'എന്നെ സഹായിക്കാൻ ആരുമില്ലേ', ഓക്സിജനു വേണ്ടി യാചിച്ച് നടൻ; അവസാനം മരണത്തിന് കീഴടങ്ങി

ഡൽഹിയിൽ താഹിർപുരിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ കഴിയുമ്പോൾ ഓക്സിജനു വേണ്ടി യാചിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യ സന്ദേശം ഫെയ്സ്ബുക്കിലിട്ടത്
രാഹുൽ വോറ/ ഫേയ്സ്ബുക്ക്
രാഹുൽ വോറ/ ഫേയ്സ്ബുക്ക്

ന്യൂഡൽഹി; 'ഞാൻ നിസ്സഹായനാണ്, എന്നെ സഹായിക്കാൻ ആരുമില്ല', പ്രാണവായുവിനായുള്ള രാഹുൽ വോറയുടെ യാചന ആരും കേട്ടില്ല. അവസാനം 35ാം വയസിൽ രാഹുൽ മരണത്തിന് കീഴടങ്ങി. കോവിഡ് രൂക്ഷമായി ശ്വാസം കിട്ടാതിരിക്കുമ്പോൾ പിടിച്ചു നിൽക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എല്ലാ വഴികളും അടഞ്ഞതോടെയാണ് നടനും യുട്യൂബറുമായ രാഹുൽ വോറ അവസാനം മരണത്തിന് കീഴടങ്ങിയത്. 

4 ദിവസമായി ആശുപത്രിയിൽ കഴിയുന്നു. പക്ഷേ, രോഗത്തിനു തെല്ലും കുറവില്ല. എന്റെ ഓക്സിജൻ നില തുടർച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജൻ കിടക്കകളുള്ള നല്ല ആശുപത്രികൾ ഏതെങ്കിലുമുണ്ടോ? എന്നെ സഹായിക്കാൻ ആരുമില്ല. കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തീർത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റിടുന്നത്’- രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുൽ ന്യൂഡൽഹിയിലാണ് ചികിത്സ തേടിയത്. ഫെയ്സ്ബുക്കിൽ 19 ലക്ഷം ഫോളോവേഴ്സ് ഉള്ള വെബ്‌സീരീസ് നടനായ രാഹുൽ ഡൽഹിയിൽ താഹിർപുരിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ കഴിയുമ്പോൾ ഓക്സിജനു വേണ്ടി യാചിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യ സന്ദേശം ഫെയ്സ്ബുക്കിലിട്ടത്. ശനിയാഴ്ച പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തിരുന്നു. അവസാനം പ്രതീക്ഷകൾ നഷ്ടപ്പെട്ട രാഹുൽ ഇങ്ങനെ കുറിച്ചു-  ‘ഞാൻ പുനർജനിക്കും. എന്നിട്ടു കുറെ നല്ല കാര്യങ്ങൾ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോർന്നുപോയിരിക്കുന്നു’. 

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സുഹൃത്തുക്കൾ ഇടപെട്ട് അന്നു വൈകുന്നേരം ദ്വാരകയിലെ ആയുഷ്മാൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തക്കസമയത്ത് മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ രാഹുൽ വോറ രക്ഷപ്പെടുമായിരുന്നു എന്നും നാമെല്ലാം ഈ മരണത്തിൽ കുറ്റക്കാരാണെന്നും മരണവാർത്ത പുറത്തുവിട്ട സുഹൃത്തായ നടൻ അരവിന്ദ് ഗൗർ ചൂണ്ടിക്കാട്ടി. നാടകകൃത്തും സംവിധായകനുമായ രാഹുൽ വോറ നെറ്റ്ഫ്ലിക്സിലെ ‘അൺഫ്രീഡം’ എന്ന സീരീസിലൂടെയാണ് പ്രസിദ്ധനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com