കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ മാസ്‌ക് വേണ്ട, സ്‌കൂളുകളും കോളജുകളും തുറക്കാന്‍ അനുമതി; ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ 

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളജുകളും ജിമ്മുകളും നീന്തല്‍കുളങ്ങളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കി.

നിലവില്‍ ഡല്‍ഹിയില്‍ ടിപിആര്‍ അഞ്ചുശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞദിവസം 2668 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസം കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നത് യുക്തിക്ക് നിരക്കുന്നതാണോ എന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചിരുന്നു. ഇത് പിന്‍വലിച്ചു കൂടെ എന്നും ഹൈക്കോടതി ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.

ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഫെബ്രുവരി ഏഴിന് തുറന്നുപ്രവര്‍ത്തിക്കും. നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെ ഫെബ്രുവരി 14 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. നൈറ്റ് കര്‍ഫ്യൂവിന്റെ സമയപരിധി കുറച്ചു. ഒരു മണിക്കൂറാണ് കുറച്ചത്. ഇതോടെ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചുമണിവരെയായിരിക്കും നൈറ്റ് കര്‍ഫ്യൂ.മുഴുവന്‍ ആളുകള്‍ക്കും ഓഫീസില്‍ വരുന്നതിനും തടസ്സമില്ലെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com