മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിവര്‍ഷം നൂറോളം ഇന്ത്യന്‍ സൈനികര്‍ ആത്മഹത്യ ചെയ്യുന്നു

മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിവര്‍ഷം നൂറോളം ഇന്ത്യന്‍ സൈനികര്‍ ആത്മഹത്യ ചെയ്യുന്നു

ന്യൂഡല്‍ഹി: കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം നൂറോളം സൈനികര്‍ ആത്മഹത്യ ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം 125ഓളം ആത്മഹത്യാ ശ്രമങ്ങളും ഇന്ത്യന്‍ സൈനികര്‍ക്കിടയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര പ്രതിരോധകാര്യ സഹമന്ത്രി സുഭാഷ് ഭാംറെ ലോകസഭയില്‍ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. 101 സൈനികും 19 വ്യോമസേനാ അംഗങ്ങളും അഞ്ച് നാവികരുമാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. കൂടാതെ സഹസൈനികനേയോ മുതിര്‍ന്ന ഓഫീസറേയോ കൊലപ്പെടുത്തി മൂന്ന് കേസുകളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതായി ഭാംറെ അറിയിച്ചു.

ഈ വര്‍ഷം ഇതിനോടകം തന്നെ 13 സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. വ്യോമ സേനയില്‍ രണ്ട് സൈനികരും ജീവന്‍ അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

വിദൂരദിക്കുകളില്‍ നിയമനം ലഭിച്ച സൈനികര്‍ക്ക് വീട്ടുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്തതിലുള്ള മാനസിക പിരിമുറുക്കങ്ങളും ദാമ്പത്യപരമായ പ്രശ്‌നങ്ങളുമാണ് സൈനികരുടെ ആത്മഹത്യയ്ക്കുള്ള മുഖ്യ കാരണങ്ങള്‍. ജമ്മു-കാശ്മീര്‍, വടക്കു കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിയമിതരാകുന്ന സെനികര്‍ക്ക് ശാരീരികപരമായും മാനസികപരമായുമുള്ള ബുദ്ധിമുട്ടുകളും ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കുറഞ്ഞ ശമ്പളവും, സൗകര്യങ്ങളുടെ കുറവും സീനിയര്‍ ഓഫീസര്‍മാരുടെ നടപടികളും അവധി അനുവദിക്കാത്തതും മറ്റു കാരണങ്ങളാണ്. 

ഭേദപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മറ്റും നല്‍കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഭാംറെ ലോകസഭയില്‍ വ്യക്തമാക്കിയത്. സൈനികര്‍ക്കും കുടുംബത്തിനും കൗണ്‍സിലടക്കമുള്ള നടപടികള്‍ക്ക് വലിയ വിഭാഗം ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com