വാക്‌സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് പറയാനാവില്ല ; അമിത ആത്മവിശ്വാസം വേണ്ട, സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി 

കോവിഡ് പരിശോധന കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു
വാക്‌സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് പറയാനാവില്ല ; അമിത ആത്മവിശ്വാസം വേണ്ട, സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഏപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്‌സിനായി ശാസ്ത്രജ്ഞര്‍ തീവ്രശ്രമം തുടരുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിന്‍  ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്‍നിര പോരാട്ടത്തിനിറങ്ങിയിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും മുന്‍പരിഗണന നല്‍കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡ് പരിശോധന കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലും, മരണ നിരക്ക് ഒരു ശതമാനത്തിലും താഴെ നിര്‍ത്താന്‍ ശ്രമിക്കണം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കോവിഡ് രോഗമുക്തിയിലും മരണ നിരക്കിലും ഏറെ ഭേദ്ദപ്പെട്ട അവസ്ഥയിലാണ്. ഇത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അമിത ആത്മവിശ്വാസം വേണ്ട. സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ സൂക്ഷിക്കാനുള്ള ശീതികരണ സംവിധാനങ്ങള്‍ ഒരുക്കാൻ കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും സജ്ജമാകണം. വാക്‌സിന്‍ വിതരണത്തിന് പദ്ധതി സമര്‍പ്പിക്കാനും പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. 

എല്ലാവര്‍ക്കും ഒറ്റഘട്ടമായി വാക്‌സിന്‍ വിതരണം സാധ്യമാകില്ലെന്ന് ഹകിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഘട്ടംഘട്ടമായി മാത്രമേ വാക്‌സിന്‍ വിതരണം സാധ്യമാകൂ. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, അടിയന്തര ആവശ്യം നേരിടുന്ന രോഗികള്‍ക്കും നല്‍കണം. രണ്ടാംഘട്ടത്തില്‍ അവശ്യസേവന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രായമേറിയവര്‍ക്കുമാകണം മുന്‍ഗണന. പിന്നീട് പൊതു ജനങ്ങള്‍ക്ക് നല്‍കുന്നതും പരിഗണിക്കാമെന്നാണ് ചര്‍ച്ച ചെയ്തതെന്ന് ഖട്ടര്‍ പറഞ്ഞു. കോവിഡ് നേരിടാന്‍ സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com