പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി; ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന സ്വപ്നം നടക്കില്ല ; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2019 11:34 AM |
Last Updated: 15th February 2019 11:40 AM | A+A A- |

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന പാകിസ്ഥാന്റെ സ്വപ്നം നടക്കില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ക്കും, അതിനെ പിന്തുണയ്ക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണ വിശ്വാസമുണ്ട്. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM Modi on #PulwamaAttack : The forces behind this act of terrorism & those responsible for it, will be definitely be punished. pic.twitter.com/ucSXnB9BvO
— ANI (@ANI) February 15, 2019
രാജ്യസുരക്ഷയാണ് പ്രധാനം. ഇതില്‍ വിട്ടുവീഴ്ച ചെയ്യില്ല. ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടും. ഇത്തരം ആക്രമണങ്ങള്‍ കൊണ്ടൊന്നും ഇന്ത്യയെ തളര്‍ത്താനാകില്ല. ഇന്ത്യക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള സൗഹൃദരാഷ്ട്രപദവി പിന്‍വലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാസമിതിയാണ് ഈ തീരുമാനമെടുത്തത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു.
പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിക്കും. പുല്‍വാമ ഭീകരാക്രമണത്തിന്‍രെ പശ്ചാത്തലത്തില്‍ നാളെ സര്‍വകക്ഷിയോഗം വിളിക്കും. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.