പ്രചരിക്കുന്നതിന്റെ മൂന്നിലൊന്നു വില മാത്രം; കാര്‍ വാങ്ങിയത് പതിവ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്ന് കേന്ദ്രസര്‍ക്കാര്‍

മെഴ്‌സിഡീസിന്റെ കസ്റ്റമൈസ്ഡ് കാറായ മയ്ബാ എസ് 650 ആണ് പ്രധാനമന്ത്രിക്കായി വാങ്ങിയത്
പ്രധാനമന്ത്രി, പുതിയ കാർ/ ഫയൽ
പ്രധാനമന്ത്രി, പുതിയ കാർ/ ഫയൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സഞ്ചരിക്കാനായി വാങ്ങിയ പുതിയ കാറിന് പുറത്ത് പ്രചരിക്കുന്ന അത്രയും വിലയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതീവ സുരക്ഷാ സൗകര്യങ്ങളുള്ള കാറിന്റെ വില 12 കോടി രൂപയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ മയ്ബാ കാറിന് പ്രചരിക്കുന്നതിന്റെ മൂന്നിലൊന്നു വിലയേ ഉള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

മെഴ്‌സിഡീസിന്റെ കസ്റ്റമൈസ്ഡ് കാറായ മയ്ബാ എസ് 650 ആണ് പ്രധാനമന്ത്രിക്കായി വാങ്ങിയത്. വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും അതിജീവിക്കാനുള്ള ക്രമീകരണങ്ങള്‍ കാറിലുണ്ട്. വെടിയേറ്റാലും ഓടിക്കാവുന്ന ടയറുകള്‍, വെടിയേല്‍ക്കാത്ത ഇന്ധന ടാങ്ക് തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിസുരക്ഷാ സജ്ജീകരണങ്ങളടങ്ങിയ മെഴ്‌സിഡസ് മെയ്ബാ എസ്. 650 കാര്‍ വാങ്ങിയത് പതിവുസുരക്ഷാക്രമീകരണങ്ങളുടെ ഭാഗം മാത്രമാണ്. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) നിബന്ധനകള്‍ പ്രകാരം വിവിഐപി വാഹനങ്ങള്‍ 6 വര്‍ഷത്തിലൊരിക്കല്‍ മാറ്റണം. പ്രധാനമന്ത്രി ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ 8 വര്‍ഷം പഴക്കമുള്ളതാണ്. ആ തരത്തിലുള്ള കാറിന്റെ ഉല്‍പാദനം കമ്പനി നിര്‍ത്തിയതുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയത്. 

എസ്പിജിയാണ്  തീരുമാനിക്കുന്നത്

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നത്. നരേന്ദ്രമോദി ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. സോണിയാഗാന്ധി നേരത്തെ ഉപയോഗിച്ച റേഞ്ച് റോവര്‍ യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിക്കായി വാങ്ങിയതായിരുന്നു. സുരക്ഷാഭീഷണിയുള്ള വിവിഐപിയുടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ പ്രചരിപ്പിക്കുന്നത് സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ സന്ദര്‍ശനവേളയില്‍ നരേന്ദ്രമോദി ഈ കാറിലാണ് എത്തിയത്. ലാന്‍ഡ് ക്രൂസര്‍, റേഞ്ച് റോവര്‍ എന്നീ കാറുകളും വാഹനവ്യൂഹത്തിലുണ്ട്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന്റെ അതേ മാതൃകയിലുള്ള മറ്റൊരു വാഹനവും വാഹനവ്യൂഹത്തിലുണ്ടാകാറുണ്ട്. മൊബൈല്‍, റിമോട്ട് ജാമര്‍ അടക്കമുള്ള സംവിധാനങ്ങളും കൂട്ടത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com