തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും
രേവന്ത് റെഡ്ഡി/ പിടിഐ
രേവന്ത് റെഡ്ഡി/ പിടിഐ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.04 നാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. 

ഉപമുഖ്യമന്ത്രി അടക്കം അഞ്ചുപേരെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവും ദലിത് മുഖവുമായ മല്ലു ഭട്ടി വിക്രമാര്‍കെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ട്. 

2014 ല്‍ രൂപീകൃതമായ തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് 56 കാരനായ രേവന്ത് റെഡ്ഡി. മല്‍കജ്ഗിരിയില്‍ നിന്നുള്ള എംപി കൂടിയാണ് രേവന്ത് റെഡ്ഡി. സംസ്ഥാനം രൂപീകരിച്ചശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ കെ ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി. 

ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയിലൂടെയാണ് രേവന്ത് റെഡ്ഡി പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുന്നത്. പിന്നീട് തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന രേവന്ത്, 2017 ലാണ് കോണ്‍ഗ്രസിലെത്തിയത്. 119 അംഗ തെലങ്കാന നിയമസഭയില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം നേടിയത്. ഭരണകക്ഷിയായിരുന്ന ബിആര്‍എസ് 39 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com