'ലിംഗസമത്വവുമായി ഇതിനെന്ത് ബന്ധം?'; സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നതിന് എതിരെ സിപിഎം

:സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ സിപിഎം
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി/ഫയല്‍ 
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി/ഫയല്‍ 

ന്യൂഡല്‍ഹി:സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ സിപിഎം. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാന്‍ കഴിയുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാര്‍ലമെന്റില്‍ നിയമത്തെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

18 വയസ്സ് തികഞ്ഞാല്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കുമെന്നിരിക്കെ ഇതില്‍ ലിംഗസമത്വവുമായി ബന്ധപ്പെട്ട എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര വൃത്തങ്ങള്‍ പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് പോഷകാഹാരക്കുറവ് പോലുള്ള പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.

എതിര്‍ത്ത് ബൃന്ദയും ആനി രാജയും

നേരത്തെ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും സിപിഐ നേതാവ് ആനി രാജയും സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിന് എതിരെ രംഗത്തുവന്നിരുന്നു. നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സിപിഐയുടെ വനിതാ സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ആനി രാജ പറഞ്ഞു. പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പോഷകാഹാരവും വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും ആനി രാജ പറഞ്ഞു. ലിംഗതുല്യതയ്ക്ക് വേണ്ടി പുരുഷന്റെ വിവാഹ പ്രായം കുറയ്ക്കാന്‍ സാധിക്കില്ലേയെന്നും ആനി രാജ ചോദിച്ചു. 

വിവാഹം പ്രായം ഉയര്‍ത്തിയത് പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ഇത് സഹായിക്കില്ല. 18 വയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണ് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. 25-ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിര്‍ന്ന സ്ത്രീയുടെ വിവാഹത്തെയാണ് സര്‍ക്കാര്‍ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത് എന്നും ബൃന്ദ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com