ആര്‍എസ്എസിനെ നേരിടാന്‍ തന്ത്രപരമായ സഖ്യം അനിവാര്യം ; മോദിയുടെ വാക്കുകള്‍ നിരാശയുടേതെന്നും സോണിയ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 02:28 PM  |  

Last Updated: 22nd July 2018 02:28 PM  |   A+A-   |  

ന്യൂഡല്‍ഹി: ആര്‍എസ്എസിനെ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന് സോണിയ ഗാന്ധി. ആര്‍എസ്എസിന്റെ സാമ്പത്തിക-സംഘടന ശക്തികളെ മറികടക്കുന്നതിന് തന്ത്രപരമായ സഖ്യമാണ് ആവശ്യമായിരിക്കുന്നത്. വ്യക്തി താത്പര്യങ്ങള്‍ മാറ്റി വച്ചുകൊണ്ട് നേതാക്കള്‍ ഇതിന് തയ്യാറാവണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ നിരാശയില്‍ നിന്ന് ഉണ്ടായതാണ്. മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും സോണിയ ഗാന്ധി പറഞ്ഞു. അപകടകരമായ ഈ ഭരണത്തില്‍ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും മഹാസഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും പ്രവര്‍ത്തക സമിതിയോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതിയോഗമാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്നത്.