പാര്‍ട്ടിയെക്കാള്‍ വിശ്വാസം ഉദ്യോഗസ്ഥരെ, തെരഞ്ഞെടുപ്പിന് തൊട്ടരികെ രാജി, വിജയ് രൂപാണിക്ക് പകരമാര്? ബിജെപി ലിസ്റ്റില്‍ കേന്ദ്രമന്ത്രിമാരും

രാജിവച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം ആരെന്ന കാര്യത്തില്‍ ബിജെപിയില്‍ ചര്‍ച്ച സജീവം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


അഹമ്മദാബാദ്: രാജിവച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം ആരെന്ന കാര്യത്തില്‍ ബിജെപിയില്‍ ചര്‍ച്ച സജീവം. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കാര്‍ഷിക മന്ത്രി ആര്‍ സി ഫാല്‍ദു, കേന്ദ്രമന്ത്രിമാരായ പുരുഷോത്തമന്‍ രൂപാല, മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് വിജയ് രൂപാണി രാജിവച്ചത്. രൂപാണിയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ഒരു സൂചനയുമില്ലാതെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചത്. രാജിക്ക് പിന്നാലെ, നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി പ്രവര്‍ത്തകര്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. 

മോദിക്ക് ശേഷം ബിജെപിക്ക് ഗുജറാത്തില്‍ ശക്തമായ ഒരു മുഖം ലഭിച്ചിട്ടില്ല. തന്റെ മിതത്വം പാലിക്കുന്ന സ്വഭാവം കാരണമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രൂപാണിക്ക് രാജിവയ്‌ക്കേണ്ടിവന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി നേതാക്കളെക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയാണ് അദ്ദേഹം വിശ്വസിച്ചിരുന്നതെന്നും ഇത് ബിജെപിയില്‍ അതൃത്പി വളര്‍ത്തിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

കോവിഡിന്റെ രണ്ടാംതരംഗം നേരിടുന്നതിലെ പരാജയവും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ഞെരുക്കവും പരിഹരിക്കാന്‍ സാധിക്കാത്തതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. 

എബിവിപിയിലൂടെ സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന രൂപാണി, ആനന്ദി ബെന്‍ പട്ടേല്‍ രാജിവച്ചതിന് പിന്നാലെ 2016ലാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാമതും അധികാരത്തിലെത്തി. എന്നാല്‍ മോദിയുടെ തട്ടകമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ വിറപ്പിച്ചു. ചെറിയ മാര്‍ജിനിലാണ് ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com