മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമോ?; സഹായം തേടി യുഎസ്, യുക്രൈന്‍ വിഷയത്തില്‍ എന്താണ് ഇന്ത്യയുടെ നിലപാട്?, അറിയേണ്ടതെല്ലാം

യുക്രൈന്‍ പ്രതിസന്ധിയില്‍ പരിഹാരം കണ്ടെത്താന്‍ അമേരിക്ക ഇന്ത്യയുമായി ആശയ വിനിമയം നടത്തി.
നരേന്ദ്ര മോദി,പുടിന്‍,ബൈഡന്‍
നരേന്ദ്ര മോദി,പുടിന്‍,ബൈഡന്‍

യുക്രൈന്‍ പ്രതിസന്ധിയില്‍ പരിഹാരം കണ്ടെത്താന്‍ അമേരിക്ക ഇന്ത്യയുമായി ആശയ വിനിമയം നടത്തി. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ടെലഫോണ്‍ സംഭാഷണം നടത്തി. പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ആശയം വിനിമയം നടന്നത്. 

'യുക്രൈന് എതിരായ റഷ്യയുടെ ആസൂത്രിതവും പ്രകോപനരഹിതവും ന്യായരഹിതവുമായ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്ലിങ്കന്‍ ജയ് ശങ്കറുമായി സംസാരിച്ചു' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 

റഷ്യയുടെ അധിനിവേശത്തെ ഇന്ത്യ അപലപിക്കണമെന്നും യുദ്ധം ഉടനടി പിന്‍വലിക്കണം എന്ന് ആവശ്യപ്പെടണമെന്നുമാണ് അമേരിക്കയുടെ നിലപാട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയ വിനിമയം നടത്തിയ കാര്യം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

അമേരിക്ക സഹായം തേടുന്നത് എന്തിന്? 

അമേരിക്കയുമായി സൗഹൃദത്തിലാണെങ്കിലും യുക്രൈന്‍ വിഷയത്തില്‍ യുഎസിന് അനുകൂല സമീപനമല്ല ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. റഷ്യയുമായി ഇന്ത്യയ്ക്ക് സൈനിക കരാറുകള്‍ ഉള്‍പ്പെടെ മികച്ച ബന്ധമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി മികച്ച സഹകരണത്തിലുമാണ്. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ നിര്‍ണായക ഘടകമാകുമെന്ന വിലയിരുത്തലില്‍ എത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണെന്നാണ് നയതന്ത്ര വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

റഷ്യയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാലത്തെ ബന്ധം മനസ്സിലാക്കിയാണ് യുക്രൈന്‍ സ്ഥാനപതി കഴിഞ്ഞ ദിവസം ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. 

പുടിനുമായി സംസാരിച്ച് മോദി

വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയ വിനിമയം നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. സൈനിക നടപടിയിലേക്ക് നീങ്ങിയ സാഹചര്യങ്ങളെ കുറിച്ച് പുടിന്‍ മോദിയോട് വിശദീകരിച്ചു എന്നാണ് സൂചന. 


ഇന്ത്യയുടെ നിലപാട് എന്താണ്? 

റഷ്യയുമായി സഹകരണത്തില്‍ തുടരുമ്പോള്‍ അമേരിക്കയുമായും മറ്റ് നാറ്റോ സഖ്യ രാഷ്ട്രങ്ങളുമായും ഇന്ത്യ നല്ല നയതന്ത്ര ബന്ധം സൂക്ഷിക്കുന്നുണ്ട്. ഒരു ചേരിയിലേക്ക് മാത്രം പക്ഷം ചേര്‍ന്നാല്‍ ഇത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന് ഇന്ത്യ വിലയിരുത്തുന്നു. യുദ്ധം പരിഹാരമല്ലെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് ഇന്ത്യ അന്താരാഷ്ട്രവേദികളില്‍ ആവര്‍ത്തിക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തിലും ഇന്ത്യ സമവായ സ്വരമാണ് ഉയര്‍ത്തിയത്. അടിയന്തരമായി സൈനിക വിന്യാസം ലഘൂകരിക്കലും തുടര്‍ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കലുമാണ് അനിവാര്യമെന്ന് ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി എസ് തിരുമൂര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥന അംഗീകരിക്കപ്പെടാത്തതില്‍ ഖേദമുണ്ട്. പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്നു. വിഷയം അതിജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍, മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും തകര്‍ക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച ഈ പ്രസ്താവന ആവര്‍ത്തിച്ചു.

ആരേയും വിമര്‍ശിക്കാന്‍ ഇന്ത്യ ഇതുവരെ മുതിര്‍ന്നിട്ടില്ല. അതേസമയം, ഇന്ത്യയുടെ നയതന്ത്ര നിലപാടുകളില്‍ മറ്റു രാഷ്ട്രങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.  

സോവിയറ്റ് കാലം തൊട്ടുള്ള കൂട്ട്

റഷ്യയുമായി സോവിയറ്റ് കാലം മുതല്‍ ഇന്ത്യയ്ക്ക് നല്ല ബന്ധമാണുള്ളത്. പതിരോധം ഉള്‍പ്പെടെയുള്ള നിര്‍ണായകമേഖലകളില്‍ കാലങ്ങളായുള്ള സഹകരണവും കരാറുകളുമാണ് റഷ്യയുമായുള്ളത്. പ്രതിരോധമേഖലയില്‍ മിലിറ്ററി ഹാര്‍ഡ്വേര്‍ രംഗത്ത് 60 മുതല്‍ 70 ശതമാനം വരെ റഷ്യയുടെ പങ്കാളിത്തമുണ്ട്. എകെ-203 തോക്കുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ ഒപ്പുവെച്ച കരാറാണ് ഇതില്‍ ഒടുവിലത്തേത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com