രാജ്യാന്തരം

'സുന്ദരികളായ യുവതികൾ പറഞ്ഞു രഹസ്യമായി ചിത്രങ്ങളയക്കാൻ'; കെണിയൊരുക്കി ഹമാസ്

സമകാലിക മലയാളം ഡെസ്ക്

ജെറുസലേം: ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് സൈനികരുടെ സ്മാര്‍ട് ഫോണുകള്‍ ഹമാസ് ഹാക്ക് ചെയ്തതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഹമാസിന്റെ ഹാക്കിങ് ശ്രമം നടന്നതായി സ്ഥിരീകരിച്ച ഇസ്രായേല്‍ സൈന്യം ഫോണുകളില്‍ നിന്ന് പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. കൂടുതല്‍ സൈനികരെ കെണിയില്‍ വീഴ്ത്തുന്നതിന് മുൻപ് സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയതായും സൈന്യം അറിയിച്ചു. 

ഇത് മൂന്നാം തവണയാണ് ഇസ്രായേല്‍ സൈനികരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ഹമാസ് ശ്രമിക്കുന്നതെന്ന് ലെഫ്. കേണല്‍ ജൊനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. യുവതികളാണെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലായി പ്രത്യേക ലിങ്ക് വഴി മാല്‍വെയറുകള്‍ കടത്തിവിട്ടാണ് ഫോണുകള്‍ ഹാക്ക് ചെയ്തിരുന്നത്. ഇതിനായി ഹമാസിന്റെ ഹാക്കര്‍മാര്‍ ഉപയോഗിച്ചിരുന്ന യുവതികളുടെ ചിത്രങ്ങളും ഇസ്രായേല്‍ പ്രതിരോധ വിഭാഗം പുറത്തുവിട്ടു. 

ഹീബ്രു യുവതിയാണെന്നും കേള്‍വി തകരാറുണ്ടെന്നും പറഞ്ഞാണ് ഇവര്‍ സൈനികരുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സൗഹൃദം ദൃഢമാകുന്നതോടെ രഹസ്യമായി ചിത്രങ്ങള്‍ കൈമാറാനെന്ന് പറഞ്ഞ് ഒരു പ്രത്യേക ലിങ്ക് അയച്ചു കൊടുക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് സൈനികരുടെ ഫോണില്‍ മാല്‍വെയറുകള്‍ ഡൗണ്‍ലോഡാകുന്നത്. ഇതിലൂടെ ഫോണിലെ ചിത്രങ്ങളും ഫയലുകളും നമ്പറുകളും അടക്കം എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കാം. ഫോണിന്റെ ഉടമ അറിയാതെ ചിത്രങ്ങളെടുക്കാനും റെക്കോർഡിങ് നടത്താനും സാധിക്കും. 

എന്നാല്‍ മാസങ്ങള്‍ക്ക് മുൻപ് തന്നെ ഹമാസിന്റെ നീക്കം തിരിച്ചറിഞ്ഞതായും അതിനാല്‍ വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 

സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്ന സൈനികര്‍ക്ക് അടുത്തിടെ ഇസ്രായേല്‍ സൈന്യം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനിടെയിലും ചില സൈനികര്‍ ഹമാസിന്റെ കെണിയില്‍ വീണതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി