രാജ്യാന്തരം

'രാജി വെക്കില്ല; നിശ്ചയദാർഢ്യത്തോടെ തിരികെ വരും; രാഷ്ട്രീയ അട്ടിമറിക്ക് പിന്നിൽ അമേരിക്ക'-  ഇമ്രാൻ ഖാൻ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: അവിശ്വാസ പ്രമേയത്തെ നേരിടാൻ സജ്ജനാണെന്നും രാജി വെക്കില്ലെന്നും വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യം കടന്നു പോകുന്നത് നിർണായക നിമിഷങ്ങളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ചിലയാളുകൾ തന്നോടു പറഞ്ഞു രാജി വെക്കാൻ. താൻ എന്തിന് രാജി വെക്കണം? 20 വർഷം ക്രിക്കറ്റ് കളിച്ചയാളാണ് താൻ. എല്ലാവർക്കും അറിയാം അവസാന പന്തു വരെ താൻ പോരാടുമെന്ന്. ജീവിതത്തിൽ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതൽ നിശ്ചയദാർഢ്യത്തോടെ തിരികെ വരും, ഇമ്രാൻ പറഞ്ഞു.

പാകിസ്ഥാൻ കടന്നു പോകുന്നത് നിർണായക നിമിഷങ്ങളിലൂടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നിൽ പാകിസ്ഥാനികൾ മുട്ടിലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 

യുഎസിനെതിരെ പരോക്ഷ ആരോപണമുന്നയിച്ച ഇമ്രാൻ ഖാൻ, പാക് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിനു പിന്നിൽ വിദേശ രാജ്യമാണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താൻ തുടർന്നാൽ പാകിസ്ഥാന് വൻ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. നവാസ് ഷെരീഫ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാൻ ആരോപിച്ചു. 

ഈശ്വരൻ എല്ലാം തന്നതിൽ താൻ ഭാഗ്യവാനാണ്, കാരണം പ്രശസ്തി, സമ്പത്ത് അങ്ങനെ എല്ലാം ദൈവം തന്നു. ഇന്ന് തനിക്കൊന്നും വേണ്ട അതിന് ദൈവത്തോട് നന്ദിയുള്ളവനാണ് താൻ. തന്നേക്കാൾ വെറും അഞ്ച് വയസ് മാത്രം മുതിർന്നതാണ് പാകിസ്ഥാൻ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച ആദ്യ തലമുറയിൽപ്പെട്ടയാളാണ് താനെന്നും ഇമ്രാൻ പറഞ്ഞു.

പാകിസ്ഥാന്റെ ഉയർച്ചകളും താഴ്ചകളും കണ്ടയാളാണ് താൻ എന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ മോഡലിനെ ആളുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്ന് രാജ്യം വിശ്വസിക്കാനാവാത്തവണ്ണം അപമാനിക്കപ്പെട്ടിരിക്കുന്നതായി തനിക്ക് കാണാം. ഇമ്രാൻ പറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലും തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ആരോടും തനിക്ക് വെറുപ്പില്ല. അവരുടെ നയങ്ങളെ താൻ അപലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച വൈകീട്ട് ചേർന്ന നാഷണൽ അസംബ്ലി പിരിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലി വ്യാഴാഴ്ച ചർച്ച ചെയ്തിരുന്നില്ല. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചർച്ച മാറ്റുകയായിരുന്നു. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം