കൃഷ്ണയ്യര്‍ ജഡ്ജിയായില്ലേ? ; വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

വിക്ടോറിയയുടെ നിയമനത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബിജെപി ഭാരവാഹിയായിരുന്ന അഭിഭാഷക എല്‍സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിക്ടോറിയ ഗൗരിയുടെ നിയമന ശുപാര്‍ശയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. 

ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. നിയമന ശുപാര്‍ശ പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും, അതു മറ്റു പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജിയാകാന്‍ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ല. യോഗ്യത പരിശോധിക്കാന്‍ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. 

വിക്ടോറിയ ഗൗരി മുമ്പ് നടത്തിയ പ്രസ്താവനകള്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, രാഷ്ട്രീയ ചായ് വ് ഉള്ളവര്‍ മുമ്പ് ജഡ്ജിമാരായിട്ടില്ലേയെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് ചോദിച്ചു. വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ളവരുടെ പേര് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അവര്‍ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയിട്ടുള്ളതെന്നും, എന്നാല്‍ വിക്ടോറിയ ഗൗരി മത വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

വിക്ടോറിയയുടെ നിയമനത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ അടക്കം അഭിപ്രായങ്ങള്‍ തേടിയശേഷമാണ് വിക്ടോറിയയുടെ നിയമനം കൊളീജിയം ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ നല്‍കുന്നതിനു മുമ്പ് വിക്ടോറിയ ഗൗരിക്കെതിരെ ഒരു പരാതിയും കൊളീജിയത്തിന് മുമ്പാകെ ലഭിച്ചിട്ടില്ല.

ശുപാര്‍ശ നല്‍കിയശേഷം മാത്രമാണ് വിക്ടോറിയ ഗൗരിക്കെതിരെ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നത്. ഇതു പരിഗണിക്കുകയാണെങ്കില്‍, പിന്നീട് ഇതൊരു കീഴ്‌വഴക്കമായി മാറുമെന്നും കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, വിക്ടോറിയ ഗൗരിയെ അഡീഷണല്‍ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. ജഡ്ജി എന്ന നിലയില്‍ എന്തെങ്കിലും പോരായ്മകള്‍ വിക്ടോറിയ ഗൗരിയുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നത് കൊളീജിയത്തിന് തടയാനാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

ബിജെപി ഭാരവാഹിയായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം  ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരാണ് രംഗത്തുവന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വിക്ടോറിയ ഗൗരി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും, അത്തരമൊരാള്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത് സ്വതന്ത്രമായ നീതി നിര്‍വഹണത്തിന് പ്രതികൂലമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ, മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com