രാജ്യാന്തരം

ട്രംപുമായി ബന്ധമുണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ പ്രചരണം; നിക്കി ഹെയ്‌ലെ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നിക്കി ഹെയ്‌ലെ. ഇത്തരം വാര്‍ത്തകളില്‍ വാസ്തവമായതൊന്നുമില്ലെന്നും അമേരിക്കയുടെ യുഎന്‍ സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ്‌ലെ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ഒരു പുസ്തകത്തില്‍ തന്നെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിച്ചുകൊണ്ടാണ് അമേരിക്കന്‍ മാധ്യമമായ പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ ഒരിക്കലും രാഷ്ട്രീയ നേട്ടത്തിനായി ട്രംപിനോട് സംസാരിച്ചിട്ടില്ല. ട്രംപും താനും മാത്രമായി ഒരിക്കലും സമയം ചിലവഴിച്ചിട്ടില്ലെന്നും നിക്കി ഹെയ്‌ലെ പറഞ്ഞു. ഇത്തരം അപവാദങ്ങളെ മുന്‍പും താന്‍ നേരിട്ടിട്ടുണ്ട്. മുന്‍പ് നിയമനിര്‍മാണ സഭാംഗമായിരുന്നപ്പോഴും ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്നപ്പോഴും ഇത്തരം കിംവദന്തികള്‍ പ്രചരിച്ചിട്ടുണ്ടെന്നും അതൊന്നും തന്നെ പിന്നോട്ട് വലിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഇത് സ്ത്രീകള്‍ പൊതുവെ നേരിടുന്ന പ്രശ്‌നമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജോലി ചെയ്യുകയും അതില്‍ ഉയര്‍ച്ച ഉണ്ടാവുകയും ചെയ്യുന്ന സ്ത്രീകള്‍ക്കു നേരെയും ശ്രദ്ധ നേടുന്നവരും സമൂഹത്തില്‍ കാര്യമായെന്തെങ്കിലും ചെയ്യുന്നവരുമായ സ്ത്രീകള്‍ക്കു നേരെയും ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാനുള്ള കരുത്ത് നേടുകയാണ് താനെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കന്‍ എഴുത്തുകാരനായ മൈക്കല്‍ വോള്‍ഫ് രചിച്ച 'ഫയര്‍ ആന്‍ഡ് ഫ്യൂറി' എന്ന കൃതിയിലാണ് ട്രംപിനെയും നിക്കി ഹെയ്‌ലെയെയും കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുള്ളത്. രാഷ്ട്രീയ രംഗത്തുള്ള വളര്‍ച്ചയ്ക്കായി പ്രസിഡന്റ് ട്രംപുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ നിക്കി ഹെയ്‌ലെ ശ്രമിക്കുന്നതായി പുസ്തകത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. 

1969ല്‍ പഞ്ചാബിലെ അമൃത്സറില്‍നിന്ന് ദക്ഷിണ കരോലിനയിലെത്തിയ അജിത് സിങ് രണ്ഡാവയുടെയും രാജ്കൗര്‍ രണ്ഡാവയുടെയും മകളാണ് നിക്കി ഹെയ്‌ലെ. നിമ്രത രണ്ഡാവ എന്നായിരുന്നു യഥാര്‍ഥ പേര്. അത് ചുരുക്കിയാണ് നിക്കി ആയത്. ക്ലെസ്മണ്‍ സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ നിക്കി 2011ലാണ് കരോലിനയിലെ ഗവര്‍ണറാകുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം