ഡിന്നര്‍ കഴിച്ച് വീട്ടില്‍ മടങ്ങിയെത്തി, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 08:08 PM  |  

Last Updated: 16th February 2021 08:08 PM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് കൊലപാതകമെന്ന് വ്യക്തമാക്കുന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഗാസിയാബാദിലാണ് സംഭവം.വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുപോയി ഭക്ഷണം കഴിച്ച് വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പുറത്ത് ദേവ്ജീത്ത് അവശനിലയില്‍ കിടക്കുന്നത് കണ്ട അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ ആശുപത്രിയിലാക്കി. തുടര്‍ന്ന് ഭാര്യയെ അറിയിക്കാന്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുപോയി ഭക്ഷണം കഴിച്ച ശേഷം ബന്ധുവിന്റെ വീട്ടില്‍ പോയി. രാത്രി വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. അതിനിടെ മകനെ ബന്ധുക്കളുടെ വീട്ടിലാക്കി. തുടര്‍ന്നായിരുന്നു കൊലപാതകവും ആത്മഹത്യാശ്രമവുമെന്ന് പൊലീസ് പറയുന്നു.  ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാസം തോറുമുള്ള ഇഎംഐ കൃത്യമായി അടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീട് ബാങ്ക് ജപ്തി ചെയ്തിരുന്നു. മകളുടെ മരണത്തില്‍ മാതാപിതാക്കള്‍ ദേവ്ജീത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി.