'അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല';രാഹുല്‍ ഗാന്ധിയെ വിദേശിയെന്ന് വിളിച്ച ബിഎസ്പി നേതാവ് പുറത്ത്

പാര്‍ട്ടിയുടെ അഭിപ്രായമല്ല, ജയ്പ്രകാശിന്റെ സ്വകാര്യമായ അഭിപ്രായമാണ് അതെന്ന് എന്ന് മായാവതി
'അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല';രാഹുല്‍ ഗാന്ധിയെ വിദേശിയെന്ന് വിളിച്ച ബിഎസ്പി നേതാവ് പുറത്ത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിദേശിയെന്ന് ആക്ഷേപിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിഎസ്പി അധ്യക്ഷ മായാവതി. പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍റായ ജയ് പ്രകാശിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ അഭിപ്രായമല്ല, ജയ്പ്രകാശിന്റെ സ്വകാര്യമായ അഭിപ്രായമാണ് അതെന്ന്
 മായാവതി വ്യക്തമാക്കി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കപ്പെടുമെന്ന്‌ വലിയ പ്രതീക്ഷയാണ് ഉള്ളത്. ആ സാധ്യതകളെ പൊളിക്കുന്നതായിരുന്നു ബിഎസ്പി നേതാക്കളുടേതായി വന്ന പ്രസ്താവന. 
രാഹുല്‍ ഗാന്ധിയെക്കാളും എന്തുകൊണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യത ബിഎസ്പി അധ്യക്ഷ മായാവതിക്കാണ് എന്നായിരുന്നു ജയ് പ്രകാശും വീര്‍സിങും പറഞ്ഞത്. രാഹുല്‍ ഗാന്ധി കാഴ്ചയില്‍ അമ്മ സോണിയയെ പോലെ വിദേശിയാണെന്നും രാജീവ് ഗാന്ധിയെ പോലെ അല്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ രാഹുലിന് കഴിയുകയില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. 

കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മായാവതിയാണ്. ഇതോടെ ദേശീയ തലത്തില്‍ കരുത്തുറ്റ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഉടമയായി മായാവതി മാറി.

തെരഞ്ഞെടുപ്പില്‍ മോദിയുടെയും അമിത് ഷായുടെയും ജൈത്രയാത്രയ്ക്ക് തടയിടുന്നതിന് കഴിവുളള ഒരേയൊരു നിര്‍ഭയയായ നേതാവാണ് മായാവതിയെന്ന് മറ്റൊരു കോ-ഓര്‍ഡിനേറ്ററായ വീര്‍ സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. ദലിത് നേതാവില്‍ നിന്നും എല്ലാ സമുദായങ്ങളും അംഗീകരിക്കുന്ന നേതാവായി മായാവതി മാറി കഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മായാവതി പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു ഇരുവരുടെ പരസ്യമായ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com