രാജ്യാന്തരം

പാക് സൈന്യത്തിന്റെ 'ലൈംഗിക ഭീകരത'യെ ചെറുത്ത് ശത്രുവായി ; ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് ഗുലാലായുടെ അതിസാഹസിക രക്ഷപ്പെടല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : പാക് സൈന്യത്തിന്റെ ലൈംഗിക അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക അമേരിക്കയില്‍ അഭയം തേടി. പാകിസ്ഥാനിലെ പ്രശസ്ത  മനുഷ്യാവകാശ പ്രവര്‍ത്തകയായ ഗുലാലായ് ഇസ്മയില്‍ ആണ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രാജ്യത്തിന് പുറത്തുകടന്നത്. നൂറുകണക്കിനു പഷ്തൂണ്‍ സ്ത്രീകളെ പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ആരോപണം ഉയര്‍ത്തിയതോടെയാണ് ഗുലാലായ് കണ്ണിലെ കരടായത്. സൈന്യത്തിന്റെ നോട്ടപ്പുള്ളിയായ ഗുലാലായെ പൂട്ടാന്‍ ഭരണകൂടം തന്ത്രങ്ങള്‍ മെനയുന്നതിനിടെയായിരുന്നു അതിസാഹസികമായ രക്ഷപ്പെടല്‍.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ ഉള്ള സഹോദരിക്കൊപ്പമാണ് താന്‍ ഇപ്പോഴുള്ളതെന്ന് 32 കാരിയായ ഗുലാലായ് പറഞ്ഞു. വിമാനമാര്‍ഗമല്ല അമേരിക്കയില്‍ എത്തിയതെന്നും ഒളിവില്‍ കഴിയാനും രാജ്യം വിടാനും തന്നെ സഹായിച്ചവരുടെ ജീവന്‍ അപകടത്തിലാകും എന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകില്ലെന്നും ഗുലാലായ്  രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. പതിനാറാമത്തെ വയസ്സില്‍ 'അവെയര്‍ ഗേള്‍സ്' എന്ന പേരില്‍ ഒരു എന്‍ജിഒ സ്ഥാപിച്ചാണ് ഗുലാലായ് അനീതിക്കെതിരെ പോരാട്ടം തുടങ്ങുന്നത്. 

അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഗുലാലായിയെ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍പ്പെടുത്തി രാജ്യം വിടുന്നത് പാക്കിസ്ഥാന്‍ വിലക്കിയിരുന്നു. ശ്രീലങ്ക വഴിയാണ് ഇവര്‍ യുഎസില്‍ എത്തിയതെന്നാണ് നിഗമനം. മാസങ്ങളായി ഒളിവിലായിരുന്നുവെന്നും ഭീകരമായ ദിനങ്ങളാണു കഴിഞ്ഞു പോയതെന്നും ഗുലാലായ് ഇസ്മയില്‍ പറഞ്ഞു. കുറെ മാസങ്ങളായി അസാധാരണമായ നിരവധി സംഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യമായാണ് കരുതുന്നതെന്നും ഗുലാലായ് പറഞ്ഞു. രാഷ്ട്രീയ അഭയം നല്‍കണമെന്ന് ഗുലാലായ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജീവന്‍ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞതോടെയാണ്  മകള്‍ രാജ്യം വിടാന്‍ തീരുമാനിച്ചതെന്നു പിതാവ് മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.  തന്റെ മാതാപിതാക്കള്‍ പാക് പട്ടാളത്തിന്റെ നിരീക്ഷണ വലയത്തിലാണെന്നും ഇസ്ലാമാബാദിലുള്ള മാതാപിതാക്കളെ ഓര്‍ത്താണ് വിഷമിക്കുന്നതെന്നും ഗുലാലായ് പറഞ്ഞു. പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ചതോടെയാണ് ഭരണകൂടം എതിരായത്. ഭരണകൂട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയെന്നായിരുന്നു ഗുലാലായ്‌ക്കെതിരെ പാക് ഭരണകൂടം ഉയര്‍ത്തിയ പ്രധാന ആരോപണം. ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നുവെന്നാണ് ഗുലാലായിയുടെ കുടുംബത്തിനു മേല്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂണ്‍. പഷ്തൂണുകളുടെ വീടുകള്‍ ആക്രമിക്കുന്ന പാക് സൈന്യം, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം പട്ടാള ക്യാംപുകളില്‍ ലൈംഗിക അടിമകളാക്കുന്നു. ഈ സ്ത്രീകളെ സൈന്യം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ഗുലാലായ് ആരോപിക്കുന്നു. പഷ്തൂണ്‍ സംരക്ഷണ മുന്നേറ്റം എന്ന ഗുലാലായിയുടെ പ്രതിഷേധം ലോകശ്രദ്ധയിലേക്ക് വന്നതോടെയാണ് പാക് ഭരണകൂടം ഗുലാലയെ ശത്രുവിനെപ്പോലെ വേട്ടയാടാന്‍ തുടങ്ങിയത്. പാകിസ്ഥാന്‍ കോടതിയില്‍ ആറുകേസുകളോളം ഗുലാലായിയുടെ പേരിലുണ്ട്. നാലോളം തവണ ഗുലാലായ് പാക് ഭരണകൂടത്തിന്റെ തടവിലായിട്ടുണ്ട്. തണുത്ത മരവിച്ച പീഡന മുറിയില്‍ വെള്ളമോ ഭക്ഷണമോ നല്‍കാതെ ഗുലാലായെ ദിവസങ്ങളോളം അടച്ചിട്ടത് രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു