രാജ്യാന്തരം

നിരായുധരായി റഷ്യൻ സൈന്യത്തെ തെരുവിൽ നേരിട്ട് യുക്രൈൻ ജനത; വെടിവെപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കീവ്: അധിനിവേശം തുടരുന്നതിനിടെ റഷ്യൻ പട്ടാളത്തെ നിരായുധരായി നേരിട്ട് യുക്രൈൻ ജനത. യുക്രൈനിലെ ഖേഴ്സനിൽ സൈന്യത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. നൂറു കണക്കിന് വരുന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈസ്‌റ്റേൺ യൂറോപ്യൻ മീഡിയ ഔട്ട്‌ലെറ്റാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ നൂറുകണക്കിന് വരുന്ന ജനങ്ങൾ യുക്രൈൻ പതാകയും ഉയർത്തി റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നത് കാണാം. തുടർന്ന് ചില ആയുധധാരികൾ ഇവരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർക്കുന്നതും വീഡിയോയിലുണ്ട്.

റഷ്യൻ പട്ടാളം പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലൊന്നാണ് ഖേഴ്സൻ. മാർച്ച് മൂന്നിന് ഖേഴ്സൻ റഷ്യ കീഴടക്കിയതായി യുക്രൈൻ അധികാരികളും സ്ഥിരീകരിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന യുക്രൈന്റെ നിർണായക നഗരങ്ങളിലൊന്നാണ് ഖേഴ്സൻ.

28 കുട്ടികൾ മരിച്ചു

അതിനിടെ കീവിന് അടുത്തുള്ള ഇർപിൻ നഗരത്തിലെ സൈനിക ആശുപത്രിയിൽ റഷ്യൻ സൈന്യം ബോംബ് ആക്രമണം നടത്തി. തെക്കുകിഴക്കൻ തുറമുഖനഗരമായ മരിയുപോൾ റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണ്. മേഖലയുടെ നിയന്ത്രണം റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 

റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇതുവരെ 28 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. 840 പേർക്ക് പരിക്കേറ്റതായും യുക്രൈൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായ ഒലെക്‌സി ഡാനിലോവ് പറഞ്ഞു. ആക്രമണം നടക്കുന്ന മേഖലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കണമെന്നും ഡാനിലോവ് അഭ്യർത്ഥിച്ചു. 

കീവിലെ ബുച്ച  നഗരത്തിൽ  കാറിൽ പോകുകയായിരുന്ന സാധാരണക്കാരുടെ കാറിന് നേർക്ക് റഷ്യൻ സൈന്യം വെടിയുതിർത്തു. 17 വയസ്സുള്ള പെൺകുട്ടി അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രൈൻ നഗരമായ സുമിയിലും ചെർണീവിലും റഷ്യ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം