രാജ്യാന്തരം

ശ്രീലങ്കയില്‍ സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു: പ്രധാനമന്ത്രി താന്‍ തന്നെയെന്ന് വിക്രമസിംഗെ; അനിശ്ചിതത്വം

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കിയതിന് പിന്നാലെ നവംബര്‍ പതിനാറ് വരെ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കിക്കൊണ്ടാണ് സിരിസേനയുടെ നടപടി. 

സിരിസേനയുടെ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയ്ന്‍സ് (യു.പി.എഫ്.എ) പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് വിക്രമസിംഗേയ്ക്ക് അധികാരം നഷ്ടപ്പെട്ടത്. 

225 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 95 അംഗങ്ങളുടെ പിന്തുണയാണ് രജപക്‌സെയുടെയും സിരിസേനയുടെയും പുതിയ മുന്നണിക്കുള്ളത്. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷ്ണല്‍ പാര്‍ട്ടിക്ക് 106 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. 

നവംബര്‍ 5നായിരുന്നു വാര്‍ഷിക ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റ് കൂടേണ്ടിയിരുന്നത്. പാര്‍ലമെന്റ് സമ്മേളനം നീട്ടിയത് രജപക്‌സെയെ സഹായിക്കാനാണെന്ന് യുഎന്‍പി ആരോപിച്ചു. പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് വിക്രസിംഗെ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് 16വരെ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഉത്തരവിറക്കിയത്. 

രജപക്‌സെയുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധവും ഭരണഘടന ലംഘനവുമാണെന്ന് വിക്രമസിംഗെ ആരോപിച്ചു. ഈ പ്രതിസന്ധിയുടെ ഒരു ആവശ്യവും ഉണ്ടായിരുന്നില്ലെന്നും പ്രതിസന്ധി മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റ് കൂടിയിരുന്നെങ്കില്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമായിരുന്നെന്നും സഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  ഭരണഘടനാപരമായി ഇപ്പോഴും താനാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

മറ്റ് ചെറുകിട പാര്‍ട്ടികളുടെ പിന്തുണ നിലവില്‍ വിക്രമസിംഗെയ്ക്കാണ്. ശ്രീലങ്കന്‍ മുസ്‌ലിം കോണ്‍ഗ്രസ് നേതാവ് റൗഫ് ഹക്കീം വിക്രമസിമഗെയെ പിന്തുണച്ച് രംഗത്തെത്തി. ന്യൂനപക്ഷമായ തമിഴ്, മുസ്‌ലിം വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കളായ മനോ ഗണേശനും പളനി ദിഗംബരനും തങ്ങളുടെ പിന്തുണ വിക്രമസിംഗെയ്ക്കാണ് എന്ന് വ്യക്തമാക്കി. 

ഒരു ദശാബ്ദ കാലം നീണ്ടു നിന്ന രജപക്‌സെ ഭരണം അവസാനിപ്പിച്ച് 2015ലായിരുന്നു സിരിസേന-വിക്രസിംഗെ സഖ്യം ലങ്കയില്‍ അധികാരം പിടിച്ചെടുത്തത്. രജപക്‌സെ മന്ത്രസഭയിലെ ആരോഗ്യമന്തി ആയിരുന്ന സിരിസേന, മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയും പ്രസിഡന്റായി അധികാരമേല്‍ക്കുകയുമായിരുന്നു.  അടുത്തിടെ നടന്ന ശ്രീലങ്കയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രജപക്‌സെ രൂപീകരിച്ച പുതിയ പാര്‍ട്ടി വന്‍ വിജയം നേടിയതോടെയാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും, വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ രൂപംകൊണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം