രാജ്യാന്തരം

അഞ്ഞൂറ് കോടിരൂപ; ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍, പണം പിരിച്ചു തുടങ്ങാന്‍ ആഹ്വാനം

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍. ട്രംപിനെ വകവരുത്തിയാല്‍ 80മില്ല്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഏകദേശം അഞ്ഞൂറുകോടി ഇന്ത്യന്‍ രൂപ. ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം തീര്‍ക്കാനാണ് ഇറാന്റെ നടപടി.

എല്ലാ ഇറാനിയന്‍ പൗരരില്‍ നിന്നും ഓരോ ഡോളര്‍ വീതം ശേഖരിച്ച് ഇതിനുള്ള പണം കണ്ടെത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ ദേശീയ മാധ്യമത്തിലൂടെ പണപ്പിരിവിന് ആഹ്വാനം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇറാന് വൈറ്റ് ഹൗസ് അക്രമിക്കാനുള്ള ശേഷിയുണ്ടെന്നും സുലൈമാനിയുടെ മരണത്തില്‍ അമേരിക്കയുടെ ഹൃദയത്തില്‍ അടി നല്‍കുമെന്നും ഇറാന്‍ എംപി അബുല്‍ഫസല്‍ അബുതൊരാബി പറഞ്ഞു. ഞങ്ങള്‍ക്കതിനുള്ള ശേഷിയുണ്ട്, കൃത്യസമയത്ത് ഞങ്ങത് ചെയ്തിരിക്കും. ഇതൊരു യുദ്ധ പ്രഖ്യാപനമാണ്- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം, ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. 'അമേരിക്കയിലേക്ക് മരണം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ വിലാപയാത്ര നടത്തിയതെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നത് യുദ്ധകാഹളമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാരമ്പര്യമനുസരിച്ച്  യുദ്ധം വരുന്നതിന്റെ സൂചനയാണിത്. ഇതിന് തൊട്ടുപിന്നാലെ ഇറാഖിലെ ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായി.

സുലൈമാനിയുടെ വധത്തിന്റെ പേരില്‍ ഇറാന്‍, അമേരിക്കയ്ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പൗരന്മാരെയോ, വസ്തുവകകളെയോ ഇറാന്‍ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണ്. ഈ കേന്ദ്രങ്ങളില്‍ അതിശക്തമായ ആക്രമണമാണ് ഉണ്ടാകുകയെന്ന് ട്രംപ് പറഞ്ഞു.

സൈനിക മേധാവിയുടെ മരണത്തിന് അമേരിക്കയ്ക്ക് നേരെ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ അമേരിക്ക ലക്ഷ്യം വെച്ച 52 കേന്ദ്രങ്ങളില്‍, പലതും ഇറാനും ഇറാന്‍ സംസ്‌കാരത്തിനും വളരെ പ്രധാനപ്പെട്ടതാണ്. ടെഹ്‌റാന്‍ അമേരിക്കയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ഈ കേന്ദ്രങ്ങള്‍ക്ക് കഠിനമായ നാശമുണ്ടാകുമെന്നാണ് ട്രംപ് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചനയാണ് ട്രംപിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി