എമര്‍ജന്‍സി വിന്‍ഡോ വഴി ചാടാനുള്ള പരിശീലനത്തിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 04:28 AM  |  

Last Updated: 13th July 2018 04:28 AM  |   A+A-   |  

കോയമ്പത്തൂര്‍: എമര്‍ജന്‍സി വിന്‍ഡോ വഴി ചാടാന്‍ പരിശീലനം നല്‍കുന്നതിനിടെയുണ്ടായ അപകടത്തില്‍ കോളെജ് വിദ്യാര്‍ത്ഥിനി മരിച്ചു.കോയമ്പത്തൂര്‍ കലൈമഗള്‍ കോളെജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ ലോകേശ്വരി (19) ആണ് മരിച്ചത്.

 കോളെജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടാന്‍ പെണ്‍കുട്ടിയെ പരിശീലകന്‍ നിര്‍ബന്ധിച്ചതായും , കുട്ടി തയ്യാറാവാത്തതിനെ തുടര്‍ന്ന് തള്ളിയിടുന്നതുമായി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഭയം മൂലം ബലം പിടിച്ചു നിന്ന പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിയിട്ടതോടെ താഴത്തെ സണ്‍ഷെയ്ഡില്‍ തലയിടിച്ചാണ് അപകടം ഉണ്ടായത്.

 അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. കഴുത്തിനും  തലയ്ക്കുമേറ്റ പരിക്കാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.