രാജ്യാന്തരം

കേഴ്‌സണ്‍ നഗരം പിടിച്ചെടുത്ത് റഷ്യന്‍സേന; ഒഖ്തിര്‍ക്കയിലെ സൈനിക താവളം തകര്‍ത്തു; 70 യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു; 65 കിലോമീറ്റര്‍ നീളമുള്ള ടാങ്ക് വ്യൂഹം കീവിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കീവ് : യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കി. യുക്രൈനിലെ കേഴ്‌സണ്‍ നഗരം റഷ്യ പൂര്‍ണമായും നിയന്ത്രണവിധേയമായി. റോഡുകള്‍ പൂര്‍ണമായി ഉപരോധിച്ച് റഷ്യന്‍ സൈന്യം ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. നഗരത്തില്‍ റഷ്യന്‍ സേന മാര്‍ച്ച് പാസ്റ്റ് നടത്തി. തലസ്ഥാനമായ കീവിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. നഗരത്തില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായി. കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

കിഴക്കന്‍ യുക്രൈനിലെ സൈനിക ക്യാമ്പിന് നേര്‍ക്ക് റഷ്യന്‍ പീരങ്കിപ്പട ആക്രമണം നടത്തി. ഇതില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. ആക്രമണത്തിൻ നിരവധി പ്രദേശവാസികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബുസോവയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായി. ആളുകളെ ഒഴിപ്പിച്ചു. കീവിന് സമീപം പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി.

തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റഷ്യൻ സൈന്യം കീവ് ലക്ഷ്യമാക്കി നീങ്ങുന്നു/ സാറ്റലൈറ്റ് ചിത്രം

അതിനിടെ, യുക്രൈന് വേണ്ടി പോരാടാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ ഉത്തരവിറക്കി. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് യുക്രൈന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും യുക്രൈന്‍ നടപ്പാക്കിയത്. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടാൻ രാജ്യത്തെ ജനങ്ങളോട് യുക്രൈന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിനായി യുക്രൈൻ ജനങ്ങൾക്ക് ആയുധങ്ങൾ നൽകാനും സെലൻസ്കി ഭരണകൂടം തീരുമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി