'ബിജെപിയെ പാഠം പഠിപ്പിക്കും'; ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന, സഖ്യ സാധ്യതകള്‍ തേടുന്നു

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലഖ്‌നൗ/മുംബൈ: ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന. നൂറു സീറ്റില്‍ മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഗോവയില്‍ ഇരുപത് സീറ്റില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ലഖ്‌നൗവില്‍ ശിവസേന നേൃയോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലും ഗോവയിലും സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് താക്കൂര്‍ സിങ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയുമായി ചര്‍ച്ച ചെയ്യാനായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരുസംഘം നേതാക്കള്‍ മഹാരാഷ്ട്രയിലേക്ക് പോകുമെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, ഉത്തര്‍പ്രദേശില്‍ 403സീറ്റുകളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്.  

ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് യാദവിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും വ്യക്തമാക്കിയിട്ടുണ്ട്. 2022ലാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com