രാജ്യാന്തരം

ബ്യൂബോണിക് പ്ലേഗ് ബാധിച്ച് 15 കാരന്‍ മരിച്ചു; അണുബാധ എലിയെ തിന്നതിനെ തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

ഉലാന്‍ബതര്‍: മംഗോളിയയില്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് 15 കാരന്‍ മരിച്ചു. അണുബാധയേറ്റ എലിവര്‍ഗത്തില്‍പ്പെട്ട മാര്‍മോട്ടിനെ ഭക്ഷിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് രോഗം ഉണ്ടായത്. 15കാരന്റെ ഒപ്പം മാര്‍മോട്ടിനെ ഭക്ഷിച്ച രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. ഇവര്‍ക്ക് ആന്റിബയോട്ടിക് ചികിത്സ ആരംഭിച്ചതായി മംഗോളിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

സംഭവം നടന്ന സ്ഥലമായ ഗോബി-അള്‍തായ് പ്രവിശ്യയുടെ ഒരു ഭാഗത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുളള 15 പേരെ ക്വാറന്റൈനിലാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ക്കും ആന്റിബയോട്ടിക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

മംഗോളിയയില്‍ വ്യാപകമായി കണ്ടുവരുന്ന ജീവി വര്‍ഗമാണ് മാര്‍മോട്ട്. ഇവയില്‍ ബ്യൂബോണിക്് പ്ലേഗ് കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവയെ വേട്ടയാടരുതെന്ന് മംഗോളിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ സമാനമായി അണുബാധയേറ്റ രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ചൈനീസ് വൃത്തങ്ങള്‍ പറയുന്നു. ചൈനയിലെ ഇന്നര്‍ മംഗോളിയയുടെ വടക്കന്‍ പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുളള 15 പേര്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയതായും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിക്ക് പിന്നാലെ ലോകത്ത് ആശങ്ക ഉയര്‍ത്തി ബ്യൂബോണിക്് പ്ലേഗും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനയ്ക്കും മംഗോളിയയ്ക്കും പിന്നാലെ അമേരിക്കയിലും ബ്യൂബോണിക്് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. കൊളോറാഡോയില്‍ ഒരു അണ്ണാനാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്.

ജൂലൈ 11 ന് മോറിസണ്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് അണ്ണാന് ബ്യൂബോണിക്് വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഈ വര്‍ഷം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസാണിതെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കോവിഡിന് പിന്നാലെ ബ്യൂബോണിക് പ്ലേഗ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് പ്ലേഗ് വൈറസ് അമേരിക്കയിലും സ്ഥിരീകരിക്കുന്നത്. ബ്ലാക്ക് ഡെത്ത് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

പതിനാലാം നൂറ്റാണ്ടില്‍ ലോകത്തെ വിറപ്പിച്ച ബ്യൂബോണിക്് പ്ലേഗ് യൂറോപ്പില്‍ 20 കോടിയോളം ജനങ്ങളുടെ മരണത്തിന് ഇടയാക്കിയിരുന്നു. രോഗം ബാധിച്ചാല്‍ ഏഴുദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകും. വിറയലോടുകൂടിയ പനി, തലവേദന, ശരീരവേദന, ഛര്‍ദ്ദില്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

അണുബാധ ഉണ്ടായാല്‍ അതിവേഗം ന്യൂമോണിയയും വരും. ആരോഗ്യവാനായ ഒരാള്‍ക്ക് 24 മണിക്കൂറുകല്‍ക്കുള്ളില്‍ ജീവന്‍ നഷ്ടപ്പെടാന്‍ തക്കവിധം അപകടകാരിയായ രോഗമാണ് ബ്യൂബോണിക് പ്ലേഗ്. കോവിഡിന്റേതുപോലെ ഐസോലേറ്റ് ചെയ്തുകൊണ്ടാണ് രോഗബാധിതരെ ചികില്‍സിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത