'സത്യം വളച്ചൊടിക്കരുത്; മാപ്പു പറയണം'; അമിത് ഷായുടെ കോലം കത്തിച്ചു, നാഗാലാന്‍ഡില്‍ പ്രതിഷേധം

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് പതിനാലു ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധം
നാഗാലാന്‍ഡില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന്/ട്വിറ്റര്‍
നാഗാലാന്‍ഡില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന്/ട്വിറ്റര്‍

മോണ്‍: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് പതിനാലു ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധം. മോണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍, അമിത് ഷായുടെ കോലം കത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രസ്താവനയാണ് നടത്തിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. സായുധ സേന പ്രത്യേക അധികാര നിയമം (AFSPA)പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

'ഞങ്ങള്‍ നീതിയാണ് ചോദിക്കുന്നത്. ഞങ്ങള്‍ക്ക് സിംപതി ആവശ്യമില്ല. സത്യത്തെ വളച്ചൊടിക്കുന്നത് ശരിയല്ല. അമിത് ഷായുടെ പാര്‍ലമെന്റിലെ പ്രസ്താവന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രസ്താവന ഉടന്‍ പിന്‍വലിച്ചു അദ്ദേഹം മാപ്പു പറയണം.' സമരസമിതി നേതാവ് ഹോനാങ് കോന്യാക് ആവശ്യപ്പെട്ടു.
 

നാഗാലന്‍ഡിലെ മോണ്‍ ജില്ലയില്‍ ഗ്രാമീണരെ സൈന്യം വെടിവെച്ചു കൊന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അന്വേഷണ സംഘം ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.

 നാഗാലന്‍ഡില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം നാഗാലന്‍ഡ് ഡിജിപി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണം സ്റ്റേറ്റ് ക്രൈം പൊലീസ് സ്റ്റേഷനാണ് കൈമാറിയത്. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മോണ്‍ ജില്ലയില്‍ വിഘടനവാദികളുടെ സാന്നിധ്യം സംബന്ധിച്ച് കരസേനയ്ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 21 കമാന്‍ഡോകളെയാണ് വിഘടനവാദികളെ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ചത്. ഈസമയത്ത് സംശയാസ്പദമായ നിലയില്‍ കണ്ട വാഹനത്തോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ കടന്നുകളയാനാണ് ശ്രമിച്ചത്. വാഹനത്തില്‍ വിഘടനവാദികള്‍ ആണെന്ന് കരുതിയാണ് വെടിയുതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

വാഹനത്തില്‍ ഉണ്ടായിരുന്ന എട്ടുപേരില്‍ ആറുപേരും മരിച്ചു. പിന്നീടാണ് മനസിലായത് തെറ്റായാണ് വെടിവെച്ചത് എന്ന്. പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ഇതറിഞ്ഞ് ഗ്രാമവാസികള്‍ ആര്‍മി യൂണിറ്റ് വളഞ്ഞ് രണ്ട് വാഹനങ്ങള്‍ കത്തിക്കുകയും സൈനികരെ ആക്രമിക്കുകയും ചെയ്തതായും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com