രാജ്യാന്തരം

പുതിയ ധനമന്ത്രിയും രാജിവെച്ചു; സര്‍ക്കാരിനെ കൈവിട്ട് 40 എംപിമാര്‍ കൂടി; രജപക്‌സെയുടെ നില പരുങ്ങലില്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ജനകീയ പ്രക്ഷോഭം ശക്തമായ  ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് ഗോതബായ രജപക്‌സെ നിയമിച്ച പുതിയ ധനകാര്യ മന്ത്രി അലി സബ്രി രാജിവെച്ചു. ഭരണമുന്നണിയിലെ 40 എംപിമാര്‍ കൂടി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇവര്‍ സ്വതന്ത്ര നിലപാട് പ്രഖ്യാപിച്ചു. ഇതോടെ മഹീന്ദ രജപക്‌സെ സർക്കാർ ന്യൂനപക്ഷമായി. 

ഭരണമുന്നണിയായ പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ ഭൂരിപക്ഷം 105 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ശ്രീലങ്ക പൊതുജന പെരുമുന പാര്‍ട്ടി എംപിമാരാണ് സഖ്യം വിട്ടത്. പ്രതിഷേധം ശക്തമാകുന്നതിനിടെ, സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്ന ഏതു പാര്‍ട്ടിക്കും അധികാരം കൈമാറാന്‍ തയ്യാറാണെന്നും ഗോതബായ രജപക്‌സെ വ്യക്തമാക്കി. 

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമായി. കര്‍ഫ്യൂ ലംഘിച്ച് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി രാത്രിയും പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ റോഡുകളിലിറങ്ങി. രോഷാകുലരായ ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും വീടുകളും സ്ഥാപനങ്ങളും വളഞ്ഞു. രാജി വെച്ച മുന്‍ മന്ത്രി റോഷന്‍ രണസിംഗെയുടെ വീട് ജനക്കൂട്ടം അടിച്ചു തകര്‍ത്തു. 

മുന്‍ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ രാത്രി ഒരു മണിക്കും പ്രതിഷേധക്കാര്‍ സമരം നടത്തി. അര്‍ധരാത്രി പലയിടങ്ങളിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. ജനകീയ പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത