രാജ്യാന്തരം

'ഇനി എന്ത് ചര്‍ച്ച നടത്തിയിട്ടും കാര്യമില്ല'; ജോര്‍ദാന്റെ അപ്രതീക്ഷിത നീക്കം, ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി ജോര്‍ദാന്‍. ഗാസയിലെ ആശുപത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്, ജോര്‍ദാന്‍ ചര്‍ച്ച റദ്ദാക്കിയതായി വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദി വ്യക്തമാക്കിയത്. ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം, അമ്മാനില്‍ വെച്ച് ജോര്‍ദാനിലെ അബ്ദുല്ല രാജാവുമായും, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ. 

ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനിലേക്ക് പോകാനായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതി. എന്നാല്‍, ജോര്‍ദാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍, ബൈഡന്‍ ഇസ്രയേല്‍ മാത്രം സന്ദര്‍ശിക്കും. അതേസമയം, ഇസ്രയേല്‍ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് പുറപ്പെട്ടു. 

യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചര്‍ച്ച നടത്തിയിട്ടും കാര്യമില്ലെന്ന് അയ്മാന്‍ സഫാദി ചൂണ്ടിക്കാട്ടി. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഗാസയിലെ ആശുപത്രിയില്‍ ആക്രമണം നടത്തിയത് ഇസ്രയേല്‍ ആണെന്ന് അബ്ദുല്ല രാജാവ് ആരോപിച്ചു. മനുഷ്യരാശിക്ക് തന്നെ നാണക്കേടായ ആക്രമണമാണ് നടന്നതെന്നും ഇസ്രയേല്‍ എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണമെന്നും അബ്ദുല്ല രാജാവ് ആവശ്യപ്പെട്ടു. 

ചൊവ്വാഴ്ച രാത്രിയാണ് ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് പലസ്തീന്‍ ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍, ആക്രമണത്തിന് പിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം.

ആശുപത്രി പൂര്‍ണമായി തകര്‍ന്നു. ഹമാസ് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ഇതിന്റെ ഭാഗാമായാണ് ആശുപത്രിയേയും ലക്ഷ്യം വെച്ചത് എന്നുമാണ് ഹമാസ് പറയുന്നത്. രോഗികള്‍ക്ക് പുറമേ, ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അഭയം തേടിയവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. 'ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും രോഷാകുലനും ദുഃഖിതനുമാണ്. ഈ വാര്‍ത്ത കേട്ടയുടനെ, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടരാന്‍ ദേശീയ സുരക്ഷാ ടീമിന് നിര്‍ദ്ദേശം നല്‍കി.- ബൈഡന്‍ പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു