അമിത് ഷായ്ക്ക് വേണ്ടി ഹെലിപാഡ് നിർമ്മിക്കാൻ കൃഷിസ്ഥലം നശിപ്പിച്ചു ; ബിജെപിക്കെതിരെ പരാതിയുമായി കർഷകൻ

വിത്തുവിതയ്ക്കാന്‍ പാകമായിക്കിടന്ന 1.32 ഏക്കർ കൃഷിയിടമാണ് ബിജെപിക്കാർ നശിപ്പിച്ചതെന്ന് കർഷകൻ ജഗദീഷ് രുദ്രപ്പ
അമിത് ഷായ്ക്ക് വേണ്ടി ഹെലിപാഡ് നിർമ്മിക്കാൻ കൃഷിസ്ഥലം നശിപ്പിച്ചു ; ബിജെപിക്കെതിരെ പരാതിയുമായി കർഷകൻ

ബം​ഗലൂരു :  അമിത്ഷായുടെ സന്ദർശനത്തിന് വേണ്ടി ഹെലിപാഡ് നിർമ്മിക്കാൻ ബിജെപി പ്രവർത്തകർ കൃഷിസ്ഥലം നശിപ്പിച്ചതായി കർഷകന്റെ പരാതി. ബാഗല്‍കോട്ടിലെ ഇല്‍ക്കലിലെ ജഗദീഷ് രുദ്രപ്പ എന്ന കര്‍ഷകനാണ് പോലീസില്‍ പരാതി നല്‍കിയത്. തന്റെ കൃഷിയിടത്തില്‍ ബിജെപി നേതാവ് ദൊഡ്ഡണ്ണ ഗൗഡ പാട്ടീലും അനുയായികളും അതിക്രമിച്ചുകയറി ഹെലിപ്പാഡ് നിര്‍മിച്ചെന്നാണ് പരാതി.  

വിത്തുവിതയ്ക്കാന്‍ പാകമായിക്കിടന്ന 1.32 ഏക്കർ കൃഷിയിടമാണ് ബിജെപിക്കാർ നശിപ്പിച്ചതെന്ന് ജഗദീഷ് രുദ്രപ്പ പറഞ്ഞു.  അതിക്രമിച്ചുകയറി കൃഷിയിടം നശിപ്പിച്ചത് ചോദ്യംചെയ്ത തന്നോട് ബിജെപി പ്രവർത്തകർ മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. ദൊഡ്ഡണ്ണ ഗൗഡയെ കൂടാതെ മഞ്ജു ഷെട്ടാര്‍, മല്ലിഅയ്യ മൂഗനൂര, സുഗുരേഷ് നാഗലോട്ടി, ശ്യാമസുന്ദര്‍ കരവ എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. 

പരാതിപ്പെട്ടതോടെ, നഷ്ടപരിഹാരമായി 10,000 രൂപ നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായും കർഷകൻ പറഞ്ഞു. സംഭവത്തില്‍ ഇല്‍ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴി‍ഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ബാഗല്‍കോട്ടിലെത്തിയത്.
 
അതേസമയം കൃഷിയിടം നശിപ്പിച്ചതിനെപ്പറ്റി അമിത് ഷായ്ക്ക് അറിവില്ലെന്നും, പരാതി ശരിയാണെങ്കില്‍ കര്‍ഷകന് ആവശ്യമായത് ചെയ്തുകൊടുക്കുമെന്നും ബിജെപി വക്താവ് എസ്. പ്രകാശ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com