രാജ്യാന്തരം

ഓർമയില്ലേ മതിലിന് മുകളിൽ നിന്ന സൈനികന് കൈമാറിയ കുഞ്ഞിനെ; അഫ്​ഗാൻ പലായനത്തിനിടെ കാണാതായ കുട്ടിയെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയിൽ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജനങ്ങൾ കൂട്ടപ്പലായനം നടത്തിയ സമയത്ത് വിമാനത്താവളത്തിന്റെ മതിലിൽ നിന്ന അമേരിക്കൻ സൈനികൻറെ കൈയിലേക്ക് നൽകിയ കുഞ്ഞിനെയാണ് മാസങ്ങൾക്കൊടുവിൽ കണ്ടെത്തിയത്. 

സൊഹൈൽ അഹ്മദി എന്ന പിഞ്ചുകുഞ്ഞാണ് സൈനികന് കൈമാറിയത്. രാജ്യം വിടാനുള്ള ശ്രമത്തിന്  ഇടയിൽ വിമാനത്താവളത്തിലേക്ക് കയറാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിൻറെ പിതാവ് വിമാനത്താവളത്തിന്റെ മതിലിൽ നിന്ന അമേരിക്കൻ സൈനികൻറെ കൈയിലേക്ക് കുഞ്ഞിനെ നൽകിയത്. പിന്നീടുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു. മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. ശനിയാഴ്ച കാബൂളിലുള്ള ബന്ധുക്കൾക്ക് സൊഹൈൽ അഹ്മദിയെ കൈമാറി. 

താലിബാൻ ക്രൂരത ഭയന്ന് പലായനം ചെയ്തവരുടെ നേർ ചിത്രമായി കുഞ്ഞിനെ മതിലിന് പുറത്തൂടെ കൈമാറുന്ന ചിത്രം അന്താരാഷ്ട്ര തലത്തിൽ മാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാണാതാവുന്ന സമയത്ത് വെറും രണ്ട് മാസം മാത്രമായിരുന്നു കുഞ്ഞിൻറെ പ്രായം. താലിബാനെ ഭയന്ന് രാജ്യം വിടുന്നവർ വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയതിന് പിന്നാലെയാണ് മുള്ളുവേലിക്ക് പുറത്തുകൂടെ നവജാത ശിശുവിനെ മിർസ അലി സൈനികൻറെ കൈയിൽ ഏൽപ്പിച്ചത്. പെട്ടന്ന് തന്നെ വിമാനത്താവളത്തിൻറെ ഗേറ്റ് കടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞിനെ കൈമാറിയത്. 

അരമണിക്കൂറിൽ അധികമെടുത്താണ് മിർസ അലിക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാൻ സാധിച്ചത്. വിമാനത്താവളത്തിന് അകത്തെത്തി കുഞ്ഞിനെ തെരക്കിയെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിനെ സംബന്ധിച്ച് റോയിട്ടേഴ്സ് പ്രത്യേക സ്റ്റോറി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 29 വയസ് പ്രായമുള്ള ടാക്സി ഡ്രൈവർ ഹമീദ് സാഫിയുടെ കൈവശം കുഞ്ഞിനെ കണ്ടെത്തുന്നത്. വിമാനത്താവളത്തിൽ നിന്ന് കിട്ടിയ കുഞ്ഞിനെ സ്വന്തം മകനേപ്പോലെ വളർത്തുകയായിരുന്നു ഇയാൾ. 

ഏഴ് ആഴ്ചകൾ നീണ്ട ചർച്ചകൾക്കും താലിബാൻ പൊലീസിൻറെ ഇടപെടലിനും പിന്നാലെ കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറാൻ ഇയാൾ സമ്മതം മൂളുകയായിരുന്നു. യുഎസ് എംബസിയിൽ സെക്യൂരിറ്റി ജീവനക്കാരനായി സേവനം ചെയ്യുകയാണ് മിർസ അലി. കുഞ്ഞിനെ രക്ഷിതാക്കൾക്ക് ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് കാബൂളിലെ ബന്ധുക്കളുള്ളത്. നിലവിൽ അമേരിക്കയിലെ ടെക്‌സാസിലെ അഭയാർത്ഥി ക്യാംപിൽ അഫ്ഗാൻ അഭയാർത്ഥികളായി കഴിയുകയാണ് മിർസ അലിയും ഭാര്യ സുരയയും. 

ദിവസങ്ങളോളം അന്വേഷിച്ച് കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതിന് പിന്നാലെ മിർസ അലിയേയും കുടുംബത്തേയും ആദ്യം ഖത്തറിലേക്കും അവിടെ നിന്ന് ജർമനിയിലേക്കും ഒടുവിൽ യുഎസിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തുമെന്ന യുഎസ് സൈന്യത്തിൻറെ വാക്ക് പൂർത്തിയായ സന്തോഷത്തിലാണ് മാതാപിതാക്കൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി