രാജ്യാന്തരം

റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; രജപക്‌സെ രാജ്യം വിടുന്നതിന് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. ഇന്ന് വൈകുന്നേരം ആറരയ്ക്ക് വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. 

സമവായ നീക്കത്തിന്റെ ഭാഗമായാണ് സിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നത്. ബുധാനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഗോതബായ രജപക്‌സെ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ വിസ്സമതിച്ചു. പകരം പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 73കാരനായ റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയത്. വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നതില്‍ ഭരണകക്ഷിയായ ശ്രീലങ്കന്‍ പൊതുജന പെരുമനയും പ്രതിപക്ഷമായ എസ്‌ജെബിയും പിന്തുണച്ചു. 

225 അംഗ പാര്‍ലമെന്റില്‍ വിക്രമസിംഗെയാണ് യുഎന്‍പിയുടെ ഏക അംഗം.2020ലെ പൊതു തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) തകര്‍ന്നടിഞ്ഞിരുന്നു. വിക്രമസിംഗെ പ്രസിഡന്റ് ഗോതബായ രജപക്‌സെയുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിക്രമസിംഗെ നാലുതവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. 2018ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന സിംഗെയെ പുറത്താക്കിയിരുന്നു. പിന്നീട് മൂന്നുമാസങ്ങള്‍ക്ക് ശേഷം തിരിച്ചെടുത്തു. 

അതേസമയം, പ്രക്ഷോഭകാരികളെ ഭയന്ന് ഒഴിവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യം വിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി വിലക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാര്‍ട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്‌സെ രാജ്യം വിടുന്നത് സുപ്രീംകോടതി വിലക്കിയത്. 

മഹിന്ദ രജപക്‌സൈയുടെ വസതി പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യം ഇദ്ദേഹത്തെ നാവികസേനാ താവളത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് രക്ഷപ്പെടാതിരിക്കാന്‍ പ്രക്ഷോഭകാരികള്‍ താവളം വളഞ്ഞിരിക്കുകകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍