നിലപാട്

'ഞങ്ങള്‍ അങ്ങോട്ടുപോയി അടിവാങ്ങിയതല്ലേ?; എനിക്കിങ്ങനയേ പ്രതികരിക്കാന്‍ പറ്റൂ...'; കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയെ പൊലീസ് വീടുകയറി അക്രമിച്ചതല്ല, അങ്ങോട്ടുപോയി അടിവാങ്ങുകയായിരുന്നു. തനിക്കിങ്ങനയെ പ്രതികരിക്കാന്‍ പറ്റൂവെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെപ്പറ്റി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും ചര്‍ച്ച നടത്തിയശേഷമാണ് കാനം പ്രതികരണം നടത്തിയിരിക്കുന്നത്. 

'പ്രാദേശികമായാണ് പ്രതിഷേധങ്ങള്‍ നടത്തിയത്. അതിനുള്ള അവകാശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. രാഷ്ട്രീയ കക്ഷികളുടെ ജോലി എന്നത് അനീതിയെ എതിര്‍ക്കുക എന്നതാണ്. അനീതി എന്നത് ചിലപ്പോള്‍ പൊലീസിന് എതിരാകും അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരാകും. അത് പാടില്ല എന്നൊന്നും ആരും തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പൊലീസില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പൊലീസ് ചെയ്യുന്ന എല്ലാ തെറ്റുകളേയും സര്‍ക്കാര്‍ ന്യായീകരിക്കാറില്ല. അങ്ങനെയാണെങ്കില്‍ പൊലീസിന്റെ ഉരുട്ടിക്കൊലയ്ക്ക് എന്തിനാണ് കേസെടുത്തത്? എന്തിനാണ് അന്വേഷിച്ചത്? ുമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലൊരു ജുഡീഷ്യല്‍ അന്വേഷണത്തിന് എത്ര ലക്ഷം ആളുകള്‍ വഴിയിലിറങ്ങേണ്ടിവന്നു? ഇപ്പോള്‍ അതൊന്നും വേണ്ടിവന്നില്ലല്ലോ? പക്ഷേ നിങ്ങള്‍ അതൊന്നും കാണില്ല, നിങ്ങള്‍ എല്‍ഡിഎഫിന് എതിരായി എന്തെങ്കിലും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്'.- കാനം പറഞ്ഞു. 

ജില്ലാ സെക്രട്ടറിയെയും എംഎല്‍എയും തിരിച്ചറിഞ്ഞില്ലേയെന്ന് പൊലീസിനോട് പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭായോഗത്തില്‍ വിഷയത്തെച്ചൊല്ലി സിപിഎം-സിപിഐ മന്ത്രിമാര്‍ തമ്മില്‍ വാക്‌പോര് നടന്നുവെന്ന വാര്‍ത്തയും സിപിഐ സംസ്ഥാന സെക്രട്ടറി തള്ളി. 'എല്‍ഡിഎഫ് യോഗത്തിലെ എകെ ബാലന്റെ പരാമര്‍ശം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. വെറുതേ അതിന്‍മേല്‍ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട. അങ്ങനെ പറഞ്ഞിട്ടില്ല, ആ വാര്‍ത്ത തെറ്റാണെന്ന് എകെ ബാലന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിഷേധിച്ച വാര്‍ത്തയെപ്പറ്റി എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പ്രതികരിക്കുന്നുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' 

'ഞങ്ങള്‍ പോയിട്ടല്ലേ അടിവാങ്ങിച്ചത്. ഞങ്ങള്‍ പ്രതിഷേധിക്കാന്‍ പോയിട്ടാണ് അടി കിട്ടിയത്. അല്ലാതെ എംഎല്‍എയെയും പാര്‍ട്ടി സെക്രട്ടറിയേയും വീടുകയറി അക്രമിച്ചതല്ലല്ലോ? ഒരു സമരമുഖത്ത് പൊലീസ് അധിക്രമമുണ്ടായിട്ടുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ ഉചിതമായിട്ടുള്ള നടപടിയുണ്ടായിട്ടുണ്ടാകും. ഞങ്ങളിപ്പോള്‍ ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല'.- കാനം പറഞ്ഞു. 

എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് സിപിഐക്കാര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാകുമ്പോഴാണ് ജില്ലാ നേതൃത്വത്തെ തള്ളി കാനം രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍