രാജ്യാന്തരം

ജലദോഷത്തിന് ചികിത്സ തേടി എത്തി; മനുഷ്യരില്‍ അപൂര്‍വമായ പന്നിപ്പനി കാനഡയില്‍ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

മോണ്ട്‌റിയല്‍: മനുഷ്യരില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന എച്ച്1എന്‍2 വൈറസ് ബാധ കാനഡയില്‍ സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ക്ക് അപൂര്‍വയിനം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കാനഡ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രവിശ്യയായ ആല്‍ബര്‍ട്ടയിലാണ് അപൂര്‍വയിനം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 ന്റെ പരിശോധനയ്ക്കിടെയാണ് എച്ച്1എന്‍2 വൈറസ് ബാധ കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. 2005 മുതല്‍ ലോകത്താകമാനം ആകെ 27 വ്യക്തികളില്‍ മാത്രമാണ് എച്ച്1എന്‍2 വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരു രോഗിയില്‍ എച്ച്1 എന്‍2 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ആല്‍ബര്‍ട്ട ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദീന ഹിന്‍ഷോയും ചീഫ് വെറ്റേറിനേറിയന്‍ ഡോക്ടര്‍ കൈത്ത് ലീമാനും സംയുക്തമായി പുറത്തിറക്കിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒക്ടോബര്‍ മധ്യത്തോടെയാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളോ രോഗബാധയോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. 

സാധാരണയായി പന്നികളിലാണ് എച്ച്1എന്‍2 വൈറസ് ബാധ കണ്ടുവരുന്നത്. എന്നാല്‍ പന്നി മാംസം ഭക്ഷിക്കുന്നതില്‍ നിന്ന് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ആല്‍ബര്‍ട്ട ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ പറയുന്നു. മനുഷ്യനിലെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും വൈറസ് മറ്റാര്‍ക്കെങ്കിലും പകരാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും പഠനം ആരംഭിച്ചിട്ടുണ്ട്. 

എച്ച്1എന്‍2 വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെങ്കിലും അടുത്തിടപഴകുന്ന വ്യക്തികളില്‍ ചിലപ്പോള്‍ വൈറസ് ബാധിച്ചേക്കാമെന്ന് ഡോക്ടര്‍ ദീന ഹിന്‍ഷോ പറഞ്ഞു. മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രമാണ് ഈ വൈറസ്ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളതെന്നും രോഗബാധയുള്ള പന്നികളില്‍ നിന്നാണ് സാധാരണയായി രോഗം പകരുന്നതെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നതെന്നും കാനഡയിലെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാം ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത