'എപ്പോള്‍ ഡല്‍ഹിയില്‍ വന്നാലും എകെജി ഭവനിലെത്തും'; ലക്ഷ്യം ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാല സഖ്യം: നിതീഷ് കുമാര്‍

പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ അവകാശ വാദമുന്നയിക്കുന്നില്ലെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍
ചിത്രം: സീതാറാം യെച്ചൂരി, ട്വിറ്റര്‍
ചിത്രം: സീതാറാം യെച്ചൂരി, ട്വിറ്റര്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ അവകാശ വാദമുന്നയിക്കുന്നില്ലെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് നിതീഷ് കുമാറിന്റെ പ്രതികരണം. തന്റെ ലക്ഷ്യം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുമായി നിതീഷ് കൂടിക്കാഴ്ച നടത്തി. 'ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും പ്രാദേശിക കക്ഷികളും ചേര്‍ന്ന് മുന്നണി രൂപീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

തിങ്കഴാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെയും ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയെയും അദ്ദേഹം സന്ദര്‍ശിക്കും. 

'ചെറുപ്പകാലം മുതല്‍ സിപിഎമ്മുമായി നല്ല ബന്ധമാണ്. എപ്പോഴൊക്കെ ഡല്‍ഹിയില്‍ വന്നാലും സിപിഎം ഓഫീസില്‍ വരാറുണ്ട്, അത് നിങ്ങള്‍ കാണാറില്ലന്നേയുള്ളു'- സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഞങ്ങളെല്ലാവരും ഒരുമിച്ചാണ്. ഇടത് പാര്‍ട്ടികളെയും പ്രാദേശിക കക്ഷികളെയും കോണ്‍ഗ്രസിനെയും ഒരുമിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ. ഒരുമിച്ചു നിന്നാല്‍ വലിയ മുന്നേറ്റമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താന്‍ പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ല. ആദ്യത്തെ ലക്ഷ്യം പ്രതിപക്ഷത്തിന്റെ ഒത്തൊരുമയാണ്. സമയം വരുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ സഖ്യത്തില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഒഴിച്ചുകൂടാന്‍ പറ്റാത്ത ശക്തിയാണെന്നാണ് ജെഡിയു നിലപാട്. ആര്‍ജെഡി-ജെഡിയു സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും നന്ദി അറിയിക്കുന്നതായും നിതീഷ് കുമാര്‍ പറഞ്ഞു. 

നിതീഷ് കുമാറിന്റെ സന്ദര്‍ശനത്തില്‍ നന്ദി അറിയിക്കുന്നതായും വിദ്യാഭ്യാസം, ആരോഗ്യം അടക്കമുള്ള വിഷയങ്ങളിലും ഓപ്പറേഷന്‍ താമരയിലും ആശയവിനിമയം നടത്തിയെന്നും അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com