രാജ്യാന്തരം

'യുദ്ധം എന്റെയോ മോദിയുടെയോ നിയന്ത്രണത്തില്‍ നില്‍ക്കില്ല'; ചര്‍ച്ചയാകാമെന്ന് ഇമ്രാന്‍ഖാന്‍ 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍. പുല്‍വാമ അടക്കമുളള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചയാകാമെന്ന് ടെലിവിഷനിലുടെ നടത്തിയ പ്രസ്താവനയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു.

തങ്ങളുടെ അതിര്‍ത്തി ലംഘിച്ച് ഇന്ത്യ കടന്നുവന്നതിന്, അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. നിയന്ത്രണരേഖ ലംഘിച്ച രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇമ്രാന്‍ഖാന്‍ അവകാശപ്പെട്ടു. യുദ്ധം ഉണ്ടായാല്‍ തന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കൈകളില്‍ നില്‍ക്കുകയില്ല. അതുകൊണ്ട് സംഘര്‍ഷം ഒഴിവാക്കാന്‍ ഒരുമിച്ച് ഇരുന്ന് ചര്‍ച്ച നടത്താമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം.

ലോകചരിത്രത്തില്‍ എല്ലാ യുദ്ധങ്ങളും തെറ്റായാണ് കണക്കുകൂട്ടിയത്. യുദ്ധം ആരംഭിച്ചവര്‍ക്ക് എവിടെ കൊണ്ടുപോയി ഇത് നിര്‍ത്തണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് തെറ്റായ കണക്കുകൂട്ടലിലേക്ക് ഇരുരാജ്യങ്ങളിലേയും ആയുധങ്ങളെ കൊണ്ടുപോകേണ്ടതുണ്ടോ എന്ന് ഇന്ത്യയോട് ചോദിക്കുന്നതായി ഇമ്രാന്‍ഖാന്‍ പറഞ്ഞു.

അതേസമയം,നിയന്ത്രണ രേഖയിലെ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ഒരു വൈമാനികനെ കാണാതായതായി സ്ഥിരീകരണം. ഒരു മിഗ് വിമാനം നഷ്ടമായതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാണാതായ വൈമാനികന്‍ തങ്ങളുടെ പിടിയിലാണെന്ന പാക് അവകാശവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. ഇന്ത്യന്‍ പൈലറ്റ് തങ്ങളുടെ പിടിയിലുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാന്‍ നേരത്തെ വിഡിയോ ദൃശ്യം പുറത്തുവിട്ടിരുന്നു.

ഇന്നു രാവിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായതായി രവീഷ്‌കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമമേഖലയിലേക്കു കടന്ന് ആക്രമണം നടത്താന്‍ ശ്രമമുണ്ടായി. അതീവ ജാഗ്രതയിലായിരുന്ന ഇന്ത്യന്‍ സേന  ഇതിനെ ചെറുത്തുതോല്‍പ്പിച്ചു.  ഒരു പാക് വിമാനം വെടിവച്ചിട്ടു. പാക് പ്രദേശത്താണ് ഇതു വീണത്.
പാകിസ്ഥാന്റെ പോര്‍ വിമാനങ്ങളെ മിഗ് 17 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ നേരിട്ടത്. ഇതിനിടെ ഒരു വിമാനം നഷ്ടമായിട്ടുണ്ട്. ഒരു പൈലറ്റിനെക്കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറിനൊപ്പമാണ് രവീഷ്‌കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര