രാജ്യാന്തരം

കാബൂളില്‍ താലിബാനും പാകിസ്ഥാനും എതിരെ കൂറ്റന്‍ പ്രകടനം; വെടിവെപ്പ്

സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: താലിബാനും പാകിസ്ഥാനും എതിരെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ജനങ്ങളുടെ കൂറ്റന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ തെരുവില്‍ സംഘടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. 

അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. 

താലിബാന്‍, പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് തെരുവില്‍ നിറഞ്ഞ ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അതേസമയം, അധികാരതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ താലിബാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെയാണ് പ്രധാനമന്ത്രിയായി താലിബാന്‍ പരിഗണിക്കുന്നത്.

യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവാണ് ഹസ്സന്‍. ഇരുപത് വര്‍ഷമായി താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന്‍ അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസ്സന്റെ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്.

പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്ന ഹസ്സന്‍, പാകിസ്ഥാനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പൊതു വേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഹസ്സന്‍, 2010ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി