'അഴിമതിക്കാരോടു ദയ വേണ്ട, രാഷ്ട്രീയ അഭയം കിട്ടില്ലെന്ന് ഉറപ്പാക്കണം'; അന്വേഷണ ഏജന്‍സികളോട് മോദി -വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 03:38 PM  |  

Last Updated: 03rd November 2022 03:38 PM  |   A+A-   |  

modi

പ്രധാനമന്ത്രി നരേന്ദ്രമോദി വിജിലന്‍സ് ബോധവത്കരണ വാരത്തില്‍, എഎന്‍ഐ

 

ന്യൂഡല്‍ഹി: എത്ര ശക്തനാണെങ്കിലും അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അഴിമതിക്കാരന്‍ എത്ര ശക്തനായാലും അത് കണക്കാക്കേണ്ടതില്ല. അവരോട് ഒരുവിധത്തിലുമുള്ള ദയയും കാണിക്കുന്നില്ലെന്ന് അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്. അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും. സത്യസന്ധരെന്ന് സ്വയം അവകാശപ്പെടുന്ന ആളുകള്‍ ഇത്തരം അഴിമതിക്കാരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്നു. ഇത് സമൂഹത്തിന് നല്ലതല്ലെന്നും മോദി പറഞ്ഞു.

ചിലര്‍ ഇത്തരം അഴിമതിക്കാരായ ആളുകളെ പിന്തുണയ്ക്കുന്നു. അവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍  ഉപദേശിക്കുന്നു. സിവിസി പോലുള്ള ഏജന്‍സികള്‍ അഴിമതിയെ പ്രതിരോധിക്കണം. നാടിന്റെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കുറ്റബോധത്തോടെ ജീവിക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. സ്ഥാപിത താത്പര്യക്കാര്‍ ഏജന്‍സികളെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു എന്നുവരും. ഏജന്‍സികളില്‍ സത്യസന്ധമായി ജോലി ചെയ്യുന്നവരെ താറടിക്കാന്‍ ശ്രമിച്ചേക്കാം. ഇതെല്ലാം സംഭവിക്കാം. എന്നാല്‍ സത്യസന്ധമായി മുന്നോട്ടുപോയാല്‍ വിജയം ഉറപ്പാണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്ക് നേരെ ചെളി വാരിയെറിയലും ദുരാരോപണങ്ങള്‍ ഉന്നയിക്കലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സത്യസന്ധമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍  ജനം കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗുജറാത്തില്‍ രണ്ടുഘട്ട വോട്ടെടുപ്പ്; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ