്തതുപോലെയോ നീ തകര്‍ക്കും. വേദിയില്‍ ഇരുളും വെളിച്ചവും തമ്മിലൊള്ള ആ സംഗരത്തില്‍ നീ നമ്മടെ നാട്ടുകാരെ വെറപ്പിക്കും; വിസ്മയിപ്പിക്കും. അതോടെ നിന്റെയീ പാവത്തമൊക്കെ പോകുവെടാ. നിന്നിലൊറങ്ങുന്ന ആ ഭയങ്കരനെ കണ്ട് അവര്‍ ഞെട്ടും. നിനക്ക് നാട്ടിലൊരു വെലയൊക്കെ വരും.'
കൊച്ചാട്ടന്‍ എന്റെ മുഖത്തേക്ക് നോക്കി വികൃതമായ ഒരു ചിരി ചിരിച്ചു.

ലങ്കാലക്ഷ്മിയും കര്‍ണ്ണഭാരവും അയാള്‍ ഒരു വേദിയിലും കണ്ടിട്ടില്ലെന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. പത്രത്തിലോ മറ്റോ അതിനെക്കുറിച്ചുള്ള വല്ല വാര്‍ത്തകളും മുന്‍പ് വായിച്ചിരിക്കണം. എന്റെ സുഖകരമായ ഉറക്കം കളഞ്ഞ്, രഹസ്യം പറയാനുണ്ടെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുവന്നു വട്ടു പറയുന്നതിലുള്ള ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു: 'ഞാന്‍ ആരെടെ വേഷമാണ് കെട്ടേണ്ടത്?'
'ദുര്യോധനന്റെ!' ഏതു നടനേയും തോല്‍പ്പിക്കും വിധമുള്ള നടനഗൗരവത്തില്‍ അയാള്‍ എന്റെ ഇരുതോളുകളിലും പിടിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി പറഞ്ഞു: 'ഒരാധുനിക കൗരവന്റെ!'
രാവിലേ പോയി വല്ല പണിയും നോക്കാന്‍ പറഞ്ഞുകൊണ്ട് അപ്പോള്‍ത്തന്നെ ഞാന്‍ കൊച്ചാട്ടനെ തള്ളിമാറ്റി വീട്ടിലേക്ക് നടന്നു.
കൊച്ചാട്ടന്‍ എന്റെ പുറകെ ഓടിവന്നു. 'ഞാന്‍ പറഞ്ഞത് വെറുതെയല്ലെടാ' അയാള്‍ പറഞ്ഞു. 'നമ്മടെ നവചേതന ക്ലബ്ബിന്റെ വാര്‍ഷികത്തിന് സാംസ്‌കാരിക സമ്മേളനത്തിനും നാടന്‍ പാട്ടിനും എടേലൊള്ള സമയത്ത് എന്റെ നാടകം അവതരിപ്പിക്കാമെന്ന് ക്ലബ്ബുകാര് സമ്മതിച്ചിട്ടൊണ്ട്.' അയാള്‍ ഓടി എന്റെ മുന്‍പില്‍ കയറി. 'നിനക്കറിയാവെല്ലോ? എത്ര നാളത്തെ ആഗ്രഹമാണ് എന്റെ ഒരു നാടകം സ്‌റ്റേജേല്‍ കളിക്കണമെന്നൊള്ളത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമേയൊള്ള്. ഒറ്റ നടന്‍ മാത്രമൊള്ള ഒരു നാടകം. വില്ലനും നായകനും എല്ലാം നീയാ; നീ മാത്രം. നിന്നെ മനസ്സില്‍ കണ്ടോണ്ടാണ് ഞാനത് എഴുതിയതുതന്നെ.'

ജീവിതത്തില്‍ ഒരു നാടകത്തില്‍പ്പോലും അഭിനയിച്ചിട്ടില്ലാത്ത എന്നെ മനസ്സില്‍ കണ്ടുകൊണ്ട് അയാള്‍ നാടകം എഴുതിയെന്നു കേട്ട് എനിക്ക് ചിരി വന്നു. ഞങ്ങളുടെ തലമുറയെത്തിയപ്പോഴേക്കും സ്‌റ്റേജായ സ്‌റ്റേജുകളില്‍നിന്നെല്ലാം നാടകങ്ങള്‍ കര്‍ട്ടനിട്ട് മറയാന്‍ തുടങ്ങിയിരുന്നതിനാല്‍ ഞാന്‍ നേരാംവണ്ണം നാല് നാടകങ്ങള്‍ കണ്ടിട്ടുകൂടി ഇല്ലായിരുന്നു.
ഞാന്‍ അതിനെക്കുറിച്ച് അയാളോട് പറഞ്ഞു.

'എടാ, നീ ഇപ്പോഴത്തേ സിനിമകള് കാണാറില്ലേ?' അയാള്‍ ചോദിച്ചു. 'അതിലെ നായികമാര് പതിനെട്ട് തെകയുന്നേനു മുന്‍പേ ഏതെല്ലാം വേഷങ്ങളിലാണ് അഭിനയിക്കുന്നത്. രണ്ട് പുള്ളാരെടെ തള്ളയായിപ്പോലും അഭിനയിക്കാറില്ലേ? അവരൊക്കെ ഏത് യൂണിവേഴ്‌സിറ്റീല് പോയി പഠിച്ചിട്ട് വന്നാണ് അതെല്ലാം ചെയ്യുന്നത്? സമ്മിധായകന്‍ പറഞ്ഞുകൊടുക്കുന്നതുപോലങ്ങ് ചെയ്യും. അതാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. അതുപോലെ നീയുവങ്ങ് ചെയ്താല്‍ മതി. നീ അഭിനയിക്കുമെന്ന് പറഞ്ഞതുകൊണ്ടുകൂടിയാണ് അവന്മാര് നാടകം കളിക്കാന്‍ സമ്മതിച്ചത്.'
ഞാന്‍ വിജയന്‍ മുതലാളിയുടെ റബ്ബര്‍തോട്ടത്തിലൂടെ വീട്ടിലേക്കുള്ള കുറുക്കുവഴി കയറിയപ്പോള്‍, നാടകത്തില്‍ കുറച്ചുകൂടി മിനുക്കുപണികള്‍ ബാക്കിയുണ്ടെന്നും വൈകുന്നേരത്തോടെ തീരുമെന്നും പറഞ്ഞ്, ഒരു ബീഡി കത്തിച്ച് വലിച്ചുകൊണ്ട് അയാള്‍ നേരെ നടന്നു.
'വയ്യിട്ട് നീ വാ. നമ്മക്കിരുന്ന് വായിച്ച് നോക്കാം' അയാള്‍ വിളിച്ചുപറഞ്ഞു.

2
കൊച്ചുംനാളില്‍ മുതല്‍ എനിക്ക് പപ്പന്‍ കൊച്ചാട്ടനുമായി ചില ഇടപാടുകള്‍ ഉണ്ടായിരുന്നെങ്കിലും മുതിര്‍ന്നപ്പോള്‍ അതെല്ലാം പരമാവധി രഹസ്യമാക്കി വെയ്ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു. തന്റെ പ്രവൃത്തിളെക്കുറിച്ച് ആളുകള്‍ എന്തു പറയുമെന്ന വേവലാതിയൊന്നും ഇല്ലാത്ത ആളായിരുന്നു അയാള്‍. എനിക്കാണെങ്കില്‍ എല്ലാത്തിനും ഒരു മറവ് വേണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ആളുകള്‍ കൂടുന്നിടത്ത് ഞാന്‍ അയാളില്‍നിന്ന് അല്പം അകന്നു നില്‍ക്കുമായിരുന്നു. എന്നാല്‍, ഒറ്റയ്ക്കുള്ളപ്പോഴൊക്കെ ഞാന്‍ അയാളുടെ അടുത്ത കൂട്ടുകാരനുമായിരുന്നു. 

എനിക്കാണെങ്കില്‍ പണ്ടുപണ്ടേയുള്ള ഓര്‍മ്മകളൊക്കെ പലതും മറന്നുപോയിട്ടും പപ്പന്‍ കൊച്ചാട്ടനെ ആദ്യമായി കണ്ട ദിവസം ഇപ്പോഴും നല്ല തെളിച്ചത്തില്‍ ഓര്‍മ്മയുണ്ട്. കല്ലുരളില്‍ ഇരുന്ന് കാലാട്ടിയതിന് തള്ളയ്ക്ക് ദോഷമാണെന്ന് പറഞ്ഞ് പറങ്ങാണ്ടി ചുട്ടുകൊണ്ടിരുന്ന അമ്മ തവിക്കണകൊണ്ട് അടിച്ചതും ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന അയല്‍ക്കാരി മഞ്ജരിയുടെ പേരെന്താണെന്ന് ഹെഡ്മാസ്റ്റര്‍ ചോദിച്ചപ്പോള്‍ കുഞ്ഞാവയെന്ന് അവളുടെ അമ്മൂമ്മ പറഞ്ഞുകൊടുത്തതും മാത്രമാണ് അത്രയും പഴക്കമുള്ള ഓര്‍മ്മകള്‍. കുഞ്ഞാവയായി നാലാം ക്ലാസ്സുവരെ എന്റെ കൂടെ നടന്ന അവള്‍ പിന്നെ എങ്ങനെയാണ് മഞ്ജരിയായതെന്ന് എനിക്ക് അറിയാനും വയ്യ. 

അയല്‍വീടുകളില്‍നിന്ന് അഞ്ച് വറ്റല്‍മുളകും ഒരു സ്പൂണ്‍ തേയിലയുമൊക്കെ കടം വാങ്ങിയിരുന്ന കാലത്ത് അമ്മയോടൊപ്പം തങ്കമ്മയക്കയുടെ വീട്ടില്‍നിന്നും ഇടങ്ങഴി അരി കടം വാങ്ങാന്‍ പോയപ്പോഴാണ് ഞാന്‍ പപ്പന്‍ കൊച്ചാട്ടനെ ആദ്യം കണ്ടത്. തങ്കമ്മയക്ക വലിയ പണക്കാരിയാണെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു. അവര്‍ കിണറ്റുകരയിലിരുന്ന് ഓട്ടു വിളക്കും കിണ്ടിയും തേച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, 'അരി ഇന്ന് വേണോ? ഇവിടിന്ന് വായനയുണ്ട്. ഉച്ചയ്ക്ക് സദ്യയുണ്ണാം' എന്നു പറഞ്ഞു. അമ്മ എന്റെ തലയില്‍ വിരലോടിച്ചുകൊണ്ട്, 'ഇവനിവിടെ നില്‍ക്കും' എന്നു പറഞ്ഞ് തങ്കമ്മയക്ക വിളക്കും കിണ്ടിയും തേച്ചെടുത്തുകൊണ്ടു പോകുന്നതുവരെ കാത്തുനിന്ന് അരിയും വാങ്ങിക്കൊണ്ടാണ് മടങ്ങിയത്. തങ്കമ്മയക്ക വീട്ടുവരാന്തയില്‍ പുല്‍പ്പായ വിരിക്കുന്നതും പീഠമെടുത്തുവെയ്ക്കുന്നതും നോക്കിക്കൊണ്ട് കുറച്ചുനേരം മുറ്റത്ത് നിന്ന ഞാന്‍ അറ്റം വളഞ്ഞ ഒരു കമ്പെടുത്ത് തറയില്‍ ഉരച്ചുകൊണ്ട് അമ്മയുടെ പിന്നാലെ ഓടിച്ചെന്നു. തങ്കമ്മയക്കയുടെ വീട്ടിലേക്കുള്ള ഇടവഴിയില്‍നിന്നു റോഡിലേക്ക് ഇറങ്ങുന്നിടത്ത് അമ്മ എന്നെ വഴിയരികിലേക്ക് മാറ്റിനിര്‍ത്തി, ഒഴിഞ്ഞുനിന്നു. വെളുത്ത മുണ്ടുടുത്ത് രണ്ടാംമുണ്ട് പുതച്ച് ഇടത് കക്ഷത്തില്‍ ഒരു തടിച്ച പുസ്തകവും വെച്ച് നെറ്റിയില്‍ നീണ്ട ഭസ്മക്കുറിയുമായി തങ്കമ്മയക്കയുടെ വീട്ടിലേക്കുപോയ ആളെ കാണിച്ച് അതാണ് നക്‌സലേറ്റ് പപ്പനെന്ന് അമ്മ പറഞ്ഞു.

അതെന്താണ് ഈ നക്‌സലേറ്റെന്ന് ഞാന്‍ അമ്മയോട് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അതേ ചോദ്യം തന്നെ അമ്മ എന്നോട് ചോദിച്ചു! ഞാന്‍ കണ്ണുമിഴിച്ച് ആകെയൊരു ചോദ്യമായി നില്‍ക്കുന്നതു കണ്ട്, അവര്‍ ആളുകളെ കൊല്ലുമെന്ന് അമ്മ പറഞ്ഞു. 'നീ പേടിക്കേണ്ട. പാവങ്ങളെ അവര് കൊല്ലില്ല. പണക്കാരേ കൊല്ലത്തൊള്ള്.'

തങ്കമ്മയക്കയുടെ വീട്ടിലേക്ക് കയറിപ്പോയ പപ്പന്‍ കൊച്ചാട്ടനെ ഞാന്‍ പേടിയോടെ നോക്കി. 'അപ്പോ, തങ്കമ്മയക്കയെ കൊല്ല്വോ!'
'പോടാ ചെക്കാ', അമ്മ ചിരിച്ചുകൊണ്ട് എന്റെ തലയില്‍ പിടിച്ച് തള്ളി. 'നീ പോയി സദ്യയൊക്കെ ഉണ്ടിട്ട് വാ.'

കുറച്ചുനേരം കൂടി റോഡിലും പുരയിടത്തിലും കറങ്ങി നടന്നിട്ട് ഞാന്‍ തിരികെ തങ്കമ്മയക്കയുടെ വീട്ടിലേക്ക് ചെല്ലുമ്പോഴേക്കും അവിടെ നാമം ചൊല്ലല്‍ തുടങ്ങിയിരുന്നു. പപ്പന്‍ കൊച്ചാട്ടന്‍ ഒരു പ്രത്യേക താളത്തില്‍ ഗഞ്ചിറ ഉയര്‍ത്തിയും താഴ്ത്തിയും അതില്‍ അടിച്ചുകൊണ്ടിരുന്ന് നാമം ചൊല്ലുന്നത് കേട്ട് ഈണത്തില്‍ അത് ഏറ്റുചൊല്ലിക്കൊണ്ടിരുന്ന തങ്കമ്മയക്കയുടെ വശത്ത് പോയി ഞാനും ചമ്രംപണിഞ്ഞിരുന്നു. നാമം കഴിഞ്ഞ് തങ്കമ്മയക്ക പുസ്തകം നിവര്‍ത്തി കൊടുത്തത് നോക്കി കുറെ വരികള്‍ വായിച്ച് അയാള്‍ ഫലം പറഞ്ഞു. നല്ല ഫലമെന്നു പറഞ്ഞ് തങ്കമ്മയക്ക ചിരിച്ചു. 'അവതാരങ്ങളുടെ ഓരോരോ ലീലകള്‍!' കൊച്ചാട്ടന്‍ പറഞ്ഞപ്പോള്‍, 'വാടാ കള്ളക്കൃഷ്ണാ' എന്നു വിളിച്ചുകൊണ്ട് അവര്‍ എന്നേയും കൂട്ടി അടുക്കളയിലേക്ക് പോയി. ഞങ്ങള്‍ക്ക് പിന്നാലെ വന്ന കൊച്ചാട്ടന്റെ നീട്ടിയും കുറുക്കിയുമുള്ള പാരായണം ആ വിടാകെ നിറഞ്ഞു. വായനയുടെ ഇടവേളയില്‍ തങ്കമ്മയക്കയുടെ അയ്യത്തുനിന്ന തൈത്തെങ്ങില്‍നിന്നും ഓലക്കാലുകള്‍ ഉരിഞ്ഞെടുത്തുകൊണ്ടുവന്ന് പപ്പന്‍ കൊച്ചാട്ടന്‍ എനിക്ക് പീപ്പിയും പാമ്പും പമ്പരവും പന്തും കണ്ണടയും പണിഞ്ഞുതന്നു. സദ്യയുണ്ട്, ഓലപ്പാട്ടങ്ങളുമായി വീട്ടിലേക്ക് പോകുമ്പോള്‍ വിടാതെ പിന്‍തുടരാന്‍ പോകുന്ന ഒരു കൂട്ടുകാരനാകും അയാളെന്ന് അന്നു ഞാന്‍ കരുതിയതേയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം തങ്കമ്മയക്ക കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചെന്നറിഞ്ഞ് പൊലീസുകാര്‍ ഇന്‍ക്വസ്റ്റിനുവേണ്ടി മുറി പൂട്ടുന്നതിനു തൊട്ടുമുന്‍പ് ഓടിച്ചെന്ന് അനേകം തലകള്‍ വകഞ്ഞുമാറ്റി ജനാലയിലൂടെ ആ ദൃശ്യം ഒരു നോക്ക് കണ്ടിട്ട് ആള്‍ക്കൂട്ടത്തിനിടയിലാകെ തെരഞ്ഞിട്ടും പപ്പന്‍ കൊച്ചാട്ടനെ അവിടെയെങ്ങും കണ്ടില്ല. 'നിന്റെ ആശാനെന്ത്യേ?' എന്ന് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പലരും മുനവെച്ച് എന്നോട് ചോദിച്ചു. അക്കാലത്ത് ഞാന്‍ പഠനത്തിന്റെ ഇടവേളകളില്‍ കൊച്ചാട്ടനോടൊപ്പം ഉത്സവപ്പറമ്പുകളില്‍ കീര്‍ത്തനങ്ങള്‍ വില്‍ക്കുന്നതിനു പോകുമായിരുന്നു. ഉഷസ്സന്ധ്യാകീര്‍ത്തനങ്ങള്‍ എന്നും തൃസന്ധ്യാകീര്‍ത്തനങ്ങള്‍ എന്നും തലക്കെട്ട് നല്‍കി അതിനടിയില്‍ വിദ്വാന്‍ കോട്ടൂര്‍ പത്മനാഭപിള്ള എന്ന് പേരെഴുതിയിരുന്ന എഞ്ചുവടി വലിപ്പത്തിലുള്ള പുസ്തകത്തിന് പത്ത് രൂപയാണ് വിലയിട്ടിരുന്നത്. അഞ്ചു രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആ പുസ്തകത്തിലെ വരികള്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് സ്വരമധുരമായി കൊച്ചാട്ടന്‍ പാടുമായിരുന്നു. വിറ്റുപോകുന്ന ഓരോ പുസ്തകത്തിനും ചെലവ് കിഴിച്ച് ലഭിക്കുന്ന അഞ്ചുരൂപയുടെ പകുതിയായിരുന്നു എന്റെ കൂലി. 

തൂങ്ങി നിന്നിരുന്ന തങ്കമ്മയക്കയുടെ ഭാരവുമായി ഞാന്‍ പപ്പന്‍ കൊച്ചാട്ടനെ തിരക്കി ചെല്ലുമ്പോള്‍ അയാള്‍ വീടിനു മുന്‍പില്‍ ഓലകൊണ്ട് ഒരു മാടം പണിയുകയായിരുന്നു. എന്നെ കണ്ടതും മുഖവുരയില്ലാതെ അയാള്‍ പറഞ്ഞു: 'കുറെയാകുമ്പോള്‍ എന്തും മടുക്കുവെടാ. കൊറച്ച് പുസ്തകങ്ങള് ഇനിയും വിയ്ക്കാനൊണ്ട്. അതവിടിരിക്കെട്ടെ. വല്യ നഷ്ടമൊന്നും വരില്ല. ഞാന്‍ വേറൊരു പണി തൊടങ്ങാമെന്നു വെച്ചു. ഒളിവ് കാലത്ത് പഠിച്ച പണിയാണ്; വീഡി തെറുപ്പ്.'

ഞാന്‍ തങ്കമ്മയക്കയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒട്ടും താല്പര്യം കാണിക്കാതെ കെട്ടിക്കൊണ്ടിരുന്ന മാടത്തിനടിയില്‍ ഇട്ടിരുന്ന ഡസ്‌ക്കില്‍ കയറിനിന്ന് അയാള്‍ മേല്‍ക്കൂരയിലെ വാരികള്‍ ശരിയാക്കി.
'തങ്കമ്മയക്കയേയും മടുത്തിരുന്നോ?' ഞാന്‍ ഈര്‍ഷ്യയോടെ ചോദിച്ചു.

കൊച്ചാട്ടന്‍ രൂക്ഷമായി ഒന്നു നോക്കിയിട്ട് മേവാരിക്കിടയിലൂടെ തല പുറത്തിട്ട് 'ആ മുണ്ടോലയിങ്ങ് എടുത്തു താ' എന്ന് എന്നോട് പറഞ്ഞു. ഞാന്‍ വാശിയോടെ ഓലയെടുത്ത് അയാളുടെ മൂക്കിനു നേരെ എറിഞ്ഞ് കൊടുത്തിട്ട് വീട്ടിലേക്ക് പോന്നു. പപ്പന്‍ കൊച്ചാട്ടന്‍ പുതിയ കടയില്‍ മുറുക്കാനും ബീഡിയും മോരും നാരങ്ങാവെള്ളവും കച്ചവടം തുടങ്ങി. അയാളുടെ ബീഡിയാണെങ്കില്‍ പെട്ടെന്നു നാട്ടിലാകെ പേരെടുക്കുകയും ചെയ്തു. 

പപ്പന്‍ കൊച്ചാട്ടനില്‍നിന്നു ഞാന്‍ മനപ്പൂര്‍വ്വം കുറച്ച് അകന്നു നടക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. കടയില്‍ എപ്പോഴും ആളുകള്‍ കൂടിയിരുന്നതുകൊണ്ടായിരിക്കണം അയാള്‍ അതത്ര കാര്യമായി ശ്രദ്ധിച്ചതുമില്ല. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോഴേക്കും അയാള്‍ ഓലമാടം പൊളിച്ചുകളഞ്ഞ് അവിടെ ഓടുമേഞ്ഞ ഒരു ഒറ്റമുറി കട പണിഞ്ഞു. 

3
കൊച്ചാട്ടന്റെ കടപോലെ ഞാനും കുറേ വളര്‍ന്നു.
ഒരു ദിവസം അയാള്‍ എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി നാടകങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. നൂറ്റാണ്ട് പഴക്കമുള്ള ആ വീടിന്റെ വടക്ക് വശത്തെ ചായിപ്പില്‍ ഇട്ടിരുന്ന ഒരു പത്തായത്തിനു പുറത്ത് ഷീറ്റ് വിരിച്ചായിരുന്നു അയാള്‍ കിടക്കുന്നത്. പത്തായത്തേല്‍ ഇരുന്നുകൊണ്ട് കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യും 'അശ്വമേധ'വും കാണാന്‍ കൂട്ടുകാരുമൊത്ത് ചൂട്ടുകത്തിച്ചു പോയ രാത്രികളെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. പിന്നെ, കായംകുളത്തെ പഠാണിപ്പറമ്പില്‍ പോയി കലാനിലയക്കാരുടെ 'രക്തരക്ഷസും' 'കടമറ്റത്തുകത്തനാരും' കണ്ടുവന്നു പേടിച്ച് ഉറക്കമില്ലാതെ കിടന്ന രാത്രികളെക്കുറിച്ചായി സംസാരം. ഒടുവില്‍, ജയകേരളക്കാരുടെ 'നൃത്തനാടകം' കാണാന്‍ പോയി ദേവലോകസുന്ദരിമാരെ മനുഷ്യരൂപത്തില്‍ കാണുന്നതിനായി സ്‌റ്റേജിന്റെ പിന്നാമ്പുറത്ത് ഒളിച്ചുനില്‍ക്കെ കാലുതെറ്റി, കല്ലുവെട്ടുകുഴിയില്‍ വീണുകിടന്ന് ഉര്‍വ്വശിരംഭതിലോത്തമമാരുടെ നൂപുരധ്വനികളും പാട്ടും കേട്ട രാത്രികളേയും കുറിച്ച് പറഞ്ഞിട്ട്, അഞ്ച് നോട്ടുബുക്കുകള്‍ എടുത്ത് എന്റെ കയ്യില്‍ തന്നു. 
'ഞാനെഴുതിയ നാടകങ്ങളാണ്. ഇതെല്ലാം ഒന്ന് സ്‌റ്റേജേല്‍ കളിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോ എന്റെ ചിന്ത. അതിനുമുന്‍പ് നീ ഇതെല്ലാമൊന്ന് വായിച്ചുനോക്ക്.' അയാള്‍ പറഞ്ഞു.

തീരെ ചെറിയ അക്ഷരങ്ങളില്‍ എഴുതിയിരുന്ന ആ നാടകങ്ങളെല്ലാം വായിച്ചു തീര്‍ക്കണമെങ്കില്‍ ദിവസങ്ങള്‍തന്നെ വേണമായിരുന്നു. 
'നാടകം വായിച്ചാ ആസ്വദിക്കാന്‍ പറ്റത്തില്ല. അത് കാണുന്നതാ നല്ലത്.' ഒഴിഞ്ഞുമാറുന്നതിനായി ഞാന്‍ പറഞ്ഞു.
'അത് ശരിയാ' കൊച്ചാട്ടന്‍ സമ്മതിച്ചു. 'നാളെ മൊതല് നീ വാ. ഞാന്‍ അഭിനയിക്കുംപോലെ വായിച്ച് കാണിക്കാം.'
നാടകം കേള്‍ക്കാന്‍ ചെന്നതോടെ കൊച്ചാട്ടന് എന്നോട് പണ്ടത്തേതിലും സ്‌നേഹമായി. ബീഡി കത്തിച്ച് വലിച്ചുകൊണ്ട് പല കഥാപാത്രങ്ങളായി മാറി, വ്യത്യസ്തയൊച്ചകള്‍ പുറപ്പെടുവിച്ച് അയാള്‍ നാടകം വായിക്കുന്നത് കേള്‍ക്കാന്‍ രസംതന്നെയായിരുന്നു. 
നാലര മണിക്കൂര്‍ സമയംകൊണ്ട് ആദ്യ നാടകം വായിച്ച് തീര്‍ത്ത സമ്പൂര്‍ണ്ണ നിശ്ശബ്ദതയില്‍ ഞാന്‍ ഒരേയൊരു സംശയം ചോദിച്ചു: 'നാടകമാകുമ്പോ അതിന്റെയൊര് സമയക്രമമൊക്കെ വേണ്ടേ?'

'സമയക്രമമൊക്കെ നിക്കട്ടെ. ഞാന്‍ വായിച്ചപ്പോള്‍ നിനക്ക് കേട്ടിരിക്കാന്‍ തോന്നുന്നെല്ലോ?' അയാള്‍ തിരിച്ചു ചോദിച്ചു.
ഞാന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. തോപ്പില്‍ ഭാസി കിടന്ന പത്തായത്തിനു മുകളില്‍ കിടക്കുന്നതിന്റെ പച്ചയുണ്ടെന്നു പറഞ്ഞ് ചിരിച്ചു. ശൂരനാട് സംഭവത്തിനുശേഷം തോപ്പില്‍ ഭാസിയും പുതുപ്പള്ളി രാഘവനും ഒളിവില്‍ കഴിയുന്ന കാലത്ത് തന്റെ വീട്ടില്‍ ഒരു ദിവസം കഴിഞ്ഞിട്ടുണ്ടെന്നും ചാമവിളയിലെ കേശവപിള്ള ചേട്ടന് തന്റെ അച്ഛനുമായുണ്ടായിരുന്ന സൗഹൃദമാണ് അവരെ രഹസ്യമായി കൂട്ടിക്കൊണ്ടുവന്ന് പാര്‍പ്പിക്കുന്നതിന് ഇടവരുത്തിയതെന്നും മുന്‍പ് കൊച്ചാട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. പിറ്റേന്നുതന്നെ പാലമേലുള്ള ഒരു സഖാവ് അവരെ കൂട്ടിക്കൊണ്ടുപോയതിനാല്‍ ഒരു ദിവസമേ അവര്‍ക്ക് ആ പത്തായത്തിനു മുകളില്‍ കിടക്കേണ്ടിവന്നുള്ളൂ. അവര്‍ മൂന്നുപേരും മരിച്ചുപോയിരുന്നതുകൊണ്ടും അക്കാലത്ത് തോപ്പില്‍ ഭാസിയും പുതുപ്പള്ളി രാഘവനും ഞങ്ങളുടെ നാട്ടിലെ ചില വീടുകളില്‍ ഒളിച്ചു പാര്‍ത്തിരുന്നതിനാലും രണ്ട് പേര്‍ക്ക് കിടക്കാന്‍ മാത്രം വീതിയുണ്ടോ പത്തായത്തിനെന്ന് മാത്രമേ അന്നു ഞാന്‍ നോക്കിയിരുന്നുള്ളൂ.

'കൊച്ചാട്ടാ, ഇന്ന് കട തൊറക്കുന്നില്ല്യോ' എന്നു ചോദിച്ച് മൂന്നാമതും ഒരാള്‍ അപ്പോള്‍ വീട്ടിലേക്ക് കയറിവന്നു. കൊച്ചാട്ടന്‍ ദേഷ്യത്തോടെ, അവനെ ആട്ടി, തെറിവിളിച്ച് കടയുടെ മുന്‍പിലേക്ക് ഓടിച്ചുവിട്ടു. പത്തോളം ആളുകള്‍ അപ്പോള്‍ത്തന്നെ അക്ഷമയോടെ കടയുടെ മുന്‍പില്‍ കാത്തുനില്‍ക്കുന്നുമുണ്ടായിരുന്നു. 

'ഈ നാട്ടില്‍ ഇവിടേ വീഡിയൊള്ളോ?' വായിച്ചുതീര്‍ത്ത നാടകം ബുക്കുകളുടെ ഏറ്റവും അടിയിലേക്ക് തിരുകിവെച്ച് കടയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ കൊച്ചാട്ടനോട് ഞാന്‍ ചോദിച്ചു.
'നാട്ടിലെ കടേലെല്ലാം നല്ല കെട്ടുഭംഗിയൊള്ള വീഡികളൊണ്ടെടാ; പല കമ്പനികടെ വരവ് വീഡികള്‍' അയാള്‍ പറഞ്ഞു:  'പക്ഷേ, അതിനൊന്നും നമ്മടെ വീഡീടെ കൊണം കാണത്തില്ല.'
'ഓ, പിന്നേ, ഒരു കൊണം.'

പോകാനിറങ്ങിയ പപ്പന്‍ കൊച്ചാട്ടന്‍ ഞാന്‍ പുച്ഛിക്കുന്നത് കേട്ട് പത്തായത്തിനു പുറകിലെ രഹസ്യ അറയില്‍നിന്നു പഴകിയ ഒരു ന്യൂസ് പേപ്പര്‍ പൊതിയെടുത്ത് അഴിച്ച് എന്നെ കാണിച്ചു. കടുകുമണികളേക്കാള്‍ കുറച്ചുകൂടി മുതിര്‍ന്നതും എന്നാല്‍, അത്രയും നിറമില്ലാത്തതുമായ കുറേ അരികളായിരുന്നു അത്. അതെന്താണെന്നു മനസ്സിലായെങ്കിലും ഞാനത് ഭാവിച്ചില്ല.
'പൊട്ടാ, ഇതാടാ മാരിജുവനാ! മനസ്സിലായില്ല്യോ? കനാവിസ് സാറ്റിവ.' പപ്പന്‍ കൊച്ചാട്ടന്‍ വായിച്ചു തീര്‍ത്ത നാടകത്തില്‍നിന്ന് ഇറങ്ങിവന്ന ഒരു കഥാപാത്രത്തെപ്പോലെ പറഞ്ഞു: 'നീ വേണമെങ്കില്‍ കഞ്ചാവരികളെന്ന് പറഞ്ഞോ.'
ഞാന്‍ കുറച്ചുകൂടി അതിശയം ഭാവിച്ചു.

കൊച്ചാട്ടന്‍ ശബ്ദത്തെ താഴ്ന്ന നിലയിലേക്ക് വ്യതിചലിപ്പിച്ചു: 'ഞാന്‍ വീഡി തെറുക്കുമ്പോ ചുക്കായില്‍ ഇതിന്റെ കൊറേ പൗഡറുങ്കൂടെ പറ്റിയിരിക്കുവെടാ. കൃതപാകത്തില്‍! കസ്റ്റമേഴ്‌സിന്റെ ഒരു സംതൃപ്തിക്ക്. അതുകൊണ്ടാടാ എന്റെ വീഡിക്ക് ആവശ്യക്കാര് കൂടുന്നത്. ഞാനെന്റെ വീഡിക്കിട്ടിരിക്കുന്ന പേര് എന്ത്വാന്ന് അറിയാവോ, മാര്‍ഗരീത്താന്നാ!' അയാള്‍ ചിരിച്ചു. 'അമേരിക്കക്കാരന്റെ പ്രീയപ്പെട്ട കൊക്‌ടേലാ. നമ്മടെ നാട്ടുമ്പുറത്തുകാരും ഒരു കോക്ക്‌ടേലാസ്വദിക്കെട്ടെടാ; ഒരു ഖര കോക്‌ടേല്!'
വളരെക്കാലമായി ഞാന്‍ ആഗ്രഹിച്ചിരുന്ന ആ ചോദ്യം പപ്പന്‍ കൊച്ചാട്ടന്‍ അഞ്ചാമത്തെ നാടകം വായിച്ചുതീര്‍ത്ത ദിവസം ഞാന്‍ ചോദിച്ചു:
'കൊച്ചാട്ടന്‍ ശരിക്കുമൊര് നക്‌സലേറ്റാരുന്നോ?'

അയാള്‍ കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്നു. പിന്നെ, നാടകം അടച്ചുവെച്ച് പത്തായത്തിനു പടിഞ്ഞാറുവശത്തിരുന്ന തുരുമ്പിന്റെ നിറമുണ്ടായിരുന്ന ട്രങ്ക് തുറന്ന് കുറേ പുസ്തകങ്ങളെടുത്ത് വെളിയില്‍ വെച്ചു. പോസ്റ്ററുകളിലും ബാനറുകളിലുമെല്ലാം ധാരാളം കണ്ട് പരിചയിച്ചിരുന്ന ആളുകളുടെ ചിത്രത്തിനുമേല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നെല്ലാം എഴുതിവെച്ചിരുന്ന, ഇരട്ടവാലന്‍ കരണ്ട് ഏറെ സുഷിരങ്ങള്‍ വീണിരുന്ന പുസ്തകങ്ങളായിരുന്നു അതെല്ലാം. അതിനിടയില്‍നിന്നും വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങള്‍ എന്നു പേരെഴുതിയിരുന്ന ഒരു തടിച്ച പുസ്തകമെടുത്ത് നിവര്‍ത്തി. ന്യൂസ് പേപ്പറില്‍നിന്നും വെട്ടിയെടുത്ത പഴക്കം ചെന്ന ഒരു പേപ്പര്‍ കഷ്ണം അതില്‍നിന്നെടുത്ത് എന്റെ നേരെ നീട്ടി. നിരന്നുനില്‍ക്കുന്ന, പഴയകാലത്തെ കുറേ പൊലീസുകാര്‍ക്ക് മുന്‍പില്‍ പാവാടയും ബ്ലൗസുമിട്ട് നില്‍ക്കുന്ന അല്പം മുതിര്‍ന്ന ഒരു പെണ്‍കുട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു അത്.

'അജിതയാ' അയാള്‍ പറഞ്ഞു: 'ചെലപ്പം അജിതയെക്കാള്‍ ഇച്ചിരൂടെ പ്രായക്കൊറവ് എനിക്കാരിക്കും. ഇച്ചിരി മാത്രം. അജിതയെ പൊലീസുകാര് അറസ്റ്റ് ചെയ്ത ദിവസവാ ഞങ്ങടെ ആക്ഷന്‍ നടന്നത്. നമ്മടെ റേഡിയോ മുക്കില്‍ റേഡിയോ കെട്ടിടത്തിന്റെ നെഞ്ചത്ത് നാടാകെ പുല്‍പ്പള്ളി പൂക്കുവെന്ന് ചെഞ്ചേരിലേ രാമചന്ദ്രന്‍ ചൊമന്ന അക്ഷരത്തില്‍ എഴുതിവെച്ചു. എന്റെ കണക്കിന് രാമന്‍ നായര്‍ക്കും ചെല്ലപ്പനും ശങ്കരന്‍ മാസ്റ്റര്‍ക്കും ഓരോ സിന്ദാവായുമെഴുതി. നേരം വെളുത്തപ്പോ ചക്കരേല് ഈച്ചയാര്‍ക്കുന്നപോലെ പൊലീസുകാര് റേഡിയോമുക്ക് നെറഞ്ഞു. അവര് റേഡിയോ കെട്ടിടത്തേല്‍ കുമ്മായമടിച്ചോണ്ടിരിക്കുമ്പോഴേക്കും ഞാമ്പേടിച്ച് രാമചന്ദ്രന്റെ വീട്ടിലേക്ക് പാഞ്ഞു. അവനാണെങ്കി, അപ്പഴേ ബോംബേക്ക് പൊറപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നെ, നിക്കക്കള്ളിയില്ലാതെ ഞാന്‍ തെങ്കാശി വഴി തിരുപ്പൊറംകൂണ്ടത്തിനു പോയി. പാണ്ടിയെ കെട്ടി താമസിക്കുവാരുന്ന അപ്പച്ചീടെ വീട്ടിലേക്ക്. തിരിച്ച് വന്നപ്പോഴേക്ക് ഇവടെ കൂടുതലും ഭക്തിക്കാരായിരുന്നു. അവരടെ കൂടെ ഞാനും കൂടിയെങ്കിലും അവരെന്നെ നക്‌സലേറ്റെന്നാ വിളിച്ചത്.'

കൊച്ചാട്ടന്‍ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും ഞാന്‍ ഗൂഗിളില്‍ കയറി ആദ്യത്തെ ചോദ്യത്തില്‍ തന്നെ രാമന്‍ നായരേയും ചെല്ലപ്പനേയും ശങ്കരന്‍ മാസ്റ്ററേയും കണ്ടെത്തിയിരുന്നു! 
ആ നാടകങ്ങളെല്ലാം ഞാന്‍ വായിച്ചുകേട്ടത് കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. അതെല്ലാം, എഴുതിയിരുന്ന ബുക്കുകളില്‍ത്തന്നെ കിടന്ന്, ആള്‍ക്കൂട്ടം കാണാതെ മരിച്ചു കാണുമെന്നാണ് ഞാന്‍ കരുതിയത്.

4
വാട്‌സ് ആപ്പില്‍ നവചേതന ക്ലബ്ബിന്റെ പൊതുയോഗ അറിയിപ്പ് വന്നുകിടന്നത് വൈകി വായിച്ചിട്ട് ഞാന്‍ ചെല്ലുമ്പോഴേക്കും സെക്രട്ടറി യോഗതീരുമാനങ്ങള്‍ വായിക്കാന്‍ എഴുന്നേറ്റിരുന്നു. എന്നെ കണ്ടപ്പോള്‍ മുന്‍പിലിരുന്ന മൂന്നുപേരുടെ കൈകളിലൂടെ മിനിട്ട്‌സ് ബുക്ക് തന്ന് ഒപ്പിടുവിച്ചു തിരികെ വാങ്ങിക്കൊണ്ട് സെക്രട്ടറി പറഞ്ഞു: 'ഇപ്രാവശ്യത്തെ നമ്മടെ ഹൈലൈറ്റുകളിലൊന്ന് സതീശന്റെ നാടകമാ. പപ്പന്‍ കൊച്ചാട്ടന്‍ എഴുതിയതാണെന്നൊരു കൊറവേ ഒള്ളെങ്കിലും അയാടെ മാനറിസങ്ങളൊക്കെ വെച്ച് നോക്കുമ്പോ ചെലപ്പം നാടകം കേറിയങ്ങ് ക്ലിക്കാകും. ഇക്കാലത്ത് പേരുകേട്ട നല്ലവര് പറയുന്ന കഥകളേക്കാള്‍ കേക്കാന്‍ ആളുകൂടുന്നത് കൊറച്ച് കൊഴപ്പക്കാര് പറയുന്നതാ. എന്തായാലും നമ്മടെയൊരു ക്ലബ്ബ് മെമ്പറ് അഭിനയിക്കുന്ന നാടകം വാര്‍ഷികത്തിനു കളിക്കുന്നത് നല്ലതാ. പൊതുയോഗത്തില് വെച്ച് പാസ്സാക്കിയിട്ടൊണ്ട്, സതീശാ. നിന്റെ അസാന്നിദ്ധ്യത്തിലാണേലും നമ്മടെ മെമ്പറമ്മാരാരും ഒടക്ക് പറഞ്ഞില്ല. ഫുള്‍ സപ്പോര്‍ട്ടാ.'
ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പേ സെക്രട്ടറി യോഗതീരുമാനങ്ങള്‍ വായിച്ചു.

യോഗം അവസാനിപ്പിച്ച് അംഗങ്ങള്‍ പിരിഞ്ഞുതുടങ്ങിയപ്പോള്‍ ഒരു നാടകത്തേക്കാള്‍ നാടകീയമായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നതിലുള്ള അതിശയത്തോടെ ഞാന്‍ നാലു ചുവരുകളിലും പതിച്ചിരുന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളുടെ ചിത്രങ്ങളിലേക്ക് നോക്കി മിണ്ടാതിരുന്നു. നാടകത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് കരയാനോ ചിരിക്കാനോ ആവാത്തവിധമുള്ള ഒരഭിനയമുഹൂര്‍ത്തത്തിലായിരുന്നു ഞാന്‍. ക്ലബ്ബിന്റെ സെക്രട്ടറിയും പ്രസിഡന്റും വിജയന്‍ മുതലാളി എവര്‍റോളിംഗ് ട്രോഫിയോടൊപ്പം വടംവലി വിജയികള്‍ക്ക് കൊടുക്കാറുള്ള സ്‌കോച്ച് ഏതായിരിക്കണമെന്ന ആലോചനയിലേക്ക് കടന്നിരുന്നു. അത് എത്തിക്കാനുള്ള ചുമതല പൊതുയോഗം അവരെയാണ് ഏല്പിച്ചിരുന്നത്. അവര്‍ മൊബൈല്‍ ഫോണ്‍ തുറന്ന് ഒരു ചിത്രമെടുത്ത് എന്നെ കാണിച്ചു.

'മൂന്നാല് വര്‍ഷങ്ങളായി പെണ്ണുങ്ങള്‍ വരെ നമ്മടെ സാംസ്‌കാരിക സമ്മേളനത്തിനു വരുന്നത് കുപ്പികാണാനാ. ദാ... കണ്ടോ, കഴിഞ്ഞ വര്‍ഷത്തെ അതിഥിയെ?' പ്രസിഡന്റ് ചുവരിലെ ചിത്രത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞു: 'അവനെ കാണുമ്പഴേ ഒരു രാജകീയ ലുക്കൊണ്ട്.'
സ്‌റ്റേജിലെ നീണ്ട മേശപ്പുറത്ത് പട്ടുവിരിപ്പിനുമേല്‍ ഏകനായിരിക്കുന്ന ട്രോഫിയുടെ സൈഡില്‍ ഉയര്‍ത്തിപ്പിടിച്ച നൂറ് കൈകളില്‍ വിരാജിക്കുന്ന, കുഞ്ചലങ്ങളോടുകൂടിയ സ്വര്‍ണ്ണക്കയര്‍ കഴുത്തില്‍ ചുറ്റി ഞാത്തിയിരുന്ന, ക്രൗണ്‍ റോയല്‍ എന്ന കനേഡിയന്‍ മദ്യമായിരുന്നു അത്. അതിലുള്ള എന്റെ കൈകള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. സിനിമകള്‍ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫി ചെയ്യാറുള്ള നാട്ടിലെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ ഗുപ്തന്‍ മംഗല്യ എടുത്ത ഇരുളും വെളിച്ചവും കൂടിക്കലര്‍ന്ന അപൂര്‍വ്വ ഭംഗിയുള്ള ആ ഫോട്ടോ ഫ്രെയിം ചെയ്ത് അയാളുതന്നെയാണ് ക്ലബ്ബിനു സംഭാവന ചെയ്തത്. 

പ്രസിഡന്റ് ചുവരില്‍നിന്ന്  മൊബൈല്‍ ഫോണിലേക്ക് കണ്ണുകള്‍ പറിച്ചുമാറ്റിക്കൊണ്ടു ചോദിച്ചു. 'ദാ, ഇപ്രാവശ്യം ഇവന്‍ മതിയോ? പനാമാക്കാരനാ, പ്ലാന്റേഷന്‍. ഒരു പോരാളിയെപ്പോലെ സ്വയം വരിഞ്ഞുമുറുക്കിയാ നില്‍പ്പ്. കണ്ടാലേ അറിയാം. ശൗര്യക്കാരനാ.' 
'അതോ', (കുപ്പിക്കുമേല്‍ ചരടുകൊണ്ട് കോണോടുകോണ്‍ കെട്ടുകളുണ്ടായിരുന്ന പ്ലാറ്റേഷനെ സെക്രട്ടറി നടുവിരലുകൊണ്ട് തോണ്ടി മാറ്റി) 'ഇവന്‍ മതിയോ? ജോണ്‍ ദീവാര്‍. സ്‌കോട്ടിഷാ, വംശഗുണമൊള്ളവനാ.'

മൂന്നു താരങ്ങളും പെട്ടെന്നു മിന്നിമറഞ്ഞതിനാല്‍ തെരഞ്ഞെടുപ്പിനു കഴിയാതെ ഞാന്‍ ചുവരിലേക്കുതന്നെ നോക്കി, എന്റെ കൈകള്‍ തെരയാന്‍ തുടങ്ങി.

പുറത്ത് പഴഞ്ചന്‍ ബൈക്ക് കിതപ്പിച്ച് നിര്‍ത്തിയിട്ട് നടക്കാന്‍ പ്രയാസപ്പെട്ടുവന്ന ജോയിന്റ് സെക്രട്ടറി, 'സതീശാ, നാടകം പൊളിക്കണമെടാ' എന്ന് എന്നോട് പറഞ്ഞു. അവന്‍ ഉടുപ്പു പൊക്കി മടിക്കുത്തിനുള്ളില്‍നിന്ന് ഊരിയെടുത്ത നെപ്പോളിയനെ, വിയര്‍പ്പ് പറ്റി നനഞ്ഞ പൊതിയഴിച്ച് മേശപ്പുറത്തുവെച്ചു. 'ദാ, വല്യ മുദ്രാവാക്യങ്ങളുടെ പിന്മുറക്കാരന്‍. പട്ടാളം ജയിംസണ്ണന്റെ വീട്ടില്‍ മൂന്നുവട്ടം പോയിട്ടാ ഇവനേംകൊണ്ട് പോരാമ്പറ്റിയത്.' ഉടുപ്പൂരി മേശപ്പുറത്തുവെച്ച നെപ്പോളിയനെ തിരികെ എടുത്ത് ഒന്നുകൂടി അവന്‍ ഓമനിച്ചു. 'നാഭിയിലിരിക്കുമ്പോ ഇവന്‍ പരമ ശാന്തനാ, സൂക്ഷിച്ചാ മതി. തലയില്‍ കേറിയാല്‍ പിന്നെ സൂക്ഷിട്ട് കാര്യോമില്ല. വീഴുന്നതുവരെ പൊരുതിക്കോളും! സതീശാ, നീ നാടകത്തിന് സ്‌റ്റേജേല്‍ കേറുന്നേനു മുന്‍പ് ഇവനേലെ രണ്ട് ചെറുതടിക്കണം. എന്നാ നീ കര്‍ട്ടന്‍ വീഴുന്നതുവരെ കസറിക്കോളും.' 

സെക്രട്ടറിയും പ്രസിഡന്റും പെട്ടെന്നു ചര്‍ച്ച അവസാനിപ്പിച്ചതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിന്റെ ഭാരത്തില്‍നിന്നു ഞാന്‍ രക്ഷപ്പെട്ടു. 
പപ്പന്‍ കൊച്ചാട്ടനെ കാണുന്നതിനായി അപ്പോള്‍ത്തന്നെ ഞാന്‍ ക്ലബ്ബില്‍നിന്ന് ഇറങ്ങി. 'രണ്ട് പെഗ് കഴിച്ചിട്ട് പോടാ' എന്ന് സെക്രട്ടറി പറഞ്ഞിട്ടും ഞാനത് നിരസിച്ചു. അവന്‍ ഇപ്പോഴേ അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും മുഖം കണ്ടിട്ട് മോണാലിസയുടെ മുഖംപോലെ ഭാവം വ്യക്തമാകുന്നില്ലെന്നും നെപ്പോളിയനുമായി പോരു തുടങ്ങിക്കൊണ്ട് പ്രസിഡന്റ് പറഞ്ഞത് ഞാന്‍ മുറ്റത്തുനിന്നുകൊണ്ട് കേട്ടു; ജോയിന്റ് സെക്രട്ടറി പെട്ടെന്ന് ഡാവിഞ്ചി കോഡിനെക്കുറിച്ച് പറയാന്‍ തുടങ്ങിയതും.

ഞാന്‍ ചെല്ലുമ്പോള്‍ കൊച്ചാട്ടന്‍ കട അടയ്ക്കുകയായിരുന്നു. നീ ഇപ്പോള്‍ വന്നില്ലായിരുന്നുവെങ്കില്‍ കട അടച്ചിട്ട് ഞാന്‍ നിന്നെ തിരക്കി വരുമായിരുന്നുവെന്നും നാടകം അവസാനത്തെ മിനുക്കുപണിയും കഴിഞ്ഞിരിക്കുകയാണെന്നും എന്നെ കണ്ടപ്പോള്‍ത്തന്നെ അയാള്‍ പറഞ്ഞു. 
ഞാനാണെങ്കില്‍, സകല നിയന്ത്രണവും വിട്ട്, എന്റെ സമ്മതമില്ലാതെ ഞാന്‍ നാടകത്തില്‍ അഭിനയിക്കുമെന്ന് ക്ലബ്ബുകാര്‍ക്ക് വാക്കുകൊടുത്തതെന്തിനാണെന്ന് കൊച്ചാട്ടനോട് ചോദിച്ചു. ഏറ്റവും ദേഷ്യത്തോടെ, ഒരുത്തനെ അടിച്ച് മലര്‍ത്താന്‍ നില്‍ക്കുന്നവനെപ്പോലെ ഞാന്‍ അയാള്‍ക്ക് മുന്‍പില്‍നിന്നു വിറച്ചു. അയാള്‍ അതത്ര കാര്യമായി ശ്രദ്ധിക്കാതെ വളരെ ശാന്തഭാവത്തില്‍ എന്നെയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പോയി. 

'നീ ഒരു പാവമാണെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞിട്ടൊണ്ടോ?' അയാള്‍ ചോദിച്ചു. 
'ഒരുപാട് പേര്.' വിറയടങ്ങാതെ ഞാന്‍ പറഞ്ഞു. 
'എന്നിട്ട് നീ ഒരു പാവമാണോ?'
'ഞാനത്ര പാവമൊന്നുമല്ല.'
'പിന്നെന്തിനാണ് നീ പാവമാണെന്ന് അവര്‍ പറഞ്ഞത്?'
'ആ... എനിക്കറിയത്തില്ല.'
'എന്നാ എനിക്കറിയാം' അയാള്‍ ചിരിച്ചു. 'നിന്നെ അങ്ങേയറ്റം വലിപ്പിക്കാന്‍. അല്ലാതെന്തിനാ? നീ ഒരു പാവമാണെന്ന് നിന്നോട് പറഞ്ഞാല്‍ നീ ഒരു പാവമായിരുന്നുകൊള്ളുമെന്ന് അവര്‍ക്കറിയാം.'
കൊച്ചാട്ടന്‍ പറഞ്ഞുവരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ തുടര്‍ന്നു:
'നിന്നെ പാവമെന്നു പറഞ്ഞ് മൂലക്കിരുത്തിയവര്‍ക്കെല്ലാമൊള്ള മറുവടിയായിരിക്കും ഈ നാടകം. നിന്റെ എഥാര്‍ത്ത സൊത്വവെന്താണെന്ന് അത് വെളിപ്പെടുത്തും. അത്തരത്തിലൊള്ളൊരു നാടകവാ ഞാനെഴുതി വെച്ചിരിക്കുന്നത്.  എന്നാ, വേഷമഴിച്ച് കളഞ്ഞാല്‍ നീ പഴയ പാവമായിരിക്കുകയും അവര്‍ നിന്നെ ഭയപ്പെടുകയും ചെയ്യും. നീയൊന്നാലോചിച്ച് നോക്ക്. ഇതുപോലൊരു രസകരമായ കളി കളിക്കാന്‍ പറ്റുന്ന അവസരം ഇതല്ലാതെ മറ്റെന്തൊണ്ട്.' 

ഞാന്‍ ഒന്നും പറഞ്ഞില്ല. ഏറെ വൈകി പപ്പന്‍ കൊച്ചാട്ടന്റെ വീട്ടില്‍നിന്നു പോയത് അടുത്ത ദിവസം മുതല്‍ നാടകത്തിന്റെ റിഹേഴ്‌സല്‍ തുടങ്ങാമെന്ന തീരുമാനത്തോടെയായിരുന്നു.

5
ഉച്ചയ്ക്ക് കൊച്ചാട്ടന്‍ കട അടയ്ക്കുന്ന സമയത്താണ് നാടകത്തിന്റെ റിഹേഴ്‌സല്‍ തുടങ്ങുന്നതിനായി ഞാന്‍ അയാളുടെ വീട്ടിലേക്ക് ചെന്നത്. അപ്പോള്‍ പത്തായത്തിനു മുകളില്‍നിന്ന് ഒരു പെണ്‍കുട്ടിയുടെ ചിരിയൊച്ച കേട്ടു. ഞാന്‍ നാലുപാടും ശ്രദ്ധിച്ച്, വീടിനു പുറത്ത് ആരുമില്ലെന്നുറപ്പാക്കി, പത്തായത്തിനു മുകളിലേക്ക് ജനാലയിലൂടെ ഒളിഞ്ഞെത്തി നോക്കിയെങ്കിലും എന്റെ നിഴല്‍ കണ്ട പെണ്‍കുട്ടി പുറത്തേക്ക് ശലഭത്തെപ്പോലെ പറന്നുപോയി. 
'നമ്മടെ മഞ്ജരീടെ ഏറ്റോം എളേ മോളല്ലേ അത്?' ഞാന്‍ ചോദിച്ചു.
പപ്പന്‍ കൊച്ചാട്ടന്‍ മറുവടി പറയാതെ ചിരിച്ചു. അയാള്‍ എന്തോ നുണയുന്നതായി എനിക്ക് തോന്നി. ഞാന്‍ സംശയത്തോടെ കൊച്ചാട്ടനെ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.

എനിക്കുവേണ്ടി എഴുതിവെച്ചിരുന്ന 'പാശി' എന്ന നാടകം റിഹേഴ്‌സലിനു മുന്‍പ് വായിച്ച് കഴിഞ്ഞതോടെ ഞാനും കൊച്ചാട്ടനും തമ്മില്‍ തെറ്റി. മുന്‍പ് അയാള്‍ എന്നെ വായിച്ചു കേള്‍പ്പിച്ചിരുന്ന നാടകങ്ങളില്‍നിന്നു വ്യത്യസ്തമായ ഒന്നാണ് അതെങ്കിലും അതിലെ വേട്ടക്കാരനായ നായകന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും അധികം ക്രൂരതകളുള്ള ഒരു കഥാപാത്രമായിരുന്നു. ഒരാള്‍ സ്ഥായിയായ ഒരു കഥാപാത്രത്തില്‍നിന്ന് ലൈറ്റോഫുകള്‍ക്കുശേഷം പല കഥാപാത്രങ്ങളായി മാറുന്നതും അവരെല്ലാം ക്രൂരത മുഖമുദ്രയാക്കിയ ആദ്യ കഥാപാത്രത്തിന്റെ പര്യായങ്ങളായി നില്‍ക്കുന്ന രീതിയിലുമായിരുന്നു നാടകത്തിലെ പാത്രസൃഷ്ടി. സ്ഥായിയായ കഥാപാത്രത്തിനാണെങ്കില്‍ പപ്പന്‍ കൊച്ചാട്ടന്റെ രൂപവുമായിരുന്നു. 
'ഇത്രേം ക്രൂരതകളൊക്കെ, അതും കൊച്ചാട്ടന്റെ വേഷോം ധരിച്ചോണ്ട്, അഭിനയിച്ചു കാണിച്ചിട്ട് കിട്ടുന്ന ഇമേജൊന്നും എനിക്ക് വേണ്ട.' അയാള്‍ക്ക് എന്ത് തോന്നുമെന്നു ചിന്തിക്കാതെ ഞാന്‍ ഉള്ളകാര്യം തുറന്നു പറഞ്ഞു: 'കൊച്ചാട്ടന്‍ പറഞ്ഞതുപോലെ അത്ര പാവമല്ലെന്ന് നാട്ടുകാര് കരുതിക്കോട്ടെന്ന് വിചാരിച്ചെങ്കിലും അവരടെ മുമ്പില്‍ എനിക്ക് ഇത്രേം ഭയങ്കരനൊന്നും ആവണ്ടാ.'
'ഇതൊരു നാടകമല്യോടാ?' നാടകത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിക്കുന്നതിനായി അതുവരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മറന്നുകൊണ്ട് അയാള്‍ ചോദിച്ചു.

'അതേയതേ.' ഞാന്‍ തിരിച്ചു ചോദിച്ചു: 'നമ്മടെ പഴേ നടമ്മാരായ ഉമ്മറും ബാലങ്കേനായരും പുതിയ നടനായ ചെമ്പംവിനോദുമൊക്കെ തീരെ പാവങ്ങളാണെന്ന് എത്ര ആണയിട്ട് പറഞ്ഞാലും ആരെങ്കിലും വിശ്വസിക്കുവോ?'
കൊച്ചാട്ടന്‍ മറുവടി പറയാതെ നിരാശനായിരിക്കുന്നത് കണ്ട് ഞാന്‍ മറ്റൊരു നിര്‍ദ്ദേശം വെച്ചു: 'എന്തുകൊണ്ട് നമ്മക്കൊരു സല്‍ഗുണസമ്പന്നനായ നായകനെ അവതരിപ്പിച്ചുകൂടാ?'
അല്പം അലോചിച്ചിട്ട്, എതിരുകള്‍ പറയാതെ കൊച്ചാട്ടന്‍ എന്റെ നിര്‍ദ്ദേശം അംഗീകരിച്ചു. ഞങ്ങള്‍ രണ്ടുപേരുംകൂടി ആലോചിച്ചും തര്‍ക്കിച്ചും അന്നുതന്നെ ഒരു കഥയുണ്ടാക്കി. രാക്ഷസന്റെ കോട്ടയില്‍ അകപ്പെട്ട രാജകുമാരിയെ രക്ഷിക്കാന്‍ പുറപ്പെടുന്ന ചെറുപ്പക്കാരന്റെ യാതനകളത്രയും പുതിയ കാലത്തേക്ക് പറിച്ചുനട്ടുകൊണ്ട്, എനിക്ക് ധാരാളം അഭിനയസാധ്യതകളുള്ള, ഒരു കഥാപാത്രത്തെത്തന്നെ ഞങ്ങള്‍ സൃഷ്ടിച്ചെടുത്തു. കാഴ്ചക്കാരുടെ ഹൃദയത്തോട് നേരിട്ട് സംസാരിക്കുന്നവിധമുള്ള സംഭാഷണങ്ങളും ചിട്ടപ്പെടുത്തി. 

പിറ്റേന്ന് ഉച്ചക്ക് ഞാന്‍ കൊച്ചാട്ടന്റെ വീട്ടിലേക്ക് കുറച്ച് നേരത്തെ ചെന്നു. കൊച്ചാട്ടന്‍ അപ്പോള്‍ കട അടച്ചിരുന്നില്ല. അന്നേരം, വീട്ടുമുറ്റത്ത് പടര്‍ന്നുനില്‍ക്കുന്ന, നിറയെ പൂക്കളുള്ള, മഞ്ഞ അരളിച്ചെടിയുടെ സമീപത്ത് മഞ്ജരിയുടെ മകള്‍ നില്‍ക്കുന്നത് കണ്ടു. അവള്‍ ചിറകുകളില്‍ കണ്‍പീലിയുടെ ചിത്രമുള്ള ഒരു ശലഭത്തെ കൈവിരലുകള്‍കൊണ്ട് ഉയര്‍ത്തിയെടുത്ത് മുകളിലേക്ക് പറത്തുകയായിരുന്നു. വളരെ പതിയെയുള്ള കാലടികളോടെ ഞാന്‍ അവള്‍ക്കു പുറകിലൂടെ ചെന്നു പൂവിലിരുന്ന മറ്റൊരു ചിത്രശലഭത്തെ ഉയര്‍ത്തിയെടുത്ത് മുകളിലേക്കെറിഞ്ഞു. അത് അരളിച്ചെടിക്കപ്പുറത്ത് മൂക്കുകുത്തി വീണത് കണ്ട് അവള്‍ ചിരിച്ചു. 
'ചെറകേല്‍ പതുക്കെ പിടിക്കണം.' അവള്‍ പിന്നെയും ചിരിച്ചു.
'നിന്റെ പേരെന്ത്വാ?' ഞാന്‍ ചോദിച്ചു.
'രമ്യ' അവള്‍  തുടര്‍ന്നു പറഞ്ഞു: 'രമ്യ രമേഷ് കുമാര്‍.'

ഞാന്‍ അവള്‍ക്ക് വളരെ വേഗം, മുന്‍പ് എനിക്ക് തങ്കമ്മയക്കയുടെ വീട്ടില്‍വെച്ച് പപ്പന്‍ കൊച്ചാട്ടന്‍ പണിഞ്ഞു തന്നതുപൊലെയുള്ള ഒരു ഓലപ്പാമ്പിനെ പണിതു കൊടുത്തു. അവള്‍ അത് പിന്നിലേക്ക് എറിഞ്ഞുകളഞ്ഞ് ചിരിച്ചപ്പോള്‍ ഞാന്‍ അവളുടെ താടി പിടിച്ചുയര്‍ത്തി ഒരു ഉമ്മ കൊടുത്തു. ഞങ്ങള്‍ പെട്ടെന്നു കൂട്ടുകാരായതുകൊണ്ട് ഞാന്‍ അവളേയും കൂട്ടി പപ്പന്‍ കൊച്ചാട്ടന്റെ പത്തായത്തിനടുത്തേക്കു പോയി. കൊച്ചാട്ടന്‍ കട അടച്ചിട്ട് വരുവാന്‍ കുറച്ചുനേരം കൂടി ഉണ്ടെന്നു കണ്ട് ഞാന്‍ അവളെ പത്തായത്തിനു മുകളിലേക്ക് ഉയര്‍ത്തി ഇരുത്തി. അവളുടെ മുളയ്ക്കാന്‍ തുടങ്ങിയ മൊട്ടുകള്‍ അപ്പോള്‍ എന്റെ മുഖത്തിനു നേരെ വന്നു. മെല്ലെമെല്ലെ ഞാന്‍... പത്തായത്തിനു മുകളില്‍നിന്നു മുന്‍പ് പപ്പന്‍ കൊച്ചാട്ടന്‍ കേള്‍പ്പിച്ച ചിരി അവള്‍ ഇക്കിളിപൂണ്ട് ചിരിക്കുന്നത് കണ്ടു.
കൊച്ചാട്ടന്‍ കട അടച്ചിട്ട് വരുന്നത് ജനാലയിലുടെ കണ്ട അവള്‍ മൂക്കുകുത്താതെ പുറത്തേക്ക് പറക്കുന്നത് കണ്ട് ഞാനും ചിരിച്ചു.

6
കൊച്ചാട്ടന്റെ വീടിന്റെ കിഴക്കുവശത്ത് തെക്കുവടക്ക് നീളത്തിലുള്ള വരാന്തയില്‍ ചോക്കുകൊണ്ട് ഒരു ഇരട്ടവരയന്‍ വേദി വരച്ച് അതിനുള്ളിലായിരുന്നു ഞങ്ങളുടെ നാടകപഠനം. ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ തലേദിവസം വേഷവിതാനങ്ങളോടും പശ്ചാത്തല സംഗീതത്തോടും കൂടി അവസാനത്തെ റിഹേഴ്‌സല്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ആദ്യരംഗം അഭിനയിച്ച് തീര്‍ക്കുന്നതിനുമുന്‍പേ, അതുവരെ കളിച്ചിരുന്ന നാടകത്തിലില്ലാത്ത രണ്ട് കഥാപാത്രങ്ങള്‍ വേദിയിലേക്ക് കയറിവന്നു! ശരിക്കും നാടകനടന്മാരെപ്പോലെ തോന്നിച്ച അവരെ കണ്ട് സംശയത്തോടെ ഞാന്‍ സംവിധായ വേഷത്തില്‍ ഇരുന്ന കൊച്ചാട്ടനെ നോക്കി. അയാള്‍ അതിലും വലിയ സംശയത്തോടെ എന്നെ നോക്കി. കയറിവന്നവരിലെ തടിയന്‍ അപ്പോള്‍ മുഴക്കമുള്ള ശബ്ദത്തില്‍ ആദ്യത്തെ ഡയലോഗ് പറഞ്ഞു:

'ആരാടാ, ഈ കോട്ടൂര്‍ പദ്മനാഭ പിള്ള?'
കസേരയില്‍നിന്ന് എഴുന്നേറ്റ കൊച്ചാട്ടനെ രണ്ടാമന്‍ കഴുത്തിനു പിടിച്ച് മുറ്റത്തേക്ക് തൂക്കിയെറിഞ്ഞു. മുറ്റത്ത്, ഞങ്ങളുടെ വേദിക്കു മുന്‍പിലെ കാഴ്ചക്കാരാകാതെ മറഞ്ഞുനിന്നിരുന്ന രണ്ടു പൊലീസുകാര്‍ യൂണിഫോമില്‍ ചാടിവീണ് കൊച്ചാട്ടനെ ഇരുകൈകളിലും പിടിച്ച് ഉയര്‍ത്തിയെടുത്തുകൊണ്ട് റോഡിലേക്ക് ഓടി. കൊച്ചാട്ടന്‍ മോങ്ങുന്നതുപോലെ എന്തോ ചോദിച്ചെങ്കിലും അവര്‍ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. ഞാന്‍ ആ നാല്‍വര്‍ സംഘത്തിനു പിന്നാലെ ഓടിച്ചെല്ലുമ്പോള്‍ കടയുടെ മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലേക്ക് അവര്‍ അയാളെ തള്ളിക്കയറ്റിയിരുന്നു. 
'എന്താ കാര്യം?' ഞാന്‍ ചോദിച്ചു.

'നീ ആരാ?' യൂണിഫോമിലുള്ള മെലിഞ്ഞ പൊലീസുകാരന്‍ എന്റെ നേരെ തിരിഞ്ഞു. 'നിനക്കും ഇതൊക്കെ അറിയാരുന്നോ?' വാഹനത്തിന്റെ വാതില്‍ അടയ്ക്കുന്നതിനു തൊട്ടു മുന്‍പ് അയാള്‍ പറഞ്ഞു: 'പെങ്കൊച്ചിനോട് ഒന്നൂടെ ചോദിക്കട്ടെ. അറിഞ്ഞിട്ട് മറച്ചുവെക്കുന്നവനും പ്രതിയാ, ഓര്‍ത്തോ.' 
ഞാന്‍ വേഗം അഞ്ചടി പിന്നിലേക്കു മാറി.

വാഹനം അതിവേഗം പോകുന്നതു കണ്ടുകൊണ്ട് ഞാന്‍ കൊച്ചാട്ടന്റെ വീട്ടിലേക്കോടി. ചിന്തിച്ചു നില്‍ക്കാന്‍ തീരെ നേരമില്ലായിരുന്നു. പത്തായത്തിനു മുകളിലിരുന്ന് ഒരു ചിത്രശലഭം എന്റെ നേരെ നോക്കി വല്ലാതെ ചിരിച്ചു. ഒന്നുകൂടി ചോദിച്ചാല്‍ ഞാന്‍ പറയും! അത് ചിറകടിച്ച് കൊഞ്ചി. കെട്ടിയിരുന്ന വേഷങ്ങളെല്ലാം പറിച്ചെറിഞ്ഞിട്ട്, കൊച്ചാട്ടന്റെ നാടകങ്ങളും പത്തായത്തിന്റെ രഹസ്യ അറയിലിരുന്ന കഞ്ചാവ് പൊതിയും ബീഡികളും എടുത്തുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി. നാടകമെഴുതിയിരുന്ന ബുക്കുകളെല്ലാം വീട്ടുമുറ്റത്തിട്ട് അപ്പോള്‍ത്തന്നെ ഞാന്‍ കത്തിച്ചുകളഞ്ഞു. ആ തീയില്‍നിന്നു കത്തിച്ച ബീഡികള്‍ തുടര്‍ച്ചയായി പുകച്ചുതീര്‍ത്തെങ്കിലും എനിക്ക് ഒരു മനസ്സമാധാനവും വന്നില്ല. സന്ധ്യമയങ്ങിയതോടെ ഭയംകൊണ്ട് വിറയ്ക്കാന്‍ തുടങ്ങിയ ഞാന്‍ ഞവരക്കുന്നു മലയുടെ അടിവാരത്തെ കരിമ്പാറപ്പുറത്തേക്കു പോയി. പപ്പന്‍ കൊച്ചാട്ടന്റെ പൊതിയില്‍നിന്നും കുറച്ച് കഞ്ചാവരികളെടുത്ത് ബീഡിക്കുള്ളിലാക്കി തെറുത്ത് വലിച്ചുകൊണ്ട് ഞാനിരുന്ന് ആലോചിക്കാന്‍ തുടങ്ങി. രണ്ടാമത്തെ ബീഡി കത്തിക്കുമ്പോള്‍ ചിത്രങ്ങള്‍ വ്യക്തമായി കാണുംവിധം ശലഭശരീരമുള്ള ഒരു വെളിച്ചം ഇരുട്ടിലൂടെ പറക്കുന്നത് ഞാന്‍ കണ്ടു. അത് ഞാനിരുന്ന കരിമ്പാറയ്ക്കു ചുറ്റും വട്ടംവെച്ച് താഴ്ന്നു പറന്നു. പെട്ടെന്ന്, ഞാന്‍ എഴുന്നേറ്റ് ആ ചിത്രശലഭത്തിനു നേരെ കുതിച്ചു. എന്റെ ശരീരത്തിനു ഭാരം നന്നേ കുറഞ്ഞിരുന്നതിനാല്‍ അതിവേഗം പറന്നുചെന്ന്, വാ പിളര്‍ന്ന് അതിനെ വിഴുങ്ങിയിട്ട് തിളച്ച കണ്ണുകളുടെ വെളിച്ചത്തില്‍ ഞാന്‍ മഞ്ജരിയുടെ വീടിനു നേരെ പറന്നുചെന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത