തെലങ്കാനയില്‍ എംഎല്‍എമാരെ 'വാങ്ങാനെത്തിയവര്‍' പിടിയില്‍; ഓപ്പറേഷന്‍ താമര തകര്‍ത്തെന്ന് ടിആര്‍എസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2022 03:15 PM  |  

Last Updated: 27th October 2022 03:15 PM  |   A+A-   |  

opporation_lotus

ടിആര്‍എസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌

 

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപിക്ക് എതിരെ ഓപ്പറേഷന്‍ താമര ആരോപണം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ നാലു എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയിലായെന്ന് പൊലീസ്. ഡെക്കാന്‍ പ്രൈഡ് ഹോട്ടല്‍ ഗ്രൂപ്പ് ഉടമയും കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ അനുയായിയുമായ നന്ദകുമാര്‍, ഡല്‍ഹി ഫരീദാബാദ് സ്വദേശിയായ പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ, തിരുപ്പതി സ്വദേശി ദര്‍ശകന്‍ ഡി സിംഹയാജി എന്നിവരെയാണ് സൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് നഗരത്തിനു പുറത്തുള്ള മൊയ്‌നാബാദ് അസീസി നഗറിലെ ഫാം ഹൗസില്‍ നിന്ന് 15 കോടി രൂപ അടങ്ങിയ ബാഗുകള്‍ അടക്കമാണ് മൂന്നു പേരും പിടിയിലായത്.

അടുത്തിടെ, ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി നന്ദകുമാറാണ് എംഎല്‍എമാരായ രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ സമീപിച്ചത്. നന്ദകുമാര്‍ മുന്‍പും പല എംഎല്‍എമാരെയും സമീപിച്ചിരുന്നു. വിവരം അറിഞ്ഞ ടിആര്‍എസ്, നന്ദകുമാറിന്റെ പ്രലോഭങ്ങള്‍ക്ക് അനുകൂലമായി പ്രതികരിച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 25 കോടി രൂപയും സ്ഥാനമാനങ്ങളുമാണ് ഓഫര്‍ ചെയ്തത്. ഇതനുസരിച്ചു കച്ചവടം ഉറപ്പിക്കാനായി മൂന്നുപേരും ഫാം ഹൗസില്‍ എത്തിയപ്പോള്‍ എംഎല്‍എമാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

സൈദരാബാദ് കമ്മിഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര നേരിട്ടെത്തിയാണ് മൂന്നു പേരെയും പിടികൂടിയത്. നാല് എംഎല്‍എമാരെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ (കെസിആര്‍) ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡ് മണ്ഡലത്തിലെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവം. മുനുഗോഡില്‍ ബിജെപിയാണ് ടിആര്‍എസിന്റെ എതിരാളികള്‍. എന്നാല്‍, മുനുഗോഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും 'കുതിരക്കച്ചവട നാടകം' സംഘടിപ്പിച്ചതാണെന്ന് തെലങ്കാന ബിജെപി നേതാവ് ഡികെ അരുണയും നിസാമാബാദിലെ ബിജെപി എംപി ഡി അരവിന്ദും ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഉദാര സമീപനം വേണ്ട; ഹൈക്കോടതികളെ വിമര്‍ശിച്ച് സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ