സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര സേനാനി; ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍; അവസാനം സമ്മതിച്ചെന്ന് ബിജെപി

സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതും ജയില്‍ വാസം അനുഭവിച്ചതും ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ഡൊട്ടാസര
ഗോവിന്ദ് സിങ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം/ ഫയല്‍ ചിത്രം
ഗോവിന്ദ് സിങ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം/ ഫയല്‍ ചിത്രം

ജയ്പൂര്‍: സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതും ജയില്‍ വാസം അനുഭവിച്ചതും ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ഡൊട്ടാസര. സവര്‍ക്കര്‍ക്ക് എതിരെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായാണ് രാജസ്ഥാന്‍ പിസിസി അധ്യക്ഷന്റെ പ്രതികരണം. 

'രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ ഒന്നും ചെയ്തില്ല എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. അദ്ദേഹം ഹിന്ദുരാഷ്ട്രത്തെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍, അന്ന് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാത്തതിനാലും ഭരണഘടന ഇല്ലാതിരുന്നതിനാലും അത് തെറ്റല്ല'- ഗോവിന്ദ് സിങ് പറഞ്ഞു. 

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സവര്‍ക്കര്‍ വിരുദ്ധ നിലപാട് സ്വീകരിക്കവെയാണ് കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന നേതാവില്‍ നിന്ന് സവര്‍ക്കര്‍ അനുകൂല പ്രതികരണം വന്നിരിക്കുന്നത്. മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി, സവര്‍ക്കര്‍ ബ്രിട്ടീഷ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. 

ഗോവിന്ദ് സിങ്ങിന്റെ പരാമര്‍ശം മുതലെടുത്ത് ബിജെപി രംഗത്തെത്തി. സവര്‍ക്കറിനെ കുറിച്ചുള്ള സത്യം അവസാനം കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടിവന്നു എന്നാണ് ബിജെപി പ്രതികരണം. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ, തന്റെ വാക്കുകള്‍ ബിജെപി വളച്ചൊടിക്കുകയായിരുന്നു എന്നാരോപിച്ച് ഗോവിന്ദ് സിങ് രംഗത്തെത്തി. 

സവര്‍ക്കറിനെ കുറിച്ചുള്ള കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ആശയപാതയില്‍ വിശ്വസിച്ചിരുന്നവര്‍ കാരണമാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 

'സവര്‍ക്കര്‍ ഹിന്ദുരാഷ്ട്ര സിദ്ധാന്തം ഉയര്‍ത്തുന്ന സമയത്ത് രാജ്യത്തിന് ഭരണഘടനയുണ്ടായിരുന്നില്ല. എന്നാല്‍ ഭരണഘടന നിലവില്‍ വന്നശേഷം,ബിജെപി സവര്‍ക്കറുടെ ആശയം തിരുകി കയറ്റി രാജ്യത്ത് സമാധനം നശിപ്പിക്കാനും സഹോദരങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാനും ശ്രമിക്കുകയാണ്. ആ ആശയത്തിന് ഞങ്ങള്‍ എതിരാണ്. സ്വാതന്ത്ര്യ സമര കാലത്ത് സവര്‍ക്കര്‍ ജയിലില്‍ പോയെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ നാലുതവണ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് പുറത്തുവന്ന വ്യക്തിയാണ് അദ്ദേഹം. ഇത് ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്'- ഗോവിന്ദ് സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com