വരന് കണ്ണടവെയ്ക്കാതെ പത്രം വായിക്കാനായില്ല, കല്യാണത്തിന് തൊട്ടുമുന്‍പ് ട്വിസ്റ്റ്; വിവാഹം വേണ്ടെന്ന് വച്ച് വധു

ഉത്തര്‍പ്രദേശില്‍ കണ്ണടവെയ്ക്കാതെ പത്രം വായിക്കാന്‍ കഴിയാതെ വന്നതോടെ, കല്യാണത്തിന് തൊട്ടുമുന്‍പ് വരനെ വേണ്ടെന്ന് പറഞ്ഞ് യുവതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കണ്ണടവെയ്ക്കാതെ പത്രം വായിക്കാന്‍ കഴിയാതെ വന്നതോടെ, കല്യാണത്തിന് തൊട്ടുമുന്‍പ് വരനെ വേണ്ടെന്ന് പറഞ്ഞ് യുവതി. കാഴ്ചവൈകല്യമുള്ള കാര്യം മറച്ചുവെച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വധു കല്യാണം വേണ്ടെന്ന് വച്ചത്. യുവതിയുടെ തീരുമാനം അംഗീകരിച്ച് ബന്ധുക്കള്‍ കല്യാണം റദ്ദാക്കുകയായിരുന്നു.

ഔരയ്യ ജില്ലയിലാണ് സംഭവം. ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരനാണ് എന്ന് കണ്ട് ശിവവുമായുള്ള വിവാഹം അര്‍ജുന്‍ സിങ് ഉറപ്പിച്ചു. മകള്‍ അര്‍ച്ചനയുടെ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് നടത്തുന്ന 'ശങ്കുന്‍' എന്ന ചടങ്ങും നടത്തി. വരന് മോട്ടോര്‍സൈക്കിള്‍ സമ്മാനമായി നല്‍കുന്നതാണ് ചടങ്ങ്.

നല്ലരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതിനിടെ, കല്യാണ ദിവസമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വരന്റെ ഘോഷയാത്ര വീട്ടിലേക്ക് വരുന്ന സമയത്ത് വരന്‍ കണ്ണട വെച്ചിരിക്കുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇടയ്ക്കിടെ നോക്കുമ്പോഴും കണ്ണട സ്ഥിരമായി കണ്ണില്‍ തന്നെ വച്ചിരിക്കുന്നതില്‍ സംശയം തോന്നി. കാഴ്ചവൈകല്യം ഉണ്ട് എന്ന് സംശയം തോന്നിയ വധു ശിവമ്മിനോട് കണ്ണട മാറ്റി ഹിന്ദി പത്രം വായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വായിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വധു കല്യാണം വേണ്ടെന്ന് വച്ചത്. 

വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ വരനെതിരെയും കുടുംബത്തിനെതിരെയും പൊലീസ് കേസെടുത്തു. സത്യം മറച്ചുവെച്ചു എന്നാണ് പരാതിയില്‍ ഉന്നയിച്ചത്. കല്യാണത്തിന് സ്ത്രീധനമായും മറ്റും ചെലവായ തുക മുഴുവനായി മടക്കി നല്‍കണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. വരന്റെ വീട്ടുകാര്‍ നിരസിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com