ആ ജീവനെടുത്തതിന് പിന്നില്‍ ഐഎസ്‌ഐ ബന്ധമെന്ന് പൊലീസ്; ദുരഭിമാനക്കൊല നടത്താന്‍ വാഗ്ദാനം ചെയ്തത് ഒരു കോടി രൂപ, പ്രതികള്‍ പിടിയില്‍

താഴ്ന്നജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ അച്ഛന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും കൊലപാതകത്തില്‍ പങ്കുണ്ടാവാമെ
ആ ജീവനെടുത്തതിന് പിന്നില്‍ ഐഎസ്‌ഐ ബന്ധമെന്ന് പൊലീസ്; ദുരഭിമാനക്കൊല നടത്താന്‍ വാഗ്ദാനം ചെയ്തത് ഒരു കോടി രൂപ, പ്രതികള്‍ പിടിയില്‍

 നല്‍ഗോണ്ട: തെലങ്കാനയില്‍ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസില്‍ കൊലയാളി ഉള്‍പ്പടെ ഏഴുപേരെ പൊലീസ് പിടികൂടി. ഒരു കോടി രൂപയ്ക്ക് ആയിരുന്നു ഈ ക്വട്ടേഷന്‍ ഇവര്‍ ഏറ്റെടുത്തതെന്നും സംഘത്തിന് പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.


ഗര്‍ഭിണിയായ അമൃതവര്‍ഷിണിയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ട് പോയി മടങ്ങും വഴിയാണ് പ്രണോയ് കുമാറിനെ അക്രമി വെട്ടിക്കൊലപ്പെടുത്തിയത്. 
താഴ്ന്നജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ അച്ഛന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും കൊലപാതകത്തില്‍ പങ്കുണ്ടാവാമെന്ന സംശയവും അമൃത പൊലീസിനോട് നേരത്തേ വെളിപ്പെടുത്തിയിരുന്നു. 


തെലങ്കാനയിലെ പ്രമുഖ റിയല്‍എസ്റ്റേറ്റ്കാരനും വ്യവസായിയുമാണ് അമൃതയുടെ പിതാവ് മാരുതി റാവു. കൃത്യം നടത്താന്‍ ഒരു കോടി രൂപയാണ് ഇയാള്‍ സംഘത്തിന് വാഗ്ദാനം ചെയ്തിരുന്നതെന്നും 18 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.
ഹൈദരാബാദില്‍ പഠിക്കുന്ന സമയത്താണ് അമൃതയും പ്രണോയും പ്രണയത്തിലാവുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഇവര്‍ വിവാഹിതരുമായി.

 പ്രണോയിയുടെ കുടുംബം നടത്തിയ വിവാഹ സത്കാര ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ മകള്‍ പങ്കുവച്ചതാണ് മാരുതിറാവുവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com