അഡ്മിന്‍ മുങ്ങി; വാട്ട്‌സാപ്പ് സന്ദേശത്തിന്റെ പേരില്‍ യുവാവ് ജയിലിലായത് അഞ്ച് മാസം

ജുനൈദ് അംഗമായ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ വിദ്വേഷജനകമായ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്മിന്‍ ഗ്രൂപ്പ് വിടുകയും ചെയ്തു
അഡ്മിന്‍ മുങ്ങി; വാട്ട്‌സാപ്പ് സന്ദേശത്തിന്റെ പേരില്‍ യുവാവ് ജയിലിലായത് അഞ്ച് മാസം

ഭോപ്പാല്‍:  വിദ്വേഷകരമായ സന്ദേശങ്ങള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് നിരപരാധിയായ യുവാവ് ജയിലില്‍ കഴിഞ്ഞത് അഞ്ച് മാസം. മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശിയായ ജുനൈദാണ് ഗ്രൂപ്പ് അഡ്മിന്‍ ഷെയര്‍ ചെയ്ത വാട്ട്‌സാപ്പ് സന്ദേശം കാരണം രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായത്.

ജുനൈദ് അംഗമായ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ വിദ്വേഷജനകമായ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്മിന്‍ ഗ്രൂപ്പ് വിടുകയും ചെയ്തു. ഇതോടെ ഗ്രൂപ്പിന്റെ അഡ്മിന്‍ സ്ഥാനത്തേക്ക് സോഫ്‌റ്റ്വെയര്‍ ജുനൈദിന്റെ പേരെടുത്തിട്ടു. രാജ്യദ്രോഹക്കുറ്റത്തിന് പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോഴാണ് ജുനൈദ് ഇക്കാര്യം അറിയുന്നത് തന്നെ. ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് ഐടി ആക്ടിലെ 124 എ വകുപ്പ് അനുസരിച്ചാണ് ഇയാള്‍ അറസ്റ്റിലായത്. അപ്പോള്‍ ലഭ്യമായിരുന്ന തെളിവ് അനുസരിച്ചാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. 

കേസ് വന്ന സമയത്ത് ജുനൈദ് അഡ്മിനായിരുന്നതിനാലാണ് അറസ്റ്റുണ്ടായതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ജുനൈദ് അഡ്മിനായിരുന്നില്ല, വെറും അംഗം മാത്രമായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജാമ്യമില്ലാക്കുറ്റമായതിനാല്‍ ജുനൈദിന് ഡിഗ്രി പരീക്ഷകളും എഴുതാന്‍ കഴിഞ്ഞില്ല.മുഖ്യമന്ത്രിയുടെ ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

 ഇര്‍ഫാനെന്നയാളായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും അഡ്മിനായിരുന്നതെന്നും പൊലീസ് പിന്നീട് കണ്ടെത്തി. വിദ്വേഷജനകമായ സന്ദേശം അയച്ച ശേഷം ഇര്‍ഫാന്‍ ഗ്രൂപ്പ് ഉപേക്ഷിച്ചുവെന്നും ഇങ്ങനെയാണ് ജുനൈദ് കുടുങ്ങിയതെന്നുമാണ് പൊലീസ് ഇപ്പോള്‍ വിശദീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com