ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 

വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു,എഎന്‍ഐ
ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു,എഎന്‍ഐ

മുംബൈ:  വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ സത്യവാചകം ചൊല്ലിയത്.

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏകനാഥ് ഷിന്‍ഡേയുടെ പേര് പ്രഖ്യാപിച്ചത്. താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ,  ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമാണെന്നാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന വേളയില്‍ ഫഡ്‌നാവിസ് പറഞ്ഞത്. കോണ്‍ഗ്രസിനെതിരെയാണ് ബാലാസാഹേബ് താക്കറെ പൊരുതിയതെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന്റെ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്ത് വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. രണ്ടു മന്ത്രിമാരാണ് സാമ്പത്തിക തട്ടിപ്പുകേസില്‍പ്പെട്ടത്. എല്ലാ ദിവസവും വീരസവര്‍ക്കര്‍ അപമാനിക്കപ്പെട്ടു. ഓരോ ദിവസവും നാമെല്ലാം അപമാനിതരാകുകയായിരുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു. 

രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ദവ് രാജി വയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ് ഷിന്‍ഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു.

1980ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഉദ്ദവ് സര്‍ക്കാരിന്റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിന്‍ഡേ. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com